പാലക്കാട്ടും അണപൊട്ടി വേടൻ ആരാധകർ; നിയന്ത്രിക്കാൻ ലാത്തിവീശി പോലീസ്; തിരക്കിൽ കുഴഞ്ഞുവീണ് പലരും ആശുപത്രിയിൽ

പോലീസും വനംവകുപ്പും ചേർന്ന് വേട്ടയാടാൻ ശ്രമിച്ചുവെന്ന പ്രതീതിയുണ്ടായതോടെ ജനപ്രീതിയുടെ ഗ്രാഫുയർത്തിയ റാപ്പർ വേടൻ തരംഗമായി തുടരുന്നു. തിരുവനന്തപുരം കിളിമാനൂരിലെ പരിപാടിയിൽ ഉണ്ടായ സംഘർഷത്തിന് പിന്നാലെ പാലക്കാട് കോട്ടമൈതാനത്ത് നടന്ന പരിപാടിയിലും തള്ളിക്കയറിയ ആരാധകരെ നിയന്ത്രിക്കാൻ പോലീസിന് ലാത്തിവീശേണ്ടി വന്നു.
വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് വേദിയിലേയ്ക്കുള്ള പ്രവേശനം വൈകിട്ട് ആറോടെ അവസാനിപ്പിച്ചിരുന്നു. പിന്നാലെയാണ് വലിയ തോതിൽ തിക്കും തിരക്കുമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു. കുഴഞ്ഞുവീണവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിപാടിക്കിടെ സംഘാടകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്നാണ് പോലീസ് ലാത്തിവീശിയത്.
കഴിഞ്ഞയാഴ്ച കിളിമാനൂരിലെ പരിപാടി അവസാന നിമിഷം റദ്ദാക്കേണ്ടി വന്നതും വൻ സംഘർഷത്തിന് ഇടയാക്കി. പിന്നണിയിലുള്ള ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചതിനെ തുടർന്ന് പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റാമെന്ന് അറിയിച്ച് വേടൻ പിന്മാറി. ഇതോടെ സംഘാടകരെയും പോലീസിനെയും ചെളിയും കല്ലും വാരിയെറിഞ്ഞ വേടൻ്റെ ആരാധകർ 25 പേർ കേസിൽ പ്രതികളുമായി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here