സതീശനെതിരെ വെള്ളാപ്പള്ളിക്ക് പിന്നാലെ സുകുമാരൻ നായരും; കോൺഗ്രസിനുള്ളിലും പുകച്ചിൽ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച സതീശൻ, സഭാ സിനഡ് യോഗം ചേർന്നപ്പോൾ അവിടെ പോയത് തിണ്ണ നിരങ്ങാനല്ലേയെന്ന് സുകുമാരൻ നായർ ചോദിച്ചു. വെള്ളാപ്പള്ളി നടേശന്റെ കടുത്ത വിമർശനങ്ങൾക്ക് പിന്നാലെയാണ് എൻഎസ്എസ് നേതൃത്വവും സതീശനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
പിന്നാലെ “വർഗീയതയുടെ കൂടാരത്തിൽ കുടിയിരിക്കുന്നവർക്ക് തന്നെ വിമർശിക്കാൻ അർഹതയില്ല” എന്ന് സതീശൻ തിരിച്ചടിച്ചു. താൻ സിനഡ് യോഗത്തിൽ പോയത് സമുദായ നേതാവായിട്ടല്ല, മറിച്ച് ജനപ്രതിനിധിയായിട്ടാണെന്നും സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ല എന്ന തന്റെ പഴയ നിലപാടിൽ ഇപ്പോഴും മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമുദായ നേതാക്കൾക്കല്ല, മറിച്ച് പൊതുസമൂഹത്തിനാണ് രാഷ്ട്രീയത്തിൽ പരമാധികാരമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Also Read : ഈഴവ നായർ ഐക്യം എൽഡിഎഫിനെ തുണയ്ക്കുമോ; സുകുമാരൻ നായരും വെള്ളാപ്പള്ളിയും കൈ കൊടുക്കുമ്പോൾ
വർഗ്ഗീയതയ്ക്കെതിരെ സംസാരിക്കാൻ സതീശന് എന്ത് യോഗ്യതയാണുള്ളതെന്ന് സുകുമാരൻ നായർ ആരാഞ്ഞു. തനിക്കെതിരെയും സതീശൻ അനാവശ്യമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. സതീശനെ കോൺഗ്രസ് ഇത്തരത്തിൽ അഴിച്ചുവിട്ടിരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമുദായ നേതാക്കളെ അവഗണിച്ചുകൊണ്ടുള്ള സതീശന്റെ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് എൻഎസ്എസ് അറിയിച്ചത്.
എൻഎസ്എസ്-എസ്എൻഡിപി ഐക്യത്തെക്കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ നിലപാട് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സുകുമാരൻ നായർ വ്യക്തമാക്കി. സമുദായങ്ങൾക്കിടയിൽ ഐക്യം അനിവാര്യമാണ്. എന്നാൽ ഐക്യനീക്കം തടഞ്ഞത് മുസ്ലീം ലീഗാണെന്ന വെള്ളാപ്പള്ളിയുടെ ആരോപണം അദ്ദേഹം തള്ളി. മുൻപ് സംവരണ വിഷയത്തിലുള്ള അഭിപ്രായവ്യത്യാസമാണ് ഐക്യത്തിന് തടസ്സമായതെന്നും എന്നാൽ ഇപ്പോൾ അത്തരം തടസ്സങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന മൂല്യങ്ങൾ നഷ്ടപ്പെടാതെ രാഷ്ട്രീയമില്ലാത്ത സമദൂര നിലപാടിൽ എൻഎസ്എസ് ഉറച്ചുനിൽക്കും. വെള്ളാപ്പള്ളി ചർച്ചയ്ക്ക് തയ്യാറായാൽ എൻഎസ്എസ് അതിനെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. സമുദായ സംഘടനകളുമായി സതീശൻ പുലർത്തുന്ന അകൽച്ചയിൽ കെ.പി.സി.സി.യിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. എൻഎസ്എസ് ആസ്ഥാനത്ത് രമേശ് ചെന്നിത്തലയെപ്പോലുള്ള നേതാക്കൾക്ക് ലഭിക്കുന്ന സ്വീകാര്യത സതീശനില്ല എന്നത് അദ്ദേഹത്തിന്റെ പരാജയമായി വിമർശകർ ചൂണ്ടി കാട്ടുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here