ഭിന്നശേഷിക്കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച് യുവാവ്; തല്ലിച്ചതച്ച് നാട്ടുകാർ

ബംഗളൂരുവിൽ ശാരീരിക വൈകല്യമുള്ള യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വിഘ്‌നേഷ് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം ഒമ്പതാം തീയതി ഔഡുഗോഡി പൊലീസ് സ്റ്റേഷൻ പരിധിയിലെ എംആർ നഗറിലാണ് സംഭവം നടന്നത്.
വിവാഹത്തിൽ പങ്കെടുക്കാൻ യുവതിയുടെ ബന്ധുക്കൾ പുറത്തുപോയ സമയത്താണ് പ്രതിയായ വിഘ്‌നേഷ് വീട്ടിലേക്ക് അതിക്രമിച്ച് കടന്നത്. സംസാരിക്കാനോ നടക്കാനോ കഴിയാത്ത യുവതി മാത്രമാണ് ആ സമയം വീട്ടിൽ ഉണ്ടായിരുന്നത്. യുവതിയുടെ അമ്മ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ മകളെ അർദ്ധനഗ്നയായി കണ്ടെത്തുകയായിരുന്നു.
വീടിന്റെ വാതിലിന് സമീപം ഒളിച്ചിരുന്ന പ്രതിയെ കണ്ടയുടൻ യുവതിയുടെ അമ്മ നിലവിളിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രതിയായ വിഘ്‌നേഷിനെ പിടികൂടുന്നത്. തുടർന്ന് മർദിച്ച ശേഷം പോലീസിന് കൈമാറുകയായിരുന്നു. നാട്ടുകാർ ഇയാളെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
കഞ്ചാവ് ഉപയോഗിച്ച ശേഷമാണ് വിഘ്‌നേഷ് വീട്ടിൽ അതിക്രമിച്ച് കയറിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് സ്ഥിരീകരിച്ചു. ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ പ്രതി വിഘ്‌നേഷ് പൊലീസ് കസ്റ്റഡിയിലാണ്. കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here