ആത്മീയതയും രാഷ്ട്രീയവും നേർക്കുനേർ! യുപിയിൽ പോര് മുറുകുന്നു; ജോലി രാജിവെച്ച് ഉദ്യോഗസ്ഥൻ!

ജ്യോതിർമഠം ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിലുള്ള വാക്പോര് മുറുകുന്നു. ഇതിൽ പ്രതിഷേധിച്ച് അയോധ്യയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രശാന്ത് കുമാർ സിംഗ് ജോലി രാജിവെച്ചു. മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും ശങ്കരാചാര്യർ അപമാനിച്ചു എന്ന് ആരോപിച്ചാണ് ജിഎസ്ടി കമ്മീഷണറായ പ്രശാന്ത് കുമാറിന്റെ രാജി.

പ്രയാഗ്‌രാജിലെ മാഘമേളയ്ക്കിടെ സംഗമത്തിൽ പുണ്യസ്നാനം നടത്തുന്നതിൽ നിന്ന് തന്നെയും അനുയായികളെയും പോലീസ് തടഞ്ഞു എന്ന് ശങ്കരാചാര്യർ ആരോപിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. എന്നാൽ തിരക്ക് കാരണം രഥയാത്ര തടയുക മാത്രമാണ് ചെയ്തതെന്നും നടന്നുപോകാൻ ആവശ്യപ്പെട്ടെന്നുമാണ് അധികൃതരുടെ വിശദീകരണം. ഇത് തന്നെ അപമാനിക്കലാണെന്ന് ശങ്കരാചാര്യർ ആരോപിച്ചു.

ഇതിന് പിന്നാലെ, ശങ്കരാചാര്യരുടെ പേര് പറയാതെ യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന തർക്കം വർദ്ധിപ്പിച്ചു. ഹനുമാനെ ചതിക്കാൻ സന്യാസി വേഷം കെട്ടിവരുന്ന രാക്ഷസനെപ്പോലെയുള്ളവരെ സൂക്ഷിക്കണം എന്നായിരുന്നു യോഗിയുടെ പരാമർശം. യോഗി ആദിത്യനാഥ് ഇപ്പോൾ രാഷ്ട്രീയക്കാരനാണെന്നും മതം സന്യാസിമാർക്ക് വിട്ടുകൊടുക്കണമെന്നും അദ്ദേഹം തിരിച്ചടിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, സംസ്ഥാനത്തിന്റെ വികസനം എന്നിവയെക്കുറിച്ചാണ് മുഖ്യമന്ത്രി സംസാരിക്കേണ്ടത്. അല്ലാതെ മതത്തെക്കുറിച്ചല്ല, എന്നാണ് ശങ്കരാചാര്യർ പ്രതികരിച്ചത്. സംവരണ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ള യുജിസിയുടെ പുതിയ നിയമങ്ങളെയും അദ്ദേഹം വിമർശിച്ചു.

മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കുമെതിരെ ശങ്കരാചാര്യർ നടത്തുന്ന വ്യക്തിപരമായ അധിക്ഷേപങ്ങൾ സഹിക്കാനാവില്ലെന്ന് പ്രശാന്ത് കുമാർ സിംഗ് പറഞ്ഞു. ഈ സർക്കാറാണ് തനിക്ക് ഭക്ഷണം തരുന്നത്. മുഖ്യമന്ത്രിയെ അപമാനിക്കുന്നത് കണ്ടുനിൽക്കാൻ കഴിയില്ല. അതുകൊണ്ടാണ് രാജിവെക്കുന്നത് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. രാജിക്ക് ശേഷം സാമൂഹിക സേവന രംഗത്ത് സജീവമാകാനാണ് പ്രശാന്ത് കുമാറിന്റെ തീരുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top