സ്ത്രീകളുടെ ഫിറ്റ്‌നസിനും സ്റ്റിറോയിഡുകൾ! രോമവളർച്ച മുതൽ വന്ധ്യത വരെ

ശരീരപരിപാലനത്തിന് ജിമ്മിൽ പോകുന്ന സ്ത്രീകളുടെ എണ്ണം അടിക്കടി കൂടുകയാണ്. വെറുതെ തടി കുറയ്ക്കുക, സൗന്ദര്യം നിലനിർത്തുക എന്നതിലുപരി മസിലുകൾ വളർത്താനും അതുവഴി ബോഡി ബിൽഡിങ്ങിനും പലരും മുന്നിട്ടിറങ്ങുന്നു. ഏത് ജിമ്മിൽ ചെന്നാലും കഠിനമായ ഭാരങ്ങൾ ഉയർത്തി വ്യായാമം ചെയ്യുന്ന സ്ത്രീകളെ കാണാം. ഇവരിൽ പലരും പലവിധ ബോഡി ബിൽഡിംഗ് മത്സരങ്ങളിലും പങ്കെടുക്കുന്നുമുണ്ട്.
ഇങ്ങനെയെല്ലാം സ്വന്തം ശരീരത്തിലുണ്ടായ മാറ്റങ്ങൾ അവർ സോഷ്യൽ മീഡിയയിൽ അഭിമാനത്തോടെ പങ്കുവെക്കുന്നു. പണ്ട് തടി കുറയ്ക്കലും കാർഡിയോ വ്യായാമങ്ങളും മാത്രമായി ഒതുങ്ങിനിന്നിരുന്ന സ്ത്രീകളുടെ ഫിറ്റ്‌നസ് ലോകം, ഇന്ന് മസിൽ കരുത്തിലേക്കും പ്രകടനത്തിലേക്കും മാറിയിരിക്കുന്നു. എന്നാൽ ഈ പുരോഗതിക്ക് പിന്നിൽ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു സത്യമുണ്ട്, യുവതികൾക്കിടയിൽ വർദ്ധിച്ചുവരുന്ന അനാബോളിക് സ്റ്റിറോയിഡുകളുടെ (Anabolic Steroids) ഉപയോഗം.
അന്താരാഷ്ട്ര പഠനങ്ങൾ സൂചിപ്പിക്കുന്നത് സ്റ്റിറോയിഡ് ഉപയോഗം ഇനി പുരുഷ അത്‌ലറ്റുകളിൽ മാത്രം ഒതുങ്ങുന്നതല്ല എന്നാണ്. ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെയും, പലപ്പോഴും എന്താണ് ശരീരത്തിൽ ഉപയോഗിക്കുന്നത് എന്ന് പോലും അറിയാതെയും സ്ത്രീകൾ ഈ മരുന്നുകൾ പരീക്ഷിക്കുന്നു. പതിറ്റാണ്ടുകളായി സ്റ്റിറോയിഡ് ഉപയോഗം പുരുഷന്മാരുടെ മാത്രം പ്രശ്നമായാണ് കണ്ടിരുന്നത്. അതുകൊണ്ട് തന്നെ ഇതിനെതിരെയുള്ള ബോധവൽക്കരണവും പഠനങ്ങളും പുരുഷ ശരീരത്തെ കേന്ദ്രീകരിച്ചായിരുന്നു നടന്നിരുന്നത്.
എന്നാൽ പുതിയ പഠനങ്ങൾ പ്രകാരം ലോകമെമ്പാടുമുള്ള സ്ത്രീകൾക്കിടയിൽ സ്റ്റിറോയിഡ് ഉപയോഗം 1.6 ശതമാനത്തിൽ നിന്ന് 4 ശതമാനമായി വർദ്ധിച്ചു. ഫിറ്റ്‌നസ് കമ്മ്യൂണിറ്റികളിൽ ഇത് ഇതിലും കൂടുതലാണ്. പെട്ടെന്ന് തടി കുറയ്ക്കാനും, മസിലുകൾക്ക് വ്യക്തത വരുത്താനും, കഠിനമായ വർക്കൗട്ടിന് ശേഷം വേഗത്തിൽ പഴയപടി ആകാനുമാണ് സ്ത്രീകൾ പ്രധാനമായും സ്റ്റിറോയിഡുകളെ ആശ്രയിക്കുന്നത്. സോഷ്യൽ മീഡിയയിൽ പലരും പ്രദർശിപ്പിക്കുന്നത് പോലെയുള്ള ശരീരം ചുരുങ്ങിയ കാലയളവിൽ സ്വന്തമാക്കാനുള്ള സമ്മർദ്ദമാണ് പലരെയും ഇതിലേക്ക് നയിക്കുന്നത്.
പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ കൃത്രിമ രൂപമാണ് അനാബോളിക് സ്റ്റിറോയിഡുകൾ. സ്ത്രീശരീരത്തിൽ ഈ ഹോർമോൺ വളരെ കുറഞ്ഞ അളവിൽ മാത്രമേ ഉണ്ടാകൂ. അതുകൊണ്ട് തന്നെ ചെറിയ അളവിലുള്ള സ്റ്റിറോയിഡ് ഉപയോഗം പോലും സ്ത്രീകളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. സ്‌റ്റാനോസോളോൾ (Stanozolol), നാൻഡ്രോളോൺ (Nandrolone), ഓക്സാൻഡ്രോളോൺ (Oxandrolone) എന്നിവയാണ് സ്ത്രീകൾക്കിടയിൽ കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. ഇന്ത്യയിലെ നിയന്ത്രണമില്ലാത്ത സപ്ലിമെന്റ് വിപണിയിൽ ഇത്തരം മരുന്നുകൾ എളുപ്പത്തിൽ ലഭ്യമാകുന്നുമുണ്ട്.
സ്റ്റിറോയിഡുകൾ മസിൽ വളർത്തുക മാത്രമല്ല, ശരീരത്തിലെ ഹോർമോൺ വ്യവസ്ഥയെ തന്നെ തകിടം മറിക്കുന്നു. മുഖത്ത് രോമം വളരുക, ശബ്ദം കനക്കുക, മുഖക്കുരു, മുടി കൊഴിച്ചിൽ തുടങ്ങിയ നിരവധി ശാരീരിക മാറ്റങ്ങൾ ഇതിലൂടെ ഉണ്ടാകും. ഇതിൽ പല മാറ്റങ്ങളും ഒരിക്കലും പഴയതുപോലെ ആകില്ല എന്നതാണ് ഏറ്റവും വലിയ ആശങ്ക. കൂടാതെ ആർത്തവം തെറ്റുകയോ പൂർണ്ണമായി നിലയ്ക്കുകയോ ചെയ്യാം. ഇത് വന്ധ്യതയ്ക്കും കാരണമാകും. കൂടാതെ കരൾ, ഹൃദയം എന്നിവയെയും ഇത് ബാധിക്കും. ഇതിനോടൊപ്പം തന്നെ മാനസിക പ്രശ്നങ്ങളും നേരിടേണ്ടി വരും. കടുത്ത ഉത്കണ്ഠ, വിഷാദം, ദേഷ്യം തുടങ്ങിയവ സ്റ്റിറോയിഡ് ഉപയോഗിക്കുന്നവരിലും അത് നിർത്തുന്ന ഘട്ടത്തിലും കണ്ടുവരുന്നു. സ്വന്തം ശരീരത്തെക്കുറിച്ച് അമിതമായ ഉത്കണ്ഠയുണ്ടാകുന്ന ‘മസിൽ ഡിസ്മോർഫിയ’ (Muscle Dysmorphia) എന്ന അവസ്ഥയിലേക്കും ഇത് നയിക്കാം.
സ്ത്രീകൾ സ്റ്റിറോയിഡുകളിലേക്ക് തിരിയുന്നത്തിന്റെ ഏറ്റവും പ്രധാന കാരണം സോഷ്യൽ മീഡിയയുടെ സ്വാധീനം തന്നെയാണ്. ഫിറ്റ്‌നസ് ഇൻഫ്ലുവൻസർമാർ പങ്കുവെക്കുന്ന ‘ട്രാൻസ്‌ഫോർമേഷൻ’ വീഡിയോകൾ പലപ്പോഴും യാഥാർത്ഥ്യത്തിന് നിരക്കാത്തതാണ്. മരുന്നുകളുടെ സഹായമില്ലാതെ ഇത്തരം ശരീരപ്രകൃതി നേടിയെടുക്കാൻ ബുദ്ധിമുട്ടാണെന്ന സത്യം പലപ്പോഴും മറച്ചുവെക്കപ്പെടുന്നു. ശാസ്ത്രീയ അറിവില്ലാത്ത ട്രെയിനർമാരാണ് ഇത്തരം മരുന്നുകൾ പെൺകുട്ടികൾക്ക് നൽകുന്നത്. ചില ഹെർബൽ സപ്ലിമെന്റുകളിലും മറ്റും രഹസ്യമായി സ്റ്റിറോയിഡുകൾ ചേർക്കാറുണ്ട്.
ജിമ്മുകളിൽ സ്റ്റിറോയിഡ് ഉപയോഗവുമായി ബന്ധപ്പെട്ട ‘സൈക്കിൾസ്’, ‘കട്ട്‌സ്’ എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ സാധാരണമായി മാറിയതോടെ ഇതൊരു തെറ്റായ കാര്യമല്ലെന്ന തോന്നൽ പുതിയവരിലും ഉണ്ടാകുന്നു. ഇന്ത്യയിൽ സ്റ്റിറോയിഡുകൾ പ്രിസ്‌ക്രിപ്ഷനില്ലാതെ വിൽക്കാൻ പാടില്ലാത്ത മരുന്നുകളാണ്. എങ്കിലും ജിം ശൃംഖലകൾ വഴിയും ഓൺലൈൻ വഴിയും ഇവ സുലഭമാണ്. സ്ത്രീകൾക്കിടയിലെ ഈ ഉപയോഗത്തെക്കുറിച്ച് കൃത്യമായ പഠനങ്ങളോ നിയമനിർമ്മാണമോ നമ്മുടെ രാജ്യത്ത് ലഭ്യമല്ല.
ചിട്ടയായ വ്യായാമത്തിലൂടെയും ശരിയായ ഭക്ഷണത്തിലൂടെയും ആരോഗ്യം സംരക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. സ്റ്റിറോയിഡുകൾ പെട്ടെന്ന് ഫലം നൽകിയേക്കാം, പക്ഷേ അവ വരുത്തിവെക്കുന്ന ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ ആ നേട്ടങ്ങളേക്കാൾ വലുതാണെന്ന് ഡോക്ടർമാരും മുന്നറിയിപ്പ് നൽകുന്നു. ഏതെങ്കിലും തരത്തിലുള്ള പ്രകടനക്ഷമത കൂട്ടുന്ന മരുന്നുകൾ ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ നിർദ്ദേശം തേടേണ്ടത് അത്യാവശ്യമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here