പുണ്യഭൂമിയിൽ സണ്ണി ലിയോണി വേണ്ട; പുതുവത്സര പരിപാടിക്കെതിരെ സന്യാസിമാർ

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മഥുരയിൽ നടി സണ്ണി ലിയോണി പങ്കെടുക്കുന്ന പരിപാടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പുണ്യഭൂമിയായ മഥുരയുടെ പവിത്രത തകർക്കുന്നതാണ് ഇത്തരമൊരു പരിപാടിയെന്ന് ആരോപിച്ചാണ് സന്യാസിമാരും വിവിധ പ്രാദേശിക സംഘടനകളും രംഗത്തെത്തിയിരിക്കുന്നത്.
മഥുരയും വൃന്ദാവനവും ഭക്തിയുടെയും ആത്മീയതയുടെയും കേന്ദ്രങ്ങളാണെന്നും, അവിടെ സണ്ണി ലിയോണിയെപ്പോലൊരു താരം പങ്കെടുക്കുന്ന നൃത്ത പരിപാടികൾ അനുവദിക്കില്ലെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്. സാംസ്കാരിക മൂല്യങ്ങൾക്ക് നിരക്കാത്ത ഇത്തരം പരിപാടികൾ ദൈവിക ഭൂമിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഇവർ ആരോപിക്കുന്നു.
പരിപാടി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ പ്രാദേശിക ഭരണകൂടത്തിന് കത്ത് നൽകി. പരിപാടിയുമായി മുന്നോട്ട് പോയാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സന്യാസി സമൂഹം മുന്നറിയിപ്പ് നൽകി. ഇതിനുമുൻപും സണ്ണി ലിയോണിയുടെ സംഗീത ആൽബങ്ങളുമായി ബന്ധപ്പെട്ട് മഥുരയിൽ സമാനമായ രീതിയിലുള്ള പ്രതിഷേധങ്ങൾ നടന്നിട്ടുണ്ട്. നിലവിൽ പരിപാടിക്ക് ഔദ്യോഗികമായി തടസ്സങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് പോലീസ് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here