ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ് 2027ല്‍ ചുമതയേല്‍ക്കും; പിതാവിന് പിന്നാലെ പരമോന്നത പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാകും ജസ്റ്റിസ് നാഗരത്‌ന

രാജ്യത്തിന്റെ 52-മത്തെ ചീഫ് ജസ്റ്റിസായി ഭുഷണ്‍ രാമകൃഷ്ണ ഗവായി ഇന്ന് ചുമതയേറ്റു. ഈ വര്‍ഷം നവംബര്‍ 23 വരെ ആറ് മാസക്കാലമാണ് അദ്ദേഹത്തിന്റെ കാലാവധി. മുന്‍ഗാമിയായ സഞ്ജീവ് ഖന്നയ്ക്കും ആറ് മാസമാണ് കിട്ടിയത്. രണ്ടാമത്തെ ദലിത് ചീഫ് ജസ്റ്റിസ് എന്ന പ്രത്യേകതയുണ്ട് ഗവായിയുടെ വരവിന്. മലയാളിയായ കെജി ബാലകൃഷ്ണനാണ് ആദ്യ ദലിത് ചീഫ് ജസ്റ്റിസ്. 1950ല്‍ സ്ഥാപിതമായ ശേഷം ഇതുവരെയായി സുപ്രീംകോടതിയില്‍ പട്ടിക ജാതി, പട്ടിക വര്‍ഗത്തില്‍പ്പെട്ട ഏഴ് പേരാണ് ജഡ്ജിമാരായിട്ടുള്ളത്.
എന്നാല്‍ ഇതുവരെ ഒരു വനിത ചീഫ് ജസ്റ്റിസ് സ്ഥാനത്ത് എത്തിയിട്ടില്ല. രാജ്യത്തിന്റെ ആദ്യ വനിത ചീഫ് ജസ്റ്റിസാകാന്‍ സാധ്യതയുള്ള ജസ്റ്റിസ് ബിവി നാഗരത്‌ന 2027ല്‍ ചുമതല ഏല്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 52 പുരുഷ ചീഫ് ജസ്റ്റിസുമാര്‍ കഴിഞ്ഞ 75 വര്‍ഷക്കാലത്തിനിടയില്‍ സുപ്രീം കോടതിയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേവലം 11 വനിതകളാണ് സുപ്രീം കോടതിയില്‍ ജസ്റ്റിസുമാരായി വന്നിട്ടുള്ളത്. 1989ല്‍ ജസ്റ്റിസ് ഫാത്തിമ ബീവിയാണ് സുപ്രീം കോടതിയില്‍ നിയമിതയാവുന്ന ആദ്യ വനിത. കേരള ഹൈക്കോടതിയില്‍ നിന്നാണ് സുപ്രീം കോടതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് ജസ്റ്റിസുമാരായ സുജാത മനോഹര്‍, റുമ പാല്‍, ഗ്യാന്‍ സുധ മിശ്ര, രഞ്ജന ദേശായി, ആര്‍ ഭാനുമതി, ഇന്ദു മല്‍ഹോത്ര, ഇന്ദിര ബാനര്‍ജി, ഹിമ കോഹ്‌ലി ,ബേല എം ത്രിവേദി, ബിവി നാഗരത്‌ന എന്നിവരാണ് സുപ്രീം കോടതി ജഡ്ജിമാരായ വനിതകള്‍.
ജസ്റ്റിസ് നാഗരത്‌ന ചീഫ് ജസ്റ്റിസായാല്‍ കേവലം 36 ദിവസം മാത്രമേ അവര്‍ക്ക് ആ കസേരയില്‍ ഇരിക്കാന്‍ കഴിയുകയുള്ളു. കേവലം 17 ദിവസം മാത്രം ചീഫ് ജസ്റ്റിസിന്റെ കസേരയില്‍ ഇരുന്ന വ്യക്തിയാണ് ജസ്റ്റിസ് കമല്‍ നാരായണ്‍ സിംഗ്. അദ്ദേഹമാണ് ഏറ്റവും കുറഞ്ഞ കാലം ചീഫ് ജസ്റ്റിസായിരുന്ന വ്യക്തി. ജസ്റ്റിസ് യശ്വന്ത് വിഷ്ണു ചന്ദ്രചൂഡ് (വൈവി ചന്ദ്രചൂഡ്) 1978 മുതല്‍ 1985 വരെ സുപ്രീം കോടതിയുടെ 16-ാമത് ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കാലം ചീഫ് ജസ്റ്റിസായിരുന്ന ന്യായാധിപനാണ് അദ്ദേഹം. ഏഴ് വര്‍ഷവും 139 ദിവസവും വൈവി ചന്ദ്രചൂഡ് പരമോന്നത കോടതിയുടെ തലവനായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ഡിവൈ ചന്ദ്രചൂഡ് ഇന്ത്യയുടെ 50-മത്തെ ചീഫ് ജസ്റ്റിസായിരുന്നു. അദ്ദേഹം 2022 നവംബര്‍ 9 മുതല്‍ 2024 നവംബര്‍ 10 വരെ ചീഫ് ജസ്റ്റിസ് പദവിയില്‍ തുടര്‍ന്നു.
സുപ്രീം കോടതിയിലെ പതിവും കീഴ്‌വഴക്കം അനുസരിച്ച് സീനിയര്‍ മോസ്റ്റ് ജഡ്ജിയെയാണ് ചീഫ് ജസ്റ്റിസായി നിയമിക്കുന്നത്. നിലവില്‍ സുപ്രീം കോടതിയില്‍ 34 ജഡ്ജിമാരാണുള്ളത്. അതില്‍ രണ്ട് പേര്‍ വനിതകളാണ്. ജസ്റ്റിസുമാരായ ബിവി നാഗരത്‌നയും ബേല എം ത്രിവേദിയും. ഏറ്റവും കൂടുതല്‍ കാലം സുപ്രീം കോടതിയില്‍ വനിതാ ജഡ്ജിയായി ഇരുന്ന റെക്കോര്‍ഡ് നാഗരത്‌നയുടെ പേരിലാവും രേഖപ്പെടുത്താന്‍ പോകുന്നത്. ആറ് വര്‍ഷവും രണ്ട് മാസവുമാണ് അവര്‍ക്ക് ലഭിക്കുന്നത്.
രാജ്യത്തിന്റെ 54 മത്തെ ചീഫ് ജസ്റ്റിസായി 2027 സെപ്റ്റംബര്‍ 27 ന് അവര്‍ ചുമതലയേല്‍ക്കുമ്പോള്‍ മൂന്ന് തരത്തിലുള്ള റെക്കോര്‍ഡാവും കുറിക്കപ്പെടുന്നത്. സുപ്രീം കോടതിയുടെ 75 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യ വനിത ചീഫ് ജസ്റ്റിസ്. ഏറ്റവും കൂടുതല്‍ കാലം വനിത ജഡ്ജിയായിരുന്ന വ്യക്തി. പിതാവിന് പിന്നാലെ ചീഫ് ജസ്റ്റിസാവുന്ന രണ്ടാമത്തെ വ്യക്തി. ഇന്ത്യയുടെ 19 മത്തെ ചീഫ് ജസ്റ്റിസായിരുന്ന ഇഎസ് വെങ്കിടരാമയ്യയുടെ മകളാണ് ബിവി നാഗരത്‌ന- വൈവി ചന്ദ്രചൂഡും ഡിവി ചന്ദ്രചൂഡുമാണ് ആദ്യ അച്ഛന്‍ – മകന്‍ – ചീഫ് ജസ്റ്റിസുമാര്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here