ഈഴവനായ കെ സുധാകരനെ ഒതുക്കി; സതീശൻ ഈഴവ വിരോധി… വീണ്ടും വെള്ളാപ്പള്ളി നടേശൻ

രാഷ്ട്രീയ നേതാക്കളുടെ ജാതി പറഞ്ഞുകൊണ്ട് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആരോപണങ്ങൾ ഉന്നയിക്കുന്നത് ആദ്യമായല്ല. ഇപ്രാവശ്യം പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയാണ് വെള്ളാപ്പള്ളി നടേശൻ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. സതീശൻ ഈഴവ വിരോധിയാണെന്നും ഈഴവനായ കെ. സുധാകരനെ വി.ഡി സതീശൻ ഒതുക്കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സതീശൻ മുഖ്യമന്ത്രിയാകാൻ നടക്കുകയാണെന്നും സ്‌ഥാനം ഉറപ്പിക്കാനാണ് സതീശന്റെ നീക്കങ്ങളെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. സതീശൻ തന്നെ ഗുരുധർമം പഠിപ്പിക്കേണ്ടെന്ന് പറഞ്ഞ വെള്ളാപ്പള്ളി സതീശന് തന്നെ കണ്ണെടുത്താൽ കണ്ടുകൂടെന്നും വ്യക്‌തമാക്കി. മൂവാറ്റുപുഴയിൽ എസ്എൻഡിപി നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
Also Read : സഖാവേ, നിങ്ങള്‍ക്ക് വെള്ളാപ്പള്ളിയെ പേടിയാണോ? സിപിഎം എഫ്ബി പേജില്‍ ഉറഞ്ഞുതുള്ളി അണികള്‍]
തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ വി.ഡി. സതീശൻ വെള്ളാപ്പള്ളിയുടെ ആക്ഷേപങ്ങളോട് പ്രതികരിച്ചു. എൻ്റെ മണ്ഡലത്തിൽ 52 ശതമാനം വോട്ടർമാരും ഈഴവ വിഭാഗക്കാരാണെന്നും എന്നെക്കുറിച്ച് അറിയാൻ മണ്ഡലത്തിൽ തിരക്കിയാൽ മതിയെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.
ഒരു ഈഴവ വിരോധവും ഞാൻ കാണിച്ചില്ല. ഞാനും ഒരു ശ്രീനാരായണീയനാണ്. ഗുരുദേവ ദർശനങ്ങൾ പിന്തുടരുന്നയാളാണ് ഞാൻ. ഗുരുദേവൻ എന്താണ് അരുതെന്ന് പറഞ്ഞിരുന്നത് അതാണ് വെള്ളാപ്പള്ളി ചെയ്യുന്നതെന്നും സതീശൻ വ്യക്തമാക്കി. ആരു വർഗീയത പറഞ്ഞാലും അംഗീകരിക്കില്ലെന്നും അതിനെതിരെ പ്രതികരിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here