‘ആ’ യുവ വനിതകളെ തേടി സോഷ്യൽ മീഡിയ; കടന്നലുകളുടെ സൈബർ ആക്രമണം അസഹനീയം

സോഷ്യൽ മീഡിയയിലെ സൈബർ ബുള്ളിയിങ് ഇക്കാലത്ത് സമൂഹത്തിന് പരിചിതമല്ലാത്ത ഒന്നല്ല. ഒരു വിഷയം വന്നാൽ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കക്ഷിരാഷ്ട്രിയ, വ്യക്തി ഭേദമെന്യേ സൈബർ ഹാൻഡിലുകൾ പടച്ചുവിടുന്ന പോസ്റ്റുകളും, കുറിപ്പുകളും അസഹനീയമാണ്. സോഷ്യൽ മീഡിയ ഉള്ളടത്തോളം കാലം ഇത് തുടരും എന്നാണ് മൈക്രോ പോപ്പുലേഷൻ ഉയർത്തുന്ന വാദം.
കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയ സൈബർ കടന്നലുകൾ രണ്ട് യുവ വനിതകൾക്ക് പുറകെയാണ്. ഒന്നാമത്തേത് മുൻ എംഎൽഎ ആയ സുരേഷ് കുറുപ്പിന്റെ മാതൃഭൂമി ദിനപത്രത്തിൽ വന്ന വിഎസിനോടുള്ള പൊളിറ്റിക്കൽ പണിഷ്മെന്റ് പരാമർശത്തിനെതിരെയാണ്. 2015ലെ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ വിഎസിന്റെ കൊച്ചുമക്കളുടെ പ്രായമുള്ള ഒരു യുവ വനിതാ നേതാവ് വിഎസിനെ ക്യാപിറ്റൽ പണിഷ്മെന്റ് വിധിക്കണം എന്ന് പറഞ്ഞതായി സുരേഷ് കുറുപ്പിന്റെ വാക്കുകളെ തപ്പി ഇറങ്ങിയിരിക്കുകയാണ് സോഷ്യൽ മീഡിയ. യുവനേതാവായ ചിന്താ ജെറോമിനെതിരെ ആദ്യ ഘട്ടത്തിൽ ചർച്ചകൾ ഉയർന്നിരുന്നു. എന്നാൽ അത്തരം ഒരു പരാമർശം സമ്മേളനത്തിൽ നടന്നിട്ടില്ലെന്നും ക്യാപ്പിറ്റൽ പണിഷ്മെന്റ് എന്ന പദം മാധ്യമസൃഷ്ടി ആണെന്നും പറഞ്ഞുകൊണ്ട് ചിന്ത രംഗത്ത് എത്തി.
എന്നാൽ ചിന്തയുടെ സ്റ്റേറ്റ്മെന്റിനെ തള്ളിക്കൊണ്ട് അക്കാലത്ത് എസ്എഫ്ഐയിലും ഡിവൈഎഫ്ഐ യിലും പ്രവർത്തിച്ചിരുന്ന വനിതാ നേതാക്കളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അരിച്ചു പറക്കുകയാണ് മുഖമില്ലാത്ത ഹാൻഡിലുകൾ. അക്കാലത്ത് പ്രവർത്തിച്ചിരുന്നതും പിന്നെ സംഘടനാ പ്രവർത്തനം നിർത്തി പോയി കുടുംബമായി ജീവിക്കുന്നവരെയും ഇപ്പോൾ സർക്കാർ സർവീസിൽ ഉള്ളവരെയും തിരഞ്ഞു ഇറക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയയിലെ ചില പേജുകൾ. കടുത്ത അസഭ്യ വർഷവും കേട്ടാൽ അറയ്ക്കുന്ന കമന്റുകൾ കൊണ്ട് മൂടുകയാണ് പലരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ.
രണ്ടാമതായി കേരളത്തിലെ ഒരു യുവ രാഷ്ട്രീയ നേതാവ് മുഖ്യധാരാ മാധ്യമത്തിലെ ഒരു പെൺകുട്ടിയെ പീഡിപ്പിക്കുകയും നിർബന്ധിച്ചു ഗർഭചിദ്രം നടത്തിയെന്നുമുള്ള വാട്ട്സ് ആപ്പ്, ഫെയ്സ് ബുക്ക് വാർത്തയാണ്. താൽക്കാലികമായി ഉണ്ടാക്കിയ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും പേരും മുഖവും ഇല്ലാത്ത മറക്കുള്ളിൽ ഇരുന്ന് ചരട് വലിക്കുന്ന പേജുകളിൽ നിന്ന് പ്രത്യക്ഷപ്പെടുന്നത്. ഒരു മുഖ്യധാരാ മാധ്യമത്തിലെ എഡിറ്റോറിയൽ പദവിയിലിരിക്കുന്ന വനിത കേരളത്തിലെ ഒരു മുതിർന്ന നേതാവുമായി ചേർന്ന് യുവ നേതാവിന്റെ ഈ പ്രശ്നം ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്ന് തെളിവുകളോ, കേസോ ഇല്ലാതെ പടച്ചുവിടുകയാണ്.
അതിലും സോഷ്യൽ മീഡിയ ഹാൻഡിലുകൾക്ക് അറിയേണ്ടത് നേതാവിനെയോ രാഷ്ട്രീയ പാർട്ടിയെയോ പറ്റി അല്ല. പീഡനത്തിന് ഇരയായെന്ന് അവർ തന്നെ പടച്ചുവിട്ട പോസ്റ്റുകളിലെ പെൺകുട്ടിയെ പറ്റിയാണ്. പല യുവ വനിതാ മാധ്യമപ്രവർത്തകരെയും ചേർത്തുകൊണ്ടുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയ വാളുകളിൽ നിറയുകയാണ്. കേരളത്തിലെ പല മുതിർന്ന വനിതാ മാധ്യമപ്രവർത്തകരുടെ പേരും വീഡിയോയും ഉപയോഗിചുള്ള സൈബർ ബുള്ളിയിങ്ങും സോഷ്യൽ മീഡിയയിൽ കൊഴുക്കുകയാണ്. ഇതിനെതിരെ പലരും രൂക്ഷമായി ഭാഷയിൽ പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. കേസോ, ഇരയുടെ തുറന്നുപറച്ചിലോ ഇല്ലാതെ അഭ്യൂഹങ്ങളിൽ വേട്ടയാടപ്പെടുന്ന വനിതാ മാധ്യമപ്രവർത്തകരും, പേര് പരാമർശിക്കുന്ന മുഖ്യധാര മാധ്യമവും നിയമപരമായ നടപടികളിലേക്ക് കടക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here