മന്ത്രി ബിന്ദുവിൻ്റെ തലയിൽ നിന്ന് വീട് ഇറക്കി വയ്ക്കണമെന്ന് ‘സുപ്രഭാതം’; കീം റാങ്ക് ലിസ്റ്റ് കുളമാക്കിയതിന് ട്രോളിക്കൊന്ന് എഡിറ്റോറിയൽ

എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് കുളമാക്കിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ കടുത്ത പരിഹാസവുമായി സമസ്ത മുഖപത്രമായ ‘സുപ്രഭാത’ത്തിൻ്റെ എഡിറ്റോറിയൽ. “എവിടെവിടെപ്പോയാലും വീട് തലയിലേറ്റുന്ന കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി തൽക്കാലത്തേക്ക് എങ്കിലും അതൊന്നിറക്കി വച്ച് പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായ വിദ്യാർഥികളെ ഓർത്തെങ്കിൽ കീമിന്റെ പേരിൽ കുട്ടികളും രക്ഷിതാക്കളും തീ തിന്നേണ്ടിവരില്ലായിരുന്നു” എന്ന് പറഞ്ഞാണ് എഡിറ്റോറിയൽ ആരംഭിക്കുന്നത് .
ഇന്ത്യാ ടുഡേ കോൺക്ലേവിൽ ആർ ബിന്ദു നടത്തിയ ‘ വേർ എവർ ഐ ഗോ, ഐ ടേക്ക് മൈ ഹൗസ് ഇൻ മൈ ഹെഡ് (Where ever I go I take my house in my head ) എന്ന പരാമർശം ഏറ്റുപിടിച്ചാണ് മുഖപ്രസംഗം കണക്കറ്റ് പരിഹസിക്കുന്നത്. “ഏത് സ്ഥാനത്തിരുന്നാലും അവരെ വീടും കുടിയും പിന്തുടരുന്നുവെന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണ ബിരുദധാരിയായ ടീച്ചർ പറയുമ്പോൾ അത് മനസിലാക്കാൻ കഴിയണ്ടേ ” എന്നാണ് പത്രം ചോദിക്കുന്നത്. മന്ത്രി പറഞ്ഞത് പൊട്ട ഇംഗ്ലീഷാണെന്ന് കളിയാക്കിയിട്ടുണ്ട്.
സംസ്ഥാന സിലബസിൽ പഠിച്ചുവെന്നതു കൊണ്ടു മാത്രം മികച്ച കോളജുകളിൽ പ്രവേശനം കിട്ടില്ലെന്ന സ്ഥിതിക്ക് പരിഹാരം കാണാനെന്ന പേരിൽ ചെയ്തതിൽ പലതും അബദ്ധങ്ങളായിരുന്നു. സിസ്റ്റം കരുതിക്കൂട്ടി ചെയ്തുവെന്ന് കരുതുന്നവരെ കുറ്റം പറയാനാവില്ല. ഇല്ലാതിരുന്ന പ്രൊഫസർ പദവി സ്വയം പറഞ്ഞ് സത്യപ്രതിജ്ഞ ചൊല്ലിയതിനെയും ട്രോളി വിട്ടിട്ടുണ്ട്. മന്ത്രിയെ മൊത്തത്തിൽ ഒരു ഹാസ്യകഥാപാത്രം ആക്കിയാണ് ‘കടുകു വറ കടുക വറ‘ എന്ന തലക്കെട്ടിൽ എഡിറ്റോറിയൽ എഴുതിയിരിക്കുന്നത്.
എഡിറ്റോറിയലിന്റെ പൂർണ്ണ രൂപം:
“ജനിക്കും മുമ്പെൻ കുഞ്ഞ് ഇംഗ്ലീഷ് പറയണം, അതിനാൽ ഭാര്യ തൻ പേറങ്ങ് ഇംഗ്ലണ്ടിലാക്കി ഞാൻ” – കുഞ്ഞുണ്ണി മാഷ്. എവിടെവിടെപ്പോയാലും വീട് തലയിലേറ്റുന്ന ഉന്നത വിദ്യാഭ്യാസമന്ത്രി തൽക്കാലത്തേക്ക് എങ്കിലും അതൊന്നിറക്കി വച്ച് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായ വിദ്യാർഥികളെ ഓർത്തിരുന്നുവെങ്കിൽ കീമിന്റെ പേരിൽ കുട്ടികളും രക്ഷിതാക്കളും ഇങ്ങനെ തീ തിന്നേണ്ടി വരില്ലായിരുന്നു. സംസ്ഥാനത്തെ ഏറ്റവും മികച്ച എൻജിനീയറിങ് കോളജുകളിൽ കേരള സിലബസുകാർക്ക് പ്രവേശനം കിട്ടാതായിട്ട് ഏതാനും വർഷങ്ങളായി. പ്രശ്നം യോഗ്യതാ പരീക്ഷയായ പ്ലസ് ടു സ്കോറിൻ്റെ സമീകരണമാണ്.
ആഗോള മീനും ഇസഡ് സ്കോറും ഒക്കെ വച്ച് കൂട്ടിക്കിഴിച്ചെത്തുമ്പോൾ കേരള പ്ലസ്ടുക്കാരുടെ സ്കോർ കുറയുകയും സി.ബി.എസ്.ഇക്കാരുടേത് കൂടുകയും ചെയ്യുന്നു. ഒറ്റ സ്കോറിന്റെ പേരിൽ നൂറുകണക്കിന് പേരുടെ പിന്നിലാവുന്നു. ഇത് കഴിഞ്ഞ വർഷത്തെ മാത്രം കാര്യമല്ല. കഴിഞ്ഞ വർഷം കേരള കുട്ടികളുടെ നഷ്‌ടം കുറെ കൂടി കടുത്തതായിരുന്നുവെന്ന് മാത്രം. മിടുക്കരായ കുട്ടികൾ, സംസ്ഥാന സിലബസിൽ പഠിച്ചുവെന്നതു കൊണ്ടു മാത്രം മികച്ച കോളേജുകളിൽ പ്രവേശനം കിട്ടില്ലെന്ന സ്ഥിതിക്ക് പരിഹാരം കാണാനെന്ന പേരിൽ ചെയ്തതിൽ പലതും അബദ്ധങ്ങളായിരുന്നു. സിസ്റ്റം കരുതിക്കൂട്ടി ചെയ്യുവെന്ന് കരുതുന്നവരെ കുറ്റം പറയാനാവില്ല.
കോടതി ചോദിച്ചു: ഒരുവിഭാഗം കുട്ടികൾക്ക് ദോഷം ചെയ്യുന്നു എന്നതിനെ പറ്റി വല്ല പഠനവും നടത്തിയോ? നവംബറിൽ ഇത് സംബന്ധിച്ച് പ്രവേശന പരീക്ഷ കമ്മിഷണർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയിട്ടും ഫോർമുല പരിഷ്കരണത്തിനായി കമ്മിറ്റി വയ്ക്കുന്നത് ഏപ്രിലിൽ. അതിന് മുമ്പ് ഫെബ്രുവരിയിൽ തന്നെ കളിയുടെ നിയമാവലി പ്രസിദ്ധീകരിച്ചിരുന്നു. 2024 അതേ നിയമാവലി. പിന്നെ കളി തുടങ്ങിക്കഴിഞ്ഞ് നിയമം മാറ്റിയെന്ന് പറഞ്ഞാൽ നിലനിൽക്കുമോ. വിദഗ്‌ധ സമിതിയുടെ റിപ്പോർട്ട് ഉണ്ടെങ്കിലും അതിൽ പറയാത്തതും നടപ്പാക്കി, നിർദേശിച്ചത് നടപ്പാക്കിയുമില്ല. ഉന്നത വിദ്യാഭ്യാസ രംഗം ഏതാണ്ട് കുളം തോണ്ടിയ സ്ഥിതിയാണ്.
വൈസ് ചാൻസലർമാർ മുഴുവൻ സംഘികൾ അവരെ നയിക്കുന്നത് ചാൻസലർ എന്ന ഗവർണർ. കാര്യമായ തയാറെടുപ്പുമില്ലാതെ ബിരുദ പഠനം മൂന്നിൽ നിന്ന് നാലു വർഷമാക്കിയപ്പോഴും പ്രത്യേക പഠനം നടത്തിയില്ല. ഒരു കാലത്ത് സ്വാശ്രയ കോളജുകൾക്കെതിരേ സമരം ചെയ്ത ഇടതുപക്ഷം ഇപ്പോൾ സ്വകാര്യ വിദേശ സർവകാശാലകളെയും മുതൽമുടക്കൻമാരെയും തേടുകയാണ്. അവർക്ക് പരവതാനി വിരിക്കാൻ മടിയേതുമില്ല. പുതിയ കോഴ്‌സുകളും കോളജുകളും അനുവദിക്കുന്നത് സ്വാശ്രയ മേഖലയിൽ മാത്രം. ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് ഇവിടെ പെട്ടെന്ന് കുടുംബാസൂത്രണം നടപ്പാക്കിയതു കൊണ്ടല്ല. കുട്ടികൾ ഡിഗ്രിക്ക് തന്നെ പുറത്തേക്ക് പോകുന്നതുകൊണ്ടാണ്.
ഒരു അഭിമുഖത്തിൽ Where ever I go I take my house in my head എന്ന് ഡോ. ബിന്ദു പറഞ്ഞതിനെ പലരും കളിയാക്കി. in എന്നതിന് പകരം on എന്നല്ലേ വേണ്ടത്, house ന് പകരം home അല്ലേ വേണ്ടത് എന്നൊക്കെ ആംഗലേയ പണ്ഡിത ന്മാർ ചോദിച്ചു. ഏത് സ്ഥാനത്തിരുന്നാലും അവരെ വീടും കുടിയും പിന്തുടരുന്നുവെന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണ ബിരുദധാരിയായ ടീച്ചർ പറയുമ്പോൾ അത് മനസിലാക്കാൻ കഴിയണ്ടേ. ഇംഗ്ലീഷ് എഴുത്തുകാരിയായ ആഞ്ജല കാർട്ടറിൻ്റെ കഥകളിലെ പുരുഷാധിപത്യത്തിന് എതിരായ അട്ടിമറിയെപറ്റിയാണ് ടീച്ചർ ഗവേഷണം നടത്തിയത് എന്നോർക്കണം.
പക്ഷെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ പ്രൊഫസർ എന്ന് സ്വയം വിശേഷിപ്പിച്ചത് അബദ്ധം തന്നെയാണ്. പിന്നീട് രേഖയിലെങ്കിലും അത് തിരുത്തി. കാരണം അന്ന് കേരളത്തിൽ പ്രൊഫസർമാരേ ഉണ്ടായിരുന്നില്ല. അത് കൊച്ചിൻ ദേവസ്വം ബോർഡ് നടത്തുന്ന എയിഡഡ് കോളജായ കേരള വർമയിലെ ഇംഗ്ലിഷ് അസോസിയേറ്റ് പ്രൊഫസർക്ക് അറിയാതിരിക്കാൻ വയ്യ. പക്ഷെ ടീച്ചറുടെ ക്രാന്തദർശിത്വത്തിന് അതും ഒരു തെളിവായി. റിട്ടയർ ചെയ്തവർക്കും മുൻകാല പ്രാബല്യത്തോടെ പ്രൊഫസർ പദവി നൽകാൻ ടീച്ചർ തന്നെ ഉത്തരവിട്ടതോടെ ടീച്ചർക്കും പ്രൊഫസറാകാനായി.
വീട് തലയിൽ എന്ന് ആർ. ബിന്ദു പറയുന്നതിൽ വലിയ കാര്യമുണ്ട്. കാരണം ടീച്ചർക്ക് വീടും രാഷ്ട്രീയവും രണ്ടല്ല. ഭർത്താവ് എ.വിജയരാഘവൻ സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമാണ്. തൃശൂർ നഗരസഭാ മേയർ പദവിയിൽ അഞ്ചു വർഷം ഇരുന്ന ശേഷമാണ് 2021ൽ ഇരിങ്ങാലക്കുട മത്സരിക്കുന്നതും നേരെ വന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായതും. കുലസ്ത്രീ വേഷധാരിയാണ് ടീച്ചറെങ്കിലും കുട്ടികൾ ആണും പെണ്ണും കെട്ട വസ്ത്രം ധരിക്കട്ടെയെന്ന പക്ഷം അവർക്കുണ്ട്. ജൻഡർ ന്യൂട്രൽ യൂനിഫോമിന്റെ സംസ്ഥാനതല ഉദ്ഘാടനം തന്നെ നടത്തിക്കളഞ്ഞ ടീച്ചർ പിന്നെ അതേപറ്റി വല്ലാതെ മിണ്ടിയിട്ടില്ല. സുംബ നൃത്തത്തെ പറ്റി ചില വിമർശനങ്ങൾ ഉയർന്നപ്പോൾ സുംബയെ വാഴ്ത്താനും അവരുണ്ടായി.
ടീച്ചറുടെ ഇംഗ്ലിഷ് പരിജ്ഞാനത്തെ പറ്റി കൂടുതൽ വ്യക്തത കൈവന്നത് ഇതേ കോളജിൽ എസ്.എഫ്.ഐ ഒരു ബാനർ ഇറക്കിയപ്പോഴാണ്. Your Dal will not cook here എന്നാണ് എസ്.എഫ്.ഐ എഴുതിവച്ചത്. അതും അര സംഘിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ ഉയർത്തിയ ബാനറിൽ. ചാൻസലറെന്ന പിൻവാതിലിലൂടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം ഇപ്പോൾ ഭരിക്കുന്നത് സംഘപരിവാറാണ്. തരം പോലെ അതിനെ പ്രീണിപ്പിച്ചും കെറുവിച്ചും ഇടതുപക്ഷവും നീങ്ങുന്നു. സർവകലാശാലകളെ കളറണിയിക്കുന്നതിൽ സി.പി.എമ്മിൻ്റെ ചരിത്രം ഒട്ടും മോശമല്ലെങ്കിലും സംഘ്‌പരിവാറിന് കേരളത്തിലിടപെടാൻ രാഷ്ട്രീയ ധാർമികതയുടെ പിൻബലമില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here