വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ; ഒരു മാസത്തിനിടെ മരിച്ചത് മൂന്ന് കുട്ടികള്‍; കേരളത്തിന്റെ നോവായി സിയയും നിയയും ഭാഗ്യയും

സംസ്ഥാനത്ത് ഒരു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത് മൂന്ന് പേവിഷബാധയേറ്റുള്ള മരണങ്ങളാണ്. മൂന്നു പേരും കുട്ടികളാണ് എന്നതാണ് ഏറെ ദുഖകരം. പ്രതിരോധ വാകിസിന്‍ എടുത്ത ശേഷമാണ് ഇവര്‍ക്ക് രോഗബാധയുണ്ടായത് എന്നത് കൂടുതല്‍ ഗൗരവമുള്ള കാര്യമാണ്.
കൊല്ലം പത്തനാപുരം സ്വദേശിയായ നിയാ ഫൈസലാണ് അവസാനം മരിച്ചത്. ഇന്ന് രാവിലെയാണ് നിയയുടെ മരണം സ്ഥിരീകരിച്ചത്. തെരുവുനായ കടിച്ചതിന് ആദ്യ മൂന്നു ഡോസ് പ്രതിരോധ വാക്‌സീന്‍ എടുത്തിട്ടും പേവിഷബാധ ഏല്‍ക്കുകയായിരുന്നു. ഏപ്രില്‍ 8നാണ് നിയയ്ക്ക കടിയേറ്റത്. വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലും പുനലൂര്‍ താലൂക്ക് ആശുപത്രിയിലുമായി മൂന്ന് ഡോസ് വാക്‌സിന്‍ എടുത്തിരുന്നു. എന്നാല്‍ 29ന് പനി ബാധിച്ച് ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് എസ്എടിയിലേക്കും കൊണ്ടു വരികയായിരുന്നു.
ഞരമ്പില്‍ കടിയേറ്റതിനാലാണ് വാക്‌സിന്‍ ഫലിക്കാത്തത് എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഏപ്രില്‍ 9ന് പത്തനംതിട്ട പുല്ലാട് സ്വദേശി ഭാഗ്യലക്ഷ്മിയും (13), ഏപ്രില്‍ 29നു മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സിയ ഫാരിസും (6) മരിച്ചിരുന്നു. ഡിസംബറില്‍ നായയുടെ കടിയേറ്റ് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ നിന്ന് കുത്തിവയ്‌പെടുത്ത ഭാഗ്യലക്ഷ്മിയുടെ മരണം മൂന്നുമാസത്തിനു ശേഷമായിരുന്നു. സിയയും കടിയേറ്റ ശേഷം വാകിസിന്‍ എടുത്തിരുന്നു. എന്നാല്‍ ഒരു മാസത്തിന് ശേഷം മരണമടഞ്ഞു. തലയില്‍ കടിയേറ്റതിനാലാണ് വാക്‌സിന്‍ ഫലിക്കാത്തത് എന്നാണ് ആരോഗ്യവകുപ്പ് ന്യായീകരണമായി പറഞ്ഞത്.
2021നു ശേഷം പേവിഷ ബാധയ്ക്കുള്ള വാക്‌സീന്‍ എടുത്തശേഷം 22 പേര്‍ മരിച്ചെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഒരോ മരണം സംഭവിക്കുമ്പോഴും ന്യായീകരണങ്ങള്‍ നിരത്തുന്നതല്ലാതെ കൃത്യമായ ഒരു പഠനവും ഇത് സംബന്ധിച്ച് നടക്കുന്നില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here