യൂണിവേഴ്സിറ്റി നിയമം പഠിക്കണം; സ്ത്രീധനപീഡനത്തിന് ബിരുദം കളയുമെന്ന നിലപാട് നിയമവിരുദ്ധം; തടവുകാർക്ക് ബിരുദം നൽകാൻ ശ്രീനാരായണ

തിരുവനന്തപുരം: ജയില്‍പുള്ളികളുടെ കാര്യത്തില്‍ കേരളത്തിലെ രണ്ട് സര്‍വകലാശാലകള്‍ക്ക് രണ്ട് നിലപാട്. തടവുകാര്‍ക്ക് സൗജന്യമായി ഉന്നത പഠനത്തിന് ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല അവസരം ഒരുക്കുമ്പോഴാണ് സ്ത്രീധന പീഡനക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടാല്‍ ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യസര്‍വകലാശാല നിലപാട് എടുക്കുന്നത്. കുറ്റവാളികള്‍ക്ക് ബിരുദം നല്‍കാനുള്ള നീക്കവും കുറ്റവാളിയായതിന്റെ പേരില്‍ ബിരുദം റദ്ദാക്കാനുള്ള നീക്കവും എങ്ങനെ ഒരുമിച്ച് നടക്കുമെന്നാണ് മാധ്യമ സിൻഡിക്കറ്റ് അന്വേഷിച്ചത്.
ആരോഗ്യ സര്‍വകലാശാലാ വിസിയുടെ നിലപാട് അപ്പാടെ തള്ളിക്കളയുകയാണ് മുന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ അഡ്വ. ടി.ആസഫലി. ഒരാളുടെ കുറ്റകൃത്യവും ബിരുദവും തമ്മില്‍ ബന്ധമില്ല. കുറ്റകൃത്യം ചെയ്‌താല്‍ ബിരുദം റദ്ദാക്കാന്‍ അവകാശമില്ല. വ്യാജ ബിരുദത്തിന്റെ ബലത്തില്‍ ബിരുദാനന്തരബിരുദം നേടിയാല്‍ അത് റദ്ദ് ചെയ്യാന്‍ സര്‍വകലാശാലക്ക് അധികാരമുണ്ട്. അല്ലാതെ ഏതെങ്കിലും കേസിൽപെട്ടാൽ ബിരുദം റദ്ദ് ചെയ്യാൻ അധികാരമില്ല. സ്ത്രീധനപീഡനക്കേസിന് ഇക്കാര്യത്തിൽ പ്രത്യേക പരിഗണനയൊന്നുമില്ല. കോടതിയാണ് കുറ്റത്തിനുള്ള ശിക്ഷ നല്‍കേണ്ടത്. സര്‍വകലാശാലയല്ല കുറ്റം വിധിക്കേണ്ടത്- ആസഫലി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
ശ്രീനാരായണ സര്‍വകലാശാലയുടെ ‘സമന്വയം’ പദ്ധതിയിലൂടെയാണ് സൗജന്യ പഠനത്തിന് സൗകര്യം ഒരുക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ കണ്ണൂര്‍ ജയിലിലെ 12 അന്തേവാസികള്‍ വിവിധ കോഴ്സുകളില്‍ പ്രവേശനം നേടി. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 11 ന്) നടന്നു. സര്‍വകലാശാലയുടെ 10 പിജി കോഴ്സുകളില്‍ നിന്നും 12 ഡിഗ്രി കോഴ്സുകളില്‍ നിന്നും താത്പര്യമുള്ള വിഷയം തിരഞ്ഞെടുക്കാം. കോഴ്സ് ഫീസില്‍ ഇളവുണ്ട്. പരീക്ഷാ ഫീസും സര്‍ട്ടിഫിക്കറ്റ് ഫീസും അടക്കേണ്ടതില്ല. ജയില്‍ സൂപ്രണ്ടാണ് പരീക്ഷ എഴുതാനും പഠിക്കാനുമുള്ള സൌകര്യങ്ങള്‍ ഒരുക്കേണ്ടത്. എല്ലാ ജയിലുകളിലും പദ്ധതി വ്യാപിപ്പിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ.പി.എം.മുബാറക്ക് പറഞ്ഞു.
സ്ത്രീധനപീഡനക്കേസിലെ പ്രതി ഡോ.റുവൈസിൻ്റെ ഡിഗ്രി റദ്ദാക്കുമെന്ന് പ്രഖ്യാപിച്ച് ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സലറായ ഡോ.മോഹന്‍ കുന്നുമ്മലാണ് വിവാദത്തിന് തുടക്കമിട്ടത്. സ്ത്രീധനം നല്‍കാന്‍ കഴിയാത്തതിന്റെ പേരില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ഥിനി ഡോ.ഷഹ്ന ആത്മഹത്യ ചെയ്തതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്‌താല്‍ ബിരുദം റദ്ദാക്കുന്നതിന് സമ്മതിക്കുന്ന സത്യവാങ്മൂലം മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ നിന്നും എഴുതി വാങ്ങിയിട്ടുണ്ടെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
‘സ്ത്രീധനപീഡനക്കേസില്‍ ഡോക്ടർ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ബിരുദം റദ്ദ് ചെയ്യാന്‍ സര്‍വകലാശാലക്ക് കഴിയുമെന്ന് തന്നെ ഡോ.മോഹന്‍ കുന്നുമ്മല്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. സര്‍വകലാശാലയുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ ബിരുദം റദ്ദ് ചെയ്യപ്പെടുന്ന വ്യക്തിക്ക് അവകാശമുണ്ട്. നീതി വേണമെങ്കില്‍ കോടതിയില്‍ പോകട്ടെ. കോടതി നിര്‍ദ്ദേശപ്രകാരം നടപടി സ്വീകരിക്കാം. ധാര്‍മികതയും സദാചാരവുമില്ലാത്ത ഒരാളുടെ രജിസ്ട്രേഷന്‍ കാന്‍സല്‍ ചെയ്യാമെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷനും വ്യക്തമാക്കിയിട്ടുണ്ടെന്നും വിസി പറയുന്നു.
ഇല്ലാത്ത അധികാരം എടുത്ത് പ്രയോഗിക്കാനാണ് ആരോഗ്യ സര്‍വകലാശാല ഒരുങ്ങുന്നതെന്നാണ് ഈ പ്രശ്നത്തില്‍ ഉയരുന്ന വിമര്‍ശനം. തടവുകാര്‍ക്ക് ജയിലില്‍ നിന്ന് പരീക്ഷ എഴുതി ബിരുദം നേടുന്ന കാലമാണിത്. സ്ത്രീധനം ചോദിച്ചാല്‍ ബിരുദം റദ്ദാക്കുമെന്ന് പറയുന്നത് ആരോഗ്യ സർവകലാശാലയായാലും നാഷണല്‍ മെഡിക്കല്‍ കമ്മീഷനായാലും വിവരക്കേടാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here