സോഡോമിയും ലെസ്ബിയനിസവും വീണ്ടും ലൈംഗിക കുറ്റകൃത്യം; മെഡിക്കൽ സിലബസ് വിവാദത്തില്‍
ലൈംഗിക ന്യൂനപക്ഷ (LGBTQIA+) വിരുദ്ധമായതിനാല്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരം നീക്കം ചെയ്ത പാഠഭാഗങ്ങൾ വീണ്ടും മെഡിക്കൽ സിലബസില്‍ ഉൾപ്പെടുത്തി. സ്വവർഗാനുരാഗികളെ അപകീർത്തിപ്പെടുത്തുന്ന സ്ത്രി -പുരുഷ സ്വവർഗാനുരാഗ ലൈംഗികത (Sodomy and lesbianism) കുറ്റകൃത്യമാണ് എന്ന് പറയുന്ന പാഠഭാഗങ്ങളാണ് നാഷണൽ മെഡിക്കൽ കമ്മിഷൻ (എൻഎംസി) തിരികെ കൊണ്ടുവന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ഫോറൻസിക്, ടോക്സിക്കോളജി എന്നിവയ്ക്കുള്ള പുതുക്കിയ പാഠ്യപദ്ധതിയിൽ സോഡോമിയും ലെസ്ബിയനിസവും പ്രകൃതിവിരുദ്ധ ലൈംഗിക കുറ്റകൃത്യങ്ങളായി വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് എൻഎംസി. 2022 ഓഗസ്റ്റിൽ നീക്കം ചെയ്ത പാഠഭാഗങ്ങളാണ് ഇപ്പോൾ തിരികെ കൊണ്ടുവന്നത്. മെഡിക്കല്‍ പുസ്തകങ്ങളിലെ അശാസ്ത്രീയവും ലൈംഗിക ന്യൂനപക്ഷ വിരുദ്ധവുമായ ഉള്ളടക്കങ്ങള്‍ എടുത്തുമാറ്റാന്‍ 2021 ജൂണ്‍ മാസത്തിൽ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് ആനന്ദ് വെങ്കിടേഷാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
സ്വവര്‍ഗാനുരാഗികളായ രണ്ടു സ്ത്രീകള്‍ പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ അതിക്രമത്തിനെതിരായി നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി. ലൈംഗിക ന്യൂനപക്ഷങ്ങളെപ്പറ്റി കൃത്യമായ ധാരണ ഇല്ലാതിരുന്ന ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് വിദഗ്ധരുടെ സഹായത്തോടെ ബോധവത്കരണം നേടിയതിനു ശേഷമാണ് കേസില്‍ വിധി പറഞ്ഞത്. അറിവില്ലായ്മ വിവേചനത്തിനുള്ള ന്യായീകരണം അല്ല എന്നുള്ള അദ്ദേഹത്തിന്‍റെ വിധിയിലെ വരികള്‍ അന്ന് വലിയ ചർച്ചയായിരുന്നു.
സ്കൂള്‍ കോളേജ് വിദ്യാഭ്യാസ പദ്ധതികള്‍ പരിഷ്കരിക്കാനും, കണ്‍വെര്‍ഷന്‍ തെറാപ്പി എന്ന പേരില്‍ ആരോഗ്യ മേഖല സ്വവര്‍ഗാനുരാഗികളായ മനുഷ്യര്‍ക്കുമേല്‍ അടിച്ചേല്പിക്കുന്ന ക്രൂര പീഡനങ്ങള്‍ നിരോധിക്കാനും അദ്ദേഹം ഉത്തരവിട്ടിരുന്നു. മെഡിക്കല്‍ പുസ്തകങ്ങളിലെ അശാസ്ത്രീയവും ലൈംഗിക ന്യൂനപക്ഷ വിരുദ്ധവുമായ ഉള്ളടക്കങ്ങള്‍ ഒഴിവാക്കാന്‍ മദ്രാസ് ഹൈക്കോടതി എൻഎംസിയോട് നിര്‍ദേശിച്ചു.
ഇതിനുശേഷം കേരള ഹൈക്കോടതിയും സമാന വിധി പുറപ്പെടുവിച്ചിരുന്നു. ‘ക്വിയര്‍ റിഥം’ എന്ന ലൈംഗിക ന്യൂനപക്ഷങ്ങളുടെ സംഘടനയും ദിശ എന്ന സംഘടനയും ചേര്‍ന്ന് നല്‍കിയ ഹർജിയിലായിരുന്നു ഉത്തരവ്. മെഡിക്കൽ പാഠപുസ്തകങ്ങളിലെ ലൈംഗിക ന്യൂനപക്ഷ വിരുദ്ധത അടിയന്തിരമായി തിരുത്തപ്പെടേണ്ടതാണെന്നും അതിന് വേണ്ടുന്ന നടപടികൾ സ്വീകരിക്കാനും എന്‍എംസിയോട് നിര്‍ദ്ദേശിച്ചിരുന്നു. ഈ ഉത്തരവുകളാണ് രാജ്യത്തെ പരമോന്നത മെഡിക്കൽ വിദ്യാഭ്യാസ റെഗുലേറ്ററായ എൻഎംസി ഇപ്പോള്‍ ലംഘിച്ചിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here