SV Motors SV Motors

സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഇടപെട്ടത് സിപിഎം സമ്മര്‍ദ്ദത്തെ തുടര്‍ന്ന്; ലക്ഷ്യം 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പെന്നും മൊഴിയില്‍ നന്ദകുമാര്‍; അതിജീവിത കൈപ്പറ്റിയത് 50ലക്ഷം

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ കുടുക്കാനുള്ള സോളാര്‍ കേസില്‍ ഇടപാടിൽ ഇടപെട്ടത് സിപിഎം നേതാക്കളുടെ സമ്മർദം കാരണമെന്ന് ദല്ലാൾ നന്ദകുമാറിന്റെ വിശദീകരണം. 2016ലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരുന്നു ഇതെന്നും നന്ദകുമാർ മൊഴി നൽകിയിട്ടുണ്ട്. സോളാർ അതിജീവിത ജയിലിൽ നിന്ന് എഴുതിയ കത്ത് അവർക്ക് പണം കൊടുത്ത് വാങ്ങുകയും പിന്നീട് സ്വകാര്യ ചാനലിന് കൈമാറുകയും ചെയ്ത ഇടപാടിലാണ് നന്ദകുമാർ ഇടപെട്ടത്.

ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിയ കത്ത് 2016 ആദ്യമാണ് നന്ദകുമാർ കൈക്കലാക്കിയത്. അതിജീവിത നിർദേശിച്ചത് പ്രകാരം ശരണ്യ മനോജ് ആണ് ഇത് കൈമാറിയത്. 50 ലക്ഷം ഇതിനായി അതിജീവിത മുൻപേ കൈപ്പറ്റിയിരുന്നു എന്ന മനോജിന്‍റെ മൊഴിയാണ് സിബിഐ രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നാലെ 2016 ഏപ്രിലിൽ ആണ് ഈ കത്ത് ടിവി ചാനലിന് നന്ദകുമാർ കൈമാറുന്നത്. ഇതിന് 50 ലക്ഷം രൂപ ചാനൽ നൽകിയെന്ന് അതിജീവിത ഒപ്പം ഉണ്ടായിരുന്ന വിനു കുമാരിനോട് പറഞ്ഞ മൊഴിയും സിബിഐ റിപ്പോർട്ടിൽ ഉണ്ട്. ഇക്കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടാണ് ഇടപാടിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം സിബിഐ റിപ്പോർട്ടിൽ പറയുന്നത്.

സിപിഎം നേതൃത്വത്തിന്‍റെ സമർദ്ദം ഇക്കാര്യത്തിൽ ഉണ്ടായി. 2016 മെയ് മാസത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് ഗുണം ചെയ്യും എന്നായിരുന്നു കണക്കുകൂട്ടൽ. പിണറായി സർക്കാര്‍ അധികാരമേറ്റ് മൂന്നാം നാൾ അതിജീവിതയെ മുഖ്യമന്ത്രിയുടെ മുന്നിൽ എത്തിക്കാൻ നന്ദകുമാർ ഇടപെട്ടു എന്ന സിബിഐ റിപ്പോർട്ടിലെ പരാമർശം ശനിയാഴ്ച മാധ്യമ സിൻഡിക്കേറ്റ് പുറത്തുവിട്ടത് മുതൽ വിവിധ തലങ്ങളിൽ ചൂടേറിയ ചർച്ച ആയിക്കഴിഞ്ഞൂ. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടുകയും സഭ നിർത്തിവച്ച് ചർച്ച ചെയ്യാൻ തീരുമാനിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിന് പുറമെയാണ് ഉമ്മൻ ചാണ്ടിയെ കുടുക്കാനുള്ള നീക്കത്തിന് നന്ദകുമാറിന് മേൽ സിപിഎം സമർദം ചെലുത്തി എന്ന വിവരവും പുറത്താകുന്നത്.

Logo
X
Top