നവജാത ശിശുവിന്റെ ശരീരം കടിച്ചെടുത്ത് തെരുവുനായ; കൈകളും തലയും കാണാനില്ല

ഉത്തർപ്രദേശിലെ കാൺപൂരിലെ പാർക്കിലാണ് ഹൃദയം തകർക്കുന്ന സംഭവം നടന്നത്. നവജാത ശിശുവിന്റെ വികൃതമാക്കിയ ശരീരം തെരുവുനായ കടിച്ചു കൊണ്ടുപോകുന്ന കാഴ്ച ശ്വാസമടക്കിപിടിച്ചാണ് ചുറ്റും നിന്നവർ കണ്ടത്. ഇത് പ്രദേശത്താകെ പരിഭ്രാന്തി പരത്തി. കൈകളും തലയും ഇല്ലാത്ത നിലയിലായിരുന്നു ശിശുവിന്റെ ശരീരം.
അമിത് ത്രിവേദി എന്ന പ്രദേശവാസിയാണ് ആദ്യം തെരുവുനായ തുണിയിൽ പൊതിഞ്ഞ വസ്തുവുമായി പാർക്കിലേക്ക് ഓടുന്നത് കണ്ടത്. സംശയം തോന്നിയ ഇയാൾ നായയെ പിന്തുടർന്നു. ആളനക്കം കേട്ടതോടെ നായ ശരീരം താഴെയിട്ട് ഓടി രക്ഷപ്പെട്ടു.
ത്രിവേദിയും മറ്റ് നാട്ടുകാരും തുണി മാറ്റി പരിശോധിച്ചപ്പോഴാണ്, കൈകളും തലയും ഇല്ലാത്ത നിലയിൽ നവജാത ശിശുവിനെ കണ്ടത്. കുഞ്ഞിന്റെ നെഞ്ചിൽ ഗുരുതരമായി മുറിവേറ്റതായും കണ്ടെത്തി.
പൊക്കിൾക്കൊടി പരിശോധിച്ചതിൽ നിന്നാണ് കുഞ്ഞു ജനിച്ചു 36 മണിക്കൂർ മാത്രമേ ആയിട്ടുള്ളു എന്ന് കണ്ടെത്തിയത്. കുട്ടിയുടെ മുറിച്ചുമാറ്റിയ കൈപ്പത്തിയിൽ IV കാനുല ഘടിപ്പിച്ചിരുന്നത് പൊലീസ് കണ്ടെത്തി. കുഞ്ഞ് ഏതെങ്കിലും ആശുപത്രിയിലോ നേഴ്സിങ് ഹോമിലോ ആണ് ജനിച്ചതെന്നാണ് പോലീസ് പറയുന്നത്.
ഗർഭച്ഛിദ്രം നടത്തി ഉടൻ തന്നെ കുഞ്ഞിനെ മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിച്ചതാകാം എന്നും, അവിടെ നിന്ന് നായ കടിച്ചെടുത്തതാകാം എന്നും പൊലീസ് സംശയിക്കുന്നു. അല്ലെങ്കിൽ, കുഞ്ഞ് മരിച്ച ശേഷം കുഴിച്ചിട്ടതിനെ നായ പുറത്തെടുത്തതാകാനും സാധ്യതയുണ്ടെന്ന് സൗത്ത് ഡിസിപി ദീപേന്ദ്ര നാഥ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. IV കാനുല വിവരങ്ങൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here