കാന്‍സര്‍ സെന്ററുകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചിട്ട് സിസ്റ്റത്തെ കുറ്റം പറയുന്ന മന്ത്രി; രോഗികൾ പെരുകുമ്പോള്‍ ഡേറ്റ കൊണ്ടെന്ത് കാര്യം?

സംസ്ഥാനത്തെ ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം സിസ്റ്റത്തിന്റെ തകരാറാണെന്ന് വിലപിക്കുന്ന ആരോഗ്യമന്ത്രിക്ക്, സ്വന്തം വകുപ്പിന് അനുവദിച്ച ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിൽ മിണ്ടാട്ടമില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗികളുള്ള കേരളത്തിലെ കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ക്ക് അനുവദിച്ച ബജറ്റ് വിഹിതത്തിലെ കുറവ് കണ്ടാല്‍ നാം നേരിടാന്‍ പോകുന്ന വിപത്ത് മനസിലാകും. ഇത്തരം ദുരവസ്ഥകള്‍ക്ക് സിസ്റ്റത്തെ കുറ്റം പറഞ്ഞ് എത്രനാള്‍ രക്ഷപ്പെടാനാവുമെന്ന ചോദ്യമാണ് ഉയരുന്നത്.

സംസ്ഥാനത്ത് മൂന്ന് പ്രധാന കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്ത് റീജിണല്‍ കാന്‍സര്‍ സെന്റര്‍ (RCC) മലബാര്‍ കാന്‍സര്‍ സെന്റര്‍ (MCC) കൊച്ചി കാന്‍സര്‍ സെന്റര്‍ എന്നിവയാണ് അവ. ആര്‍സിസിയില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ കാന്‍സര്‍ രോഗികളുടെ എണ്ണത്തിൽ 36% വര്‍ധന ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

2024-25 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ആര്‍സിസിക്ക് 73 കോടി രൂപയാണ് നീക്കിവെച്ചത്. എന്നാൽ പദ്ധതി പുനര്‍ ക്രമീകരിച്ചപ്പോള്‍ 36.5 കോടി രൂപയായി അത് വെട്ടിക്കുറച്ചു. മലബാര്‍ സെന്ററിന് 28 കോടി രൂപ നീക്കിവെച്ചത് 14 കോടിയായി. കൊച്ചി സെന്ററിന് 14.5 കോടി രൂപ അനുവദിച്ചത് 9.3 കോടിയായി കുറഞ്ഞതായി ആരോഗ്യമന്ത്രി തന്നെ വെളിപ്പെടുത്തി.
ഇങ്ങനെ പദ്ധതി വിഹിതത്തില്‍ കടുംവെട്ട് നടത്തിയ ശേഷം സിസ്റ്റത്തെ എന്തിന് കുറ്റം പറയണമെന്നാണ് ഡോക്ടര്‍മാര്‍ ചോദിക്കുന്നത്. 2030 ആകുമ്പോഴേക്കും രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടാകുമെന്നാണ് തിരുവനന്തപുരത്ത് നടന്ന കാന്‍സര്‍ സെമിനാറില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇത് മുന്നില്‍ കണ്ട് ക്രമീകരണങ്ങള്‍ കൂട്ടുന്നതിന് പകരം വിഹിതം വെട്ടിക്കുറയ്ക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here