ശ്രീലേഖയുടെ ‘ഐപിഎസ് ‘ വെട്ടി കമ്മിഷൻ; റിട്ടയേർഡ് എന്നെഴുതി ബിജെപി

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ‘ഐപിഎസ്’ ലേബൽ പുലിവാലാകുമെന്ന് മുൻ ഡിജിപി ആർ.ശ്രീലേഖ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല. തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായ ശ്രീലേഖ തിരഞ്ഞെടുപ്പ് പോസ്റ്ററിലും ഫ്ളക്സിലും ചുവരെഴുത്തിലുമൊക്കെ ശ്രീലേഖ ഐപിഎസ് (IPS) എന്ന് ചേർത്തിരുന്നു. ഇതിനെതിരെ ആം ആദ്മി സ്ഥാനാർത്ഥി ടി എസ് രശ്മി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പു് കമ്മീഷൻ ഐപിഎസ് എന്നത് നീക്കംചെയ്യാൻ ആവശ്യപ്പെട്ടത്. ചില പോസ്റ്ററുകളിൽ കമ്മിഷൻ നേരിട്ടെത്തി ‘ഐപിഎസ്’ മായിച്ചു, തൊട്ടുപിന്നാലെ ബിജെപി പ്രവർത്തകർ കുറച്ച് പോസ്റ്ററിലും ഫ്ളക്സിലും റിട്ട (Rtd) എന്നുകൂടി എഴുതിചേർത്തിട്ടുണ്ട്.

കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. ഫയർഫോഴ്സ് ഡിജിപിയായിട്ടാണ് വിരമിച്ചത്. ഇതൊക്കെയാണെങ്കിലും സര്‍വീസില്‍നിന്നു വിരമിച്ച ശേഷം ശ്രീലേഖ പേരിനൊപ്പം ഐപിഎസ് എന്ന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാണിച്ചാണ് ടി എസ് രശ്മി കമ്മിഷന് പരാതി നല്കിയത്. മേയർ സ്ഥാനത്തേക്ക് ബിജെപി ഉയർത്തിക്കാണിക്കുന്ന സ്ഥാനാർത്ഥികളിൽ ഒരാളാണ് ഈ മുൻ പോലീസ് ഉദ്യോഗസ്ഥ. നിലവിൽ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റുമാണ്.

2017 ഏപ്രിൽ 12ലെ ആഭ്യന്തര മന്ത്രാലയം (MHA) OM നമ്പർ 7/11/2015-IPS ഉത്തരവു പ്രകാരം “വിരമിച്ച ഉദ്യോഗസ്ഥർ വിസിറ്റിംഗ് കാർഡുകളിലോ ലെറ്റർഹെഡുകളിലോ പൊതു ആശയ വിനിമയങ്ങളിലോ ‘IPS (റിട്ട.)’ എന്ന പദവിയോ സമാനമായ വിശേഷണങ്ങളോ ഉപയോഗിക്കരുത്. 2016ലെ IPS (ശമ്പള) നിയമങ്ങളും 1968ലെ ഓൾ ഇന്ത്യ സർവീസസ് നിയമങ്ങളും വിരമിച്ച ഉദ്യോഗസ്ഥരെ അവരുടെ പേരുകൾക്കൊപ്പം സർവീസ് പദവികളോ ചുരുക്കെഴുത്തുകളോ (IPS, IAS, IFS പോലുള്ളവ) ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കുന്നതായും അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ട്. പേരിനൊപ്പം ഐപിഎസ് ഇല്ലെങ്കിലും തന്നെ എല്ലാവർക്കും അറിയാം എന്നാണ് ശ്രീലേഖയുടെ പ്രതികരണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here