ശ്രീശാന്ത് അമേരിക്കൻ പ്രീമിയർ ലീഗിലേക്ക്; പ്രീമിയം ഇന്ത്യൻസിന് വേണ്ടി കളത്തിലിറങ്ങും

ഹൂസ്റ്റണ്‍: മുന്‍ ഇന്ത്യന്‍ താരവും മലയാളി പേസറുമായ എസ് ശ്രീശാന്ത് അമേരിക്കന്‍ പ്രീമിയര്‍ ലീഗിലേക്ക് (എപിഎൽ). ശ്രീശാന്തിനൊപ്പം മുന്‍ ഇന്ത്യന്‍ താരം സ്റ്റുവര്‍ട്ട് ബിന്നിയും അമേരിക്കന്‍ ട്വൻറി20 ലീഗിൽ കളിക്കാനിറങ്ങും. ഇരുവരും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാല്‍ അമേരിക്കന്‍ ലീഗില്‍ കളിക്കുന്നതിൽ മറ്റ് തടസമൊന്നുമില്ല. പ്രീമിയം ഇന്ത്യന്‍സ് ടീമിനുവേണ്ടിയാണ് ഇരുവരും വീണ്ടും കളിക്കളത്തില്‍ എത്തുന്നത്.
പ്രീമിയം ഇന്ത്യന്‍സ് ടീമില്‍ തന്നെ ഉള്‍പ്പെടുത്തിയത് അംഗീകാരമായി കാണുന്നു എന്നായിരുന്നു ശ്രീശാന്തിൻ്റെ പ്രതികരണം. ഇന്ത്യയ്ക്ക് പുറത്ത് ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ താന്‍ പുതുമുഖമാണ്. അതിനാൽ ലീഗ് വലിയ അനുഭവമായിരിക്കുമെന്നും അമേരിക്കന്‍ കാണികള്‍ക്ക് മുന്നില്‍ പന്തെറിയാൻ കാത്തിരിക്കുകയാണെന്നും ശ്രീശാന്ത് അറിയിച്ചു .
ഡിസംബര്‍ 19 മുതല്‍ 31 വരെ ഹൂസ്റ്റണിലാണ് എപിഎല്‍ അരങ്ങേറുന്നത്. ഏഴ് ടീമുകളാണ് മത്സരിക്കുന്നത്. ഇന്ത്യൻസ്, അമേരിക്കൻസ്, പാക്സ്, വിൻഡീസ്, ബംഗാളീസ്, ഓസീസ്, ഇംഗ്ലീഷ് എന്നിങ്ങനെ ഏഴ് ടീമുകളിലായി 40 ഓളം വിദേശ താരങ്ങളാണ് ലീഗിൽ പങ്കെടുക്കുന്നത്. എപിഎല്ലിന്റെ രണ്ടാം സീസണാണ് ഇത്തവണ നടക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here