SV Motors SV Motors

‘വരദരാജന്റെ ആത്മഹത്യയും മുകേഷിന്റെ ബലാത്സംഗവും’; തൊഴിലാളി നേതാവിനെ സംരക്ഷിക്കാത്ത പാര്‍ട്ടി നടന് ഒരുക്കുന്നത് രക്ഷാകവചം

ബലാത്സംഗക്കേസില്‍ പ്രതിയായ കൊല്ലം എംഎല്‍എ മുകേഷിനെ സംരക്ഷിക്കുന്നതില്‍ സിപിഎമ്മിനുള്ളിലും കടുത്ത പ്രതിഷേധം. ലൈംഗികപീഡന കേസില്‍ പ്രതിയായ എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടെന്ന നിലപാട് തള്ളി പിബി അംഗം വൃന്ദ കാരാട്ട് രംഗത്ത് വന്നതോടെ സംസ്ഥാന നേതൃത്വം സമ്മര്‍ദ്ദത്തിലാണ്. സഹപ്രവര്‍ത്തകയ്ക്ക് ദുസൂചനയുള്ള എസ്എംഎസ് മെസേജ് അയച്ചുവെന്ന ആരോപണത്തിന്റെ പേരില്‍ കേന്ദ്ര കമ്മറ്റി അംഗമായിരുന്ന ഡബ്ല്യു ആര്‍ വരദരാജനെ കാരണം പോലും ചോദിക്കാതെ പുറത്താക്കിയ പാര്‍ട്ടിയാണ് ബലാത്സംഗക്കേസ് പ്രതിയായ മുകേഷിനെ സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്നത്.

സിപിഎമ്മിന്റെ തമിഴ്‌നാട്ടിലെ തലയെടുപ്പുള്ള ട്രേഡ് യൂണിയന്‍ നേതാവായിരുന്നു ‘ഡബ്ല്യുആര്‍’ എന്നറിയപ്പെട്ടിരുന്ന വരദരാജന്‍. റിസര്‍വ് ബാങ്ക് ജീവനക്കാരനും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായിരുന്ന അദ്ദേഹം കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. 2010 ഫെബ്രുവരിയില്‍ പ്രമീള എന്നൊരു സ്ത്രീക്ക് ദുസൂചനയോടെ അയച്ചു എന്ന് പറയുന്ന എസ്എംഎസ് സന്ദേശത്തെ കുറിച്ച് പാര്‍ട്ടിക്ക് പരാതി ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രകമ്മറ്റി അംഗമായിരുന്ന വരദരാജനെ തരം താഴ്ത്താന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു. രേഖാമൂലം പരാതി പോലുമില്ലാതെയാണ് തനിക്കെതിരെ നടപടി സ്വീകരിച്ചതെന്ന് വരദരാജന്‍ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

പാര്‍ട്ടിയുടെ അന്വേഷണ സമിതിക്കു മുന്നില്‍ പോലും പരാതിക്കാരി ഹാജാരാകാന്‍ വിസമ്മതിച്ചു എന്നാണ് താന്‍ മനസിലാക്കിയതെന്ന് വരദരാജന്‍ വ്യക്തമാക്കിയിരുന്നു. തന്റെ ഭാര്യയുമായുള്ള അഭിപ്രായ വ്യത്യാസമാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നും അദ്ദേഹം പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ടിന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ വിശദീകരണമൊന്നും പരിഗണിക്കാതെ കേന്ദ്ര കമ്മറ്റിയില്‍ നിന്ന് തരംതാഴ്ത്തിയതില്‍ അതീവ ദു:ഖിതനായ വരദരാജന്‍ 2010 ഫെബ്രുവരി 20 ന് ചെന്നൈ പൊറൂരിലുള്ള കായലില്‍ ചാടി ആത്മഹത്യ ചെയ്തു.

തമിഴ്‌നാട്ടില്‍ പാര്‍ട്ടി കെട്ടിപ്പെടുക്കാന്‍ ജീവിതം തന്നെ ഹോമിച്ച തൊഴിലാളി നേതാവിന് ലഭിക്കാത്ത പരിഗണനയും സംരക്ഷണയുമാണ് ഒന്നിലധികം സ്ത്രീ പീഡന കേസില്‍ പ്രതിയായ മുകേഷിന് നല്‍കുന്നതെന്ന ആക്ഷേപം പാര്‍ട്ടിയില്‍ ശക്തമാണ്. സമാനമായ കേസില്‍ പ്രതിയായ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചില്ലല്ലോ എന്നതാണ് മറുവാദം. എന്നാല്‍ ഇതിനെ തള്ളി പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പാര്‍ട്ടി വെബ് സൈറ്റില്‍ എഴുതിയ ലേഖനം സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി.

മുകേഷിന് നല്‍കുന്ന സംരക്ഷണം സിപിഎമ്മിന്റെ ധാര്‍മ്മിക അധ:പതനമായി വിലയിരുത്തുമെന്നു ആശങ്കയും പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിനുണ്ട്. ഭരണ നേതൃത്വത്തിന്റെ ഭാഗമായ എംഎല്‍എക്കെതിരെ ആതീവ ഗുരുതരമായ കുറ്റം ചുമത്തപ്പെട്ട സാഹചര്യത്തില്‍ അയാളെ ചുമക്കുന്നത് ദൂരവ്യാപകമായ ദോഷം ചെയ്യുമെന്നാണ് പാര്‍ട്ടി അനുഭാവികള്‍ വിലയിരുത്തുന്നത്. ഇരകളായ സ്ത്രീകള്‍ക്കൊപ്പമാണെന്ന് പറയുന്നവര്‍ തന്നെയാണ് വേട്ടക്കാരന് സംരക്ഷണ കവചമൊരുക്കുന്നത്. ഇത് ഇരട്ടത്താപ്പാണെന്ന വിമര്‍ശനം ശക്തമാണ്. കേന്ദ്ര കമ്മറ്റി അംഗമായ ഡബ്ല്യുആര്‍ വരദരാജന് ലഭിക്കാത്ത സംരക്ഷണം പാര്‍ട്ടി അംഗം പോലുമല്ലാത്ത മുകേഷിന് നല്‍കുന്നതിന്റെ കാരണം പോലും വിശദീകരിക്കാന്‍ പാടുപെടുകയാണ് നേതൃത്വം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top