50 ലക്ഷത്തിന്റെ ബൈക്ക് വേണം; വെട്ടുകത്തി എടുത്ത് മകൻ; കമ്പിപ്പാരക്ക് അടിച്ച് കൊന്ന് അച്ഛൻ

ആഡംബര ബൈക്ക് വാങ്ങാൻ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് മാതാപിതാക്കളെ ആക്രമിച്ച യുവാവ്, പിതാവിൻ്റെ അടിയേറ്റ് മരണപ്പെട്ടു. വഞ്ചിയൂർ കുന്നുംപുറം തോപ്പിൽ നഗറിൽ പൗർണമിയിൽ താമസിക്കുന്ന ഹൃത്വിക്ക് (28) ആണ് മെഡിക്കൽ കോളേജ് ഐ.സി.യുവിൽ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ പിതാവ് വിനയാനന്ദിനെ (52) പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
ഒക്ടോബർ 9-നാണ് സംഭവങ്ങളുടെ തുടക്കം. ആഡംബര ബൈക്ക് വാങ്ങുന്നതിനായി 50 ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ട് ഹൃത്വിക്ക് വീട്ടിൽ വഴക്കുണ്ടാക്കുകയും മാതാപിതാക്കളെ ആക്രമിക്കുകയുമായിരുന്നു. ഹൃത്വിക്ക് രക്ഷകർത്താക്കളെ ആക്രമിക്കുന്നത് പതിവായിരുന്നു.
Also Read : വെട്ടുകത്തിയും വടിവാളുമായി ഗുണ്ടകളുടെ അഴിഞ്ഞാട്ടം; സഹികെട്ട നാട്ടുകാര്‍ പോലീസായി; എല്ലാം അകത്ത്
നിർബന്ധത്തെത്തുടർന്ന് അടുത്തിടെ 12 ലക്ഷം രൂപ വിലയുള്ള ഒരു ബൈക്ക് മാതാപിതാക്കൾ വായ്പയെടുത്ത് വാങ്ങി നൽകിയിരുന്നു. എന്നാൽ, ഒക്ടോബർ 21-ന് തൻ്റെ ജന്മദിനത്തിന് മുൻപായി 50 ലക്ഷം രൂപ മുടക്കി മറ്റൊരു ബൈക്ക് കൂടി വാങ്ങി നൽകണമെന്ന് ഹൃത്വിക്ക് വീണ്ടും വാശി പിടിച്ചതാണ് അക്രമത്തിൽ കലാശിച്ചത്.
സംഭവദിവസം ഹൃത്വിക്ക് ആദ്യം വെട്ടുകത്തി ഉപയോഗിച്ച് പിതാവായ വിനയാനന്ദിനെ ആക്രമിച്ചു എന്നാണ് അമ്മ അനുപമ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. മകൻ്റെ ആക്രമണത്തിൽ സഹികെട്ട പിതാവ്, പ്രതിരോധത്തിനിടെ കമ്പിപ്പാര ഉപയോഗിച്ച് ഹൃദ്ദിക്കിനെ തിരിച്ച് ആക്രമിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഹൃത്വിക്കിനെ വിനയാനന്ദ് തന്നെയാണ് ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തെത്തുടർന്ന് വിനയാനന്ദ് പോലീസിന് മുന്നിൽ കീഴടങ്ങി. ഐ.സി.യുവിൽ ചികിത്സയിലിരുന്ന ഹൃത്വിക്കിൻ്റെ മരണം നവംബർ 25-ന് സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിനുശേഷം കാലടിയിലെ കുടുംബവീട്ടിൽ എത്തിച്ച മൃതദേഹം വൈകിട്ടോടെ സംസ്‌കരിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here