SV Motors SV Motors

സോളാര്‍ കത്തിനെക്കുറിച്ച് പിണറായിയോട് സംസാരിച്ചു; മാധ്യമ സിന്‍ഡിക്കറ്റ്‌ വാര്‍ത്ത ശരിവെച്ച് ദല്ലാളിന്റെ വെളിപ്പെടുത്തല്‍

കൊച്ചി: സോളാറില്‍ അതിജീവിതയുടെ കത്ത് പുറത്ത് വിടുന്നതിന് മുന്‍പ് അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി പല വട്ടം ചര്‍ച്ച നടത്തിയിരുന്നുവെന്ന് ദല്ലാള്‍ ടി.ജി.നന്ദകുമാര്‍.ഈ കത്ത് ആയുധമാക്കിയാല്‍ ഇടതുമുന്നണിയ്ക്ക് വരുന്ന നേട്ടത്തെ കുറിച്ചാണ് എകെജി സെന്റര്‍ ഫ്ലാറ്റില്‍വെച്ച് സംസാരിച്ചത്. അതെല്ലാം പിണറായിയ്ക്ക് ബോധ്യമായി. കത്ത് പിണറായിയ്ക്ക് നല്‍കിയില്ല. പുറത്ത് വിടാന്‍ ആവശ്യപ്പെട്ടുമില്ല. വാക്ക് കൊണ്ടും മുഖഭാവം കൊണ്ടുമാണ് പിണറായിയെ മനസിലാക്കുന്നത്. അതിനു ശേഷമാണ് ഈ കത്ത് വാര്‍ത്തയാക്കിയത്.

നന്ദകുമാറിനെ മുറിയില്‍ നിന്നും ഇറക്കിവിട്ട ചരിത്രമാണ്
തനിക്കുള്ളതെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന തള്ളിക്കളഞ്ഞാണ് ദല്ലാള്‍ രംഗത്ത് വന്നത്. കത്ത് വി.എസ്.അച്യുതാനനന്ദനെയും കാണിച്ചു. കത്ത് വിഎസും വായിച്ചു. കൊച്ചിയിലെ മാധ്യമ സമ്മേളനത്തിലാണ് വിവാദ പ്രതികരണം.

സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുരുക്കുകയായിരുന്നുവെന്ന സിബിഐ റിപ്പോര്‍ട്ട് ആസ്പദമാക്കി മാധ്യമ സിന്‍ഡിക്കേറ്റ് പുറത്ത് വിട്ട തുടരന്‍ എക്സ്ക്ലൂസീവ് വാര്‍ത്തകള്‍ അക്ഷരം പ്രതി ശരിവെച്ചാണ് ദല്ലാള്‍ വാര്‍ത്താസമ്മേളനത്തില്‍ ഉടനീളം സംസാരിച്ചത്. 21 പേജുള്ള കത്തല്ല 25 പേജുള്ള കത്താണ് ഒറിജിനല്‍ എന്ന് ഞാന്‍ കരുതുന്നത്.

ലാവലിന്‍ കേസ് സമയത്ത് പിണറായി വിജയനുമായി പ്രശ്നമുണ്ടായിരുന്നു. ആ അകല്‍ച്ച പിന്നീട് പരിഹരിച്ചു. അതിനു ശേഷമാണ് സോളാര്‍ പരാതിക്കാരിയുടെ കത്തിന്റെ കാര്യം പിണറായി വിജയനുമായി സംസാരിച്ചത്. എകെജി സെന്‍ററിലെ ഫ്ലാറ്റില്‍ വെച്ചായിരുന്നു പിണറായി വിജയനെ കണ്ടത്. അതിജീവിതയ്ക്ക് 1.25 ലക്ഷം രൂപ നല്‍കിയാണ്‌ തന്നെ പീഡിപ്പിച്ചവരുടെ വിവരങ്ങളുണ്ടായിരുന്ന അതിജീവിതയുടെ കത്ത് വാങ്ങിയത്.ഏഷ്യാനെറ്റിനെ അറിയാവുന്നത് കൊണ്ടാണ് കത്ത് വാര്‍ത്തയാക്കാന്‍ അവര്‍ക്ക് കൈമാറിയത്. പരാതിക്കാരിയുമായി സംസാരിച്ച ശേഷമാണ് ചാനല്‍ പരാതിക്കാരിയുടെ ആരോപണം വാര്‍ത്തയാക്കിയത്. കത്ത് ചാനലിനു കൈമാറുമ്പോള്‍ ഒരു രൂപ പോലും വാങ്ങിയില്ല.

യുഡിഎഫിലെ രണ്ടു ആഭ്യന്തരമന്ത്രിമാര്‍ സോളാര്‍ ഒരു കലാപത്തിലേക്ക് മാറണമെന്ന് ആഗ്രഹിച്ചിരുന്നു. അവരുടെ പേര്‍ വെളിപ്പെടുത്തുന്നില്ലെന്നും നന്ദകുമാര്‍ പറഞ്ഞു.

Logo
X
Top