രാജ്യത്ത് ആദ്യമായി ‘ഭിന്നശേഷി സൗഹൃദ ആപ്പ്’ വരുന്നു; ഇനി ട്രെയിൻ യാത്ര കൂടുതൽ എളുപ്പമാകും..

തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഭിന്നശേഷി സൗഹൃദമാകാൻ ഒരുങ്ങുന്നു. വീൽചെയർ ഉപയോഗിക്കുന്ന യാത്രക്കാരെ സഹായിക്കാനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കാനാണ് തീരുമാനം. രാജ്യത്ത് ഇത് ആദ്യമായാണ് ഇങ്ങനെ ഒരു പദ്ധതി റെയിൽവേ കൊണ്ടുവരുന്നത്.

ഭിന്നശേഷിക്കാരുടെ യാത്രകൾ യാത്രകൾ സുഗമമാക്കാൻ പല പദ്ധതികളും ഇതിനുമുമ്പും തിരുവനന്തപുരം ഡിവിഷൻ കൊണ്ടുവന്നിട്ടുണ്ട്. ഇത് കൂടുതൽ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഡിജിറ്റൽ രംഗത്തും മാറ്റങ്ങൾ വരുത്തുന്നത്.

രാജ്യത്ത് ആദ്യമായ് ട്രെയിൻ കോച്ചുകളുമായി നേരിട്ട് ബന്ധിപ്പിക്കാൻ കഴിയുന്ന റാമ്പുകൾ അവതരിപ്പിച്ചത് തിരുവനന്തപുരം ഡിവിഷൻ ആണ്. ട്രെയിൻ യാത്രയ്ക്കായി വീൽചെയറിൽ എത്തുന്ന യാത്രക്കാരുടെ വിവരങ്ങൾ മുൻകൂട്ടി സ്റ്റേഷൻ അധികൃതരെ അറിയിക്കാൻ കഴിയുന്നതാണ് പുതിയ ആപ്പ്. ഇവർ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സ്റ്റേഷനുകളുടെ വിവരങ്ങൾ അധികൃതരെ മുൻകൂട്ടി അറിയിക്കുകയാണ് ഈ ആപ്പിന്റെ ലക്ഷ്യം.

ഹെൽപ് ലൈൻ മുഖേനയോ അല്ലെങ്കിൽ സ്റ്റേഷൻ ഉദ്യോഗസ്ഥരെ നേരിട്ട് ബന്ധപ്പെടുകയോ ആയിരുന്നു നിലവിൽ യാത്രക്കാർ ചെയ്തിരുന്നത്. എന്നാൽ, പുതിയ ആപ്പിന്റെ വരവോടെ ഇതിന് മാറ്റം സംഭവിക്കും. കൂടാതെ ഈ ആപ്ലിക്കേഷനിൽ കൂടുതൽ ഫീച്ചറുകളും ഓപ്ഷനുകളും ഉൾപ്പെടുത്തുന്നതായും റിപ്പോർട്ടുണ്ട്. ഈ വർഷം തന്നെ മൊബൈൽ ആപ്പ് പുറത്തിറക്കാൻ സാധിക്കുമെന്നും അതിനുള്ള ചർച്ചകൾ നടക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top