IITയിലെ ആ സാധാരണ മുറി! ‘മെറ്റലർജി’ പഠിച്ച സുന്ദർ പിച്ചൈ എങ്ങനെ ടെക് ലോകത്തിൻ്റെ തലപ്പത്തെത്തി?

ഖരഗ്പൂരിലെ ചെറിയ ഹോസ്റ്റൽ മുറിയിൽ നിന്ന് ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനിയുടെ തലപ്പത്തേക്ക് എത്തിയ ആളാണ് സുന്ദർ പിച്ചൈ. ഇന്ന് ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ഗൂഗിളിന്റെയും ആൽഫബെറ്റിന്റെയും സിഇഒ ആണ് അദ്ദേഹം. തൻ്റെ ബിടെക് പഠനകാലം ചെലവഴിച്ച ഐഐടി ഖരഗ്പൂരിലെ ഹോസ്റ്റൽ മുറിയായ B-308 ഇപ്പോഴും മറ്റ് വിദ്യാർത്ഥികൾക്ക് പ്രചോദനമായി നിലനിൽക്കുന്നു.
നെഹ്‌റു ഹോൾ ഓഫ് റെസിഡൻസിലെ ഈ സാധാരണ മുറിയിൽ കട്ടിൽ, മേശ, കസേര, അലമാര എന്നിവ മാത്രമാണുള്ളത്. മെറ്റലർജി ആൻഡ് മെറ്റീരിയൽസ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്ന പിച്ചൈയുടെ എഞ്ചിനീയറിംഗ് പഠനം കമ്പ്യൂട്ടർ സയൻസിൽ നിന്ന് വ്യത്യസ്തമായിരുന്നു. എന്നാൽ, എഞ്ചിനീയറിംഗിലെ താഴ്ന്ന ബ്രാഞ്ചിൽ നിന്ന് വന്ന വിദ്യാർത്ഥി ലോകത്തെ ഏറ്റവും സ്വാധീനമുള്ള ടെക് കമ്പനിയെ നയിക്കാൻ പോകുന്നു എന്ന് അന്ന് ആരും ചിന്തിച്ചിട്ടുണ്ടാവില്ല.
ഐഐടിയിലെ ആദ്യ വർഷത്തെ മാർക്കുകൾ നാണക്കേടുണ്ടാക്കുന്നതായിരുന്നു. എന്നാൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ അദ്ദേഹം അത് തിരുത്തി. വിദ്യാർത്ഥിയായിരുന്നപ്പോൾ, ലഭിച്ച ഒഴിവു സമയങ്ങളിലാണ് കമ്പ്യൂട്ടർ പ്രോഗ്രാമിംഗിൽ, പ്രത്യേകിച്ച് ഫോർട്രാൻ എന്ന കമ്പ്യൂട്ടർ ഭാഷയിൽ അദ്ദേഹം കൂടുതൽസമയം ചിലവഴിച്ചത്. ജീവിതത്തിൽ ആദ്യമായി കമ്പ്യൂട്ടർ കണ്ടത് ഐഐടിയിൽ വച്ചായിരുന്നു. കൂടാതെ ഐഐടിയിൽ നിന്ന് ബിരുദം നേടിയ ശേഷം ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകുമ്പോഴാണ് ആദ്യ വിമാന യാത്ര ചെയ്തതെന്നും അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു.
പഠനത്തിന് മാത്രമല്ല, B-308 മുറിയ്ക്ക് പ്രണയകഥയുടെ ചരിത്രം കൂടി പറയാനുണ്ട്. ഐഐടി പഠനകാലത്താണ് സുന്ദർ പിച്ചൈ തൻ്റെ സഹപാഠിയും ഇപ്പോൾ ഭാര്യയുമായ അഞ്ജലി പിച്ചൈയെ കണ്ടുമുട്ടിയത്. സിസ്റ്റർ നിവേദിത ഹാളിന് പുറത്ത് അഞ്ജലിയെ കാത്തുനിന്നതിനെക്കുറിച്ചുള്ള ഓർമ്മകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന ശാഖയല്ല മറിച്ചു ലോകാനുഭവങ്ങളും കഴിവുകളുമാണ് തന്റെ ഭാവി മാറ്റി മറിച്ചതെന്നാണ് പിച്ചൈ ഐഐടി വിദ്യാർത്ഥികളുമായുള്ള സംവാദത്തിൽ പറഞ്ഞത്. സമ്മർദ്ദങ്ങൾക്ക് വഴങ്ങി മറ്റുള്ളവരുടെ ഇഷ്ടങ്ങൾ തിരഞ്ഞെടുക്കാതെ സ്വന്തം ഇഷ്ടങ്ങൾ പിന്തുടരുക. അപ്പോൾ ജീവിതം ആഗ്രഹിക്കുന്നതുപോലെ മുന്നോട്ട് പോകും എന്നും അദ്ദേഹം പറഞ്ഞു.
ഗൂഗിളിൽ ടൂൾബാറിൽ തുടങ്ങി ക്രോം, ആൻഡ്രോയിഡ് എന്നിവയുടെ നേതൃത്വത്തിലേക്ക് ഉയർന്ന പിച്ചൈയുടെ കഥ എല്ലാ വിദ്യാർത്ഥികൾക്കും മാതൃക തന്നെയാണ്. മെറ്റലർജി പഠിച്ച വിദ്യാർത്ഥിക്ക് ഡിജിറ്റൽ സാമ്രാജ്യത്തെ നയിക്കാൻ കഴിയുമെങ്കിൽ, കഠിനാധ്വാനമുള്ള ഏത് സാധാരണ വിദ്യാർത്ഥിക്കും ഇതിനു കഴിയുമെന്ന് പിച്ചൈയുടെ ജീവിതം തുറന്നു പറയുന്നു. ഏത് ചെറിയ ഇടങ്ങളിൽ നിന്നും വലിയ കാര്യങ്ങൾ സംഭവിക്കാം എന്നും ഈ ഹോസ്റ്റൽ മുറിയും ഓർമ്മിപ്പിക്കുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here