‘നിങ്ങൾ മനുഷ്യനല്ല, കുട്ടികളെ വരെ വേദനിപ്പിച്ച പ്രവർത്തി’; ലളിത് മോദിയെ വിമർശിച്ച് ശ്രീശാന്തിന്റെ ഭാര്യ

ഐപിഎൽ മത്സരത്തിനിടെ ഹർഭജൻ സിംഗ് ശ്രീശാന്തിനെ തല്ലുന്ന വീഡിയോ കഴിഞ്ഞ ദിവസം മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി പുറത്തുവിട്ടിരുന്നു. ഇതിനെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരി. വർഷങ്ങൾ മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോൾ പുറത്തു വിടുന്നത് കാഴ്ചക്കാരെ കൂട്ടാനും ചീപ്പ് പബ്ലിസിറ്റിക്കും വേണ്ടിയാണെന്നാണ് ഭുവനേശ്വരി സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്. മൈക്കൽ ക്ലാർക്കിനെതിരെയും വിമർശനം ഉയർന്നിരുന്നു.
മനുഷ്യത്വരഹിതവും ഹൃദയശൂന്യവുമായ പ്രവൃത്തിയാണ് ലളിത് മോദി ചെയ്തത്. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോൾ പുറത്തുവിടുന്നത് പഴയ മുറിവുകൾ വീണ്ടും സൃഷ്ടിക്കാനാണ്. ഇതുമൂലം സംഭവത്തിൽ ഉൾപ്പെട്ടവർക്ക് മാത്രമല്ല അവരുടെ കുടുംബാംഗങ്ങളെയും ഇത് വേദനിപ്പിക്കും. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ചോദ്യങ്ങൾക്കുള്ള മറുപടി പറയേണ്ടിവരുമെന്നും ഭുവനേശ്വരി പറഞ്ഞു.
ശ്രീശാന്ത് വളരെ കരുത്തുള്ള ഒരു വ്യക്തിത്വത്തിന് ഉടമയാണ്. ഒരു ദൃശ്യങ്ങൾക്കും അദ്ദേഹത്തെ തകർക്കാൻ കഴിയില്ല. ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ച ശേഷമാണ് ശ്രീശാന്ത് ഇപ്പോൾ അഭിമാനിക്കാൻ കഴിയുന്ന നിലയിൽ എത്തിയത്. സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ വേദനിപ്പിക്കുമ്പോൾ ദൈവം ഉണ്ടെന്ന് ഓർക്കണമെന്നും ഭുവനേശ്വരി പോസ്റ്റിലൂടെ പ്രതികരിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here