മനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരത! അച്ഛനമ്മമാരെ കൊന്ന് കഷ്ണങ്ങളാക്കി പുഴയിലെറിഞ്ഞ് മകൻ

ഉത്തർപ്രദേശിലെ ജൗൻപൂരിൽ പ്രായമായ അച്ഛനമ്മമാരെ ക്രൂരമായി കൊലപ്പെടുത്തി മകൻ. ഇരുവരെയും കൊലപ്പെടുത്തി കഷ്ണങ്ങളാക്കി പുഴയിലെറിയുകയായിരുന്നു. റെയിൽവേയിൽ നിന്ന് വിരമിച്ച 62കാരനായ ശ്യാം ബഹാദൂർ, 60കാരിയായ ഭാര്യ ബബിത എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകനും എൻജിനീയറുമായ അംബേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
വിവാഹത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. അംബേഷ് അഞ്ച് വർഷം മുമ്പ് മുസ്‌ലിം യുവതിയെ വിവാഹം കഴിച്ചിരുന്നു. എന്നാൽ അച്ഛനും അമ്മയും ഈ ബന്ധം അംഗീകരിച്ചിരുന്നില്ല. മരുമകളെ വീട്ടിൽ കയറ്റാൻ അച്ഛൻ വിസമ്മതിച്ചതോടെ കുടുംബത്തിൽ നിരന്തരം വഴക്കുകൾ നടന്നിരുന്നു. പിന്നീട്, അച്ഛനമ്മമാരുടെ നിർബന്ധത്തിന് വഴങ്ങി അംബേഷ് ഭാര്യയുമായി പിരിയാൻ തീരുമാനിച്ചു. വിവാഹമോചനത്തിന് പകരമായി 5 ലക്ഷം രൂപ ഭാര്യ ആവശ്യപ്പെട്ടു. ഈ പണം നൽകാൻ അച്ഛൻ വിസമ്മതിച്ചതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത്.
ഡിസംബർ 8ന് നടന്ന വഴക്കിനിടെ അംബേഷ് അരകല്ല് കൊണ്ട് അമ്മയെ അടിച്ചു. ഇത് തടയാൻ ശ്രമിച്ചതിനാണ് അച്ഛന്റെ തലയ്ക്കടിച്ചത്. തുടർന്ന് ഇരുവരുടെയും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹങ്ങൾ ഒളിപ്പിക്കാനായി അംബേഷ് വാൾ ഉപയോഗിച്ച് മൃതദേഹങ്ങൾ കഷ്ണങ്ങളാക്കി മുറിച്ചു. പിന്നീട് ചാക്കിലാക്കി പുലർച്ചെ പുഴയിൽ തള്ളുകയായിരുന്നു.
കൊലപാതകത്തിന് ശേഷം അംബേഷ് സഹോദരിയെ വിളിച്ച് അച്ഛനും അമ്മയും വഴക്കിട്ട് വീടുവിട്ടു പോയെന്നും താൻ അവരെ അന്വേഷിക്കുകയാണെന്നും കള്ളം പറഞ്ഞു. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി. സംശയം തോന്നിയ സഹോദരി പോലീസിൽ പരാതി നൽകി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
പോലീസ് നടത്തിയ തിരച്ചിലിൽ അച്ഛന്റെ മൃതദേഹത്തിന്റെ ഭാഗവും കൊലപാതകത്തിന് ഉപയോഗിച്ച വാളും അരകല്ലും കണ്ടെടുത്തു. പുഴയിൽ ബാക്കി ശരീരഭാഗങ്ങൾക്കായി മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ തിരച്ചിൽ തുടരുകയാണ്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here