നമ്മള്‍ എന്തുകൊണ്ട് തോറ്റു….ഐശ്വര്യത്തിന്റെ സൈറണ്‍…ക്യാമറയും കൂടെ ചാടട്ടെ… മലയാളികള്‍ ആവര്‍ത്തിച്ച് പറയുന്ന ശ്രീനിവാസന്‍ ഡയലോഗുകള്‍

ശ്രീനിവാസന്‍ ചിത്രങ്ങളും അതിലെ ഡയലോഗുകളും പറയാതെ ഒരു ദിവസം പോലും മലയാളിക്ക് കടന്നു പോകില്ല. അത്രയ്ക്ക് മാത്രം സ്വാധീനിച്ചതാണ് അവ. രാഷ്ട്രീയ വിമര്‍ശനമായും പരസ്പരമുള്ള കളിയാക്കലായും കടന്നു പോകുന്ന അവസ്ഥയെ വിവരിക്കാനും എല്ലാം ശ്രീനി ഡയലോഗുകള്‍ മലയാളികള്‍ വാരിവിതറും. അതില്‍ ഹാസ്യമുണ്ട്, ദുഖമുണ്ട്, ഒപ്പം നിസഹായതയും. ജനങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന കഥകളാണ് ശ്രീനിവാസന്‍ ചിത്രങ്ങളില്‍ അവതരിപ്പിക്കുന്നത്.
സ്വയം ഒരു കോമാളിയായി ചിത്രീകരിക്കുന്ന കഥാപാത്രങ്ങള്‍ സൃഷ്ടിക്കാനും അത് ഭംഗിയാക്കാനും ശ്രീനിവാസനെ പോലെ മറ്റൊരു പ്രതിഭയില്ല. തന്റെ രൂപം പോലും അതിന് ഒരു ഉപകരണമാക്കി. ശ്രീനിവാസന്‍ ചിത്രങ്ങളില്‍ സന്ദേശം പോലൊരു പൊളിറ്റിക്കല്‍ സിനിമ ഇന്നുവരെ കേരളം കണ്ടിട്ടില്ല എന്ന് ഉറപ്പിച്ച് പറയാം. കോട്ടപ്പള്ളി പ്രഭാകരനും കുമാരപിള്ള സാറും ഉത്തമനും എല്ലാം തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം തിരിച്ചടി നേരിട്ടപ്പോള്‍ വീണ്ടും സൈബര്‍ ഇടത്തില്‍ പൊങ്ങി വന്നതാണ്. അതില്‍ തന്നെ നമ്മള്‍ എന്തുകൊണ്ട് തോറ്റു എന്ന ചോദ്യവും വിഘടനവാദികളും അന്തര്‍ധാരയും റാഡിക്കലായ മാറ്റവും ചേര്‍ത്തുളള ഉത്തരവും വൈറലാണ്. ദൈവമില്ലെന്ന് പറയുകയും തലയില്‍ മുണ്ടിട്ട് അമ്പലത്തില്‍ പോകുന്ന കമ്യൂണിസ്റ്റ്ര് നേതാവ് എന്നത് ഇപ്പോഴും പ്രസക്തമായ പരിഹാസമാണ്. വരവേല്‍പ്പ് എന്ന ചിത്രവും സിപിഎമ്മിനെ കണക്കിന് കളിയാക്കുന്നതാണ്.
രണ്ട് യുവാക്കളുടെ തൊഴിലില്ലായ്മയും രക്ഷാപ്പെടാന്‍ എല്ലാ വഴിയും നോക്കുന്ന നാടോടിക്കാറ്റിലെ ദാസനും വിജയനും അതിലെ സംഭാഷണങ്ങളും രസകരമായിരുന്നു. ഐശ്വര്യത്തിന്റെ സൈറണും ഓരോന്നിനും അതിന്റേതായ സമയമുണ്ടെന്ന പ്രത്യാശയും എല്ലാം ഇന്നും ആവര്‍ത്തിക്കപ്പെടുന്നു. എങ്ങനേയും പണം ഉണ്ടാക്കാനുള്ള ശ്രമിക്കുന്ന മലയാളിയുടെ സഹജമായ സ്വഭാവമാണ് ചിന്താവിഷ്ടയായ ശ്യാമളയില്‍ പറയുന്നത്. തലയണമന്ത്രത്തില്‍ ഉപഭോഗസംസ്‌കാരത്തിന്റെ കെണിയില്‍പ്പെട്ട ശരാശരി കുടുംബത്തെ വരച്ച് കാണിക്കുന്നു.
മലയാള സിനിമയിലെ താരജാഡകളെ കണക്കിന് കളിയാക്കുന്ന രണ്ട് ചിത്രങ്ങളും ശ്രീനിവാസന്റെ സൃഷ്ടിയാണ്. ഉദയനാണ് താരം, സുപ്പര്‍ സ്റ്റാര്‍ സരോജ് കുമാര്‍ എന്നിവയില്‍ സൂപ്പര്‍ സ്റ്റാറുകളെ പൊളിച്ചടുക്കുന്നതാണ്. എന്നാല്‍ പിന്നില്‍ ശ്രീനിവാസനായതു കൊണ്ട് തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നില്ല. സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും പറയാനുള്ളത് വിളിച്ച് പറയാന്‍ ശ്രീനിവാസന്‍ മടികാണിച്ചിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here