പശുവിനെ കാണിച്ച് മത്തായിയെ ഗണേശന്‍ പറ്റിച്ചു; പണി കൊടുത്ത് കോടതി

‘ഇവള്‍ കാമധേനുവാണ്, ദിവസം 18 ലിറ്റര്‍ പാല് കിട്ടും. ഞാന്‍ ഗ്യാരന്റി’ – പൂര്‍ണ ഗര്‍ഭിണിയായ പശുവിനെ 36500 രൂപയ്ക്ക് കര്‍ഷകനായ മത്തായിക്ക് കൊടുത്തു കൊണ്ട് ഉടമ ഗണേശ് റാവു പറഞ്ഞ വാക്കുകളാണിത്. 18 ലിറ്റര്‍ പോയിട്ട് 2 ലിറ്റര്‍ പോലും കിട്ടാതായപ്പോള്‍ പോലീസ് സ്റ്റേഷന്‍ മുതല്‍ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ വരെ കയറിയിറങ്ങേണ്ടി വന്ന ഹതഭാഗ്യനാണ് മത്തായി.
2022 ഏപ്രിലില്‍ കാസര്‍കോട് ബദിയടുക്ക സ്വദേശിയായ കെഎ മത്തായി എടക്കാട് സ്വദേശിയായ കെഎസ് ഗണേശ് റാവുവിന്റെ ഗര്‍ഭിണിയായ പശുവിനെ വാങ്ങാന്‍ തീരുമാനിക്കുന്നു. പ്രതിദിനം 18 ലിറ്റര്‍ പാല്‍ കിട്ടുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് 36500 രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചത്. പക്ഷേ പശു പ്രസവിച്ചു കഴിഞ്ഞ് കറവ തുടങ്ങിയതോടെ രണ്ട് ലിറ്റര്‍ പാല് പോലും കിട്ടാതായി. കറവയ്ക്കായി സമീപിക്കുമ്പോള്‍ പശു ചവിട്ടുകയും തൊഴിക്കുകയും ചെയ്യുന്നതും പതിവായി.

പശൂവിന്റെ മുന്‍ ഉടമ പറഞ്ഞ അളിവില്‍ പാല് കിട്ടാതായപ്പോള്‍ മത്തായി കാര്യം ഗണേശനെ ധരിപ്പിച്ചു. പക്ഷേ അയാള്‍ അതൊന്നും കേള്‍ക്കാന്‍ തയ്യാറായില്ല. മത്തായിയും ഭാര്യയും സ്ഥിരമായി ഗണേശിന്റെ വീട്ടില്‍ ചെന്ന് പണം ആവശ്യപ്പെട്ടു തുടങ്ങി. ഇതോടെ അയാളുടെ ഭാര്യ മത്തായിക്കെതിരെ പോലീസില്‍ പരാതി നല്‍കി. പോലീസ് രണ്ട് കൂട്ടരേയും മധ്യസ്ഥ ചര്‍ച്ചക്ക് വിളിച്ചു. പശുവിനെ തന്റെ വീട്ടില്‍ കൊണ്ടു നിര്‍ത്തിയാല്‍ 18 ലിറ്റര്‍ പാല് കിട്ടുന്നത് കാണിച്ചു കൊടുക്കാമെന്നായി ഗണേശ് റാവു. അതിന്‍ പ്രകാരം മത്തായി പശുവിനെ ഗണേശിന്റെ വീട്ടിലെത്തിച്ചു നല്‍കി. പക്ഷേ പണമോ, പശുവിനേയോ തിരിച്ചു നല്‍കാന്‍ റാവു തയ്യാറായില്ല.
ഗണേശ് റാവുവിന്റെ വിശ്വാസവഞ്ചനക്ക് എതിരെ ജില്ലാ കണ്‍സ്യൂമര്‍ ഫോറത്തില്‍ മത്തായി പരാതി നല്‍കി. ഇതോടെ ഗണേശ് പ്ലേറ്റ് മാറ്റി. താനൊരിക്കലും മത്തായിക്ക് പശുവിനെ കൊടുക്കുകയോ പണം കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്ന് ഗണേശ് റാവു കണ്‍സ്യൂമര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പക്ഷേ, ജില്ലാ ഫോറം മത്തായിക്കനുകൂലമായ വിധി പുറപ്പെടുവിച്ചു. വാങ്ങിയ തുകയും കോടതി ചെലവും ചേര്‍ത്ത് ഒരു തുക നല്കാനാണ് ജില്ലാ ഉപഭോക്തൃ ഫോറം വിധിച്ചത്. ഇതിനെനിരെ അപ്പീലുമായി ഗണേശ് റാവു സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനെ സമീപിച്ചു.
ഫോറം പ്രസിഡന്റ് ജസ്റ്റിസ് ബി സുധീന്ദ്ര കുമാറും ജുഡീഷ്യന്‍ അംഗം അജിത് കുമാര്‍, മെമ്പര്‍ കെആര്‍ രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ബെഞ്ച് കേസ് പരിഗണിച്ചു. പശൂവിനെ വിറ്റു എന്നതിന് തെളിവില്ല എന്ന ഗണേശിന്റെ വാദം അംഗീകരിച്ചില്ല. സാധാരണ ആടുമാടുകളെ വില്‍ക്കുന്നത് പരസ്പര ധാരണയുടേയും വിശ്വാസത്തിന്റേയും പുറത്താണ്. കൃഷിക്കാര്‍ കന്നുകാലികളില്‍ നിന്നുള്ള ആദായം പ്രതീക്ഷിച്ചാണ് വാങ്ങി പരിപാലിക്കുന്നത്. എന്തെങ്കിലും കരാര്‍ ഉണ്ടാക്കിയല്ല പശുക്കളെ വില്‍ക്കുന്നതും വാങ്ങുന്നതും. വാക്കിനെ വിലമതിച്ചാണ് കച്ചവടം നടത്തുന്നത്. അതു കൊണ്ട് തന്നെ മത്തായിയുടെ വാക്കുകളെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് ഉപഭോക്തൃ ഫോറം അഭിപ്രായപ്പെട്ടു. മത്തായി സ്വയമായാണ് കേസ് വാദിച്ചത്. പശുവിന്റെ വിലയായ 36500 രൂപയ്ക്കു പുറമെ 15000 രൂപ നഷ്ടപരിഹാ രമായും മുന്‍ ഉടമയായ ഗണേശ് റാവു ഉടന്‍ തന്നെ മത്തായിക്ക് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു. പാവപ്പെട്ട കൃഷിക്കാരനായ മത്തായിയെ പറഞ്ഞു പറ്റിച്ച് കാശടിക്കാന്‍ ശ്രമിച്ച ഗണേശന് കണ്‍സ്യൂമര്‍ കോടതി പാലും വെള്ളത്തില്‍ പണി കൊടുത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here