അച്ഛൻ മരിച്ചതറിഞ്ഞ് മകനും മരുമകളും ഫോൺ ഓഫുചെയ്ത് നാടുവിട്ടു; നാട്ടുകാർ അന്ത്യകർമങ്ങൾ ചെയ്ത് മൃതദേഹം സംസ്കരിച്ചു

വൃദ്ധമന്ദിരത്തിലാക്കിയ അച്ഛൻ മരിച്ചതറിഞ്ഞ മകനും മരുമകളും വീടുപൂട്ടി സ്ഥലംവിട്ടതായി നാട്ടുകാർ. വീട്ടിലെത്തിച്ച മൃതദേഹം വീടിനുള്ളിൽ വച്ച് അന്ത്യകർമങ്ങൾ ചെയ്യാനായില്ല. മകൻ വരുമെന്ന് പ്രതീക്ഷിച്ച ഏറെനേരം മൃതദേഹം പുറത്ത് വച്ചെങ്കിലും ഫലമുണ്ടായില്ല. ഫോൺ സ്വിച്ചോഫ് ചെയ്തെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു.
തൃശൂർ അരിമ്പൂർ കൈപ്പിള്ളി സ്വദേശി തോമസ് ആണ് ബുധനാഴ്ച മണലൂരിലെ വൃദ്ധമന്ദിരത്തിൽ മരിച്ചത്. കുറച്ചു മാസങ്ങൾക്ക് മുൻപാണ് മകൻ മർദിക്കുന്നുവെന്ന് ആരോപിച്ച് തോമസ്, ഭാര്യ റോസിലിയെയും കൂട്ടി വീടുവിട്ട് വൃദ്ധമന്ദിരത്തിൽ പോയി താമസമാക്കിയത്.
തോമസിന്‍റെ മരണവിവരം അധികൃതർ മകനെ അറിയിച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വീട്ടിൽ എത്തിച്ചപ്പോഴാണ് വീടുപൂട്ടി മുങ്ങിയ വിവരം അറിയുന്നത്. പിന്നീട് വീട്ടുമുറ്റത്തു വച്ചുതന്നെ അന്ത്യകർമങ്ങൾ ചെയ്ത് വൈകിട്ട് എറവ് സെന്‍റ് തെരേസാസ് പള്ളിയിൽ സംസ്കാരം നടത്തി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here