താൽക്കാലിക വിസി നിയമനത്തിൽ ഗവർണർക്ക് രൂക്ഷവിമർശനം; അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കുമെന്ന് സുപ്രീംകോടതി

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വിസിമാരുടെ പുനർനിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് പരിഗണിക്കവേയാണ് കോടതിയുടെ രൂക്ഷ വിമർശനം. ഗവർണർ സ്തംഭനാവസ്ഥയാണ് സൃഷ്ടിക്കുന്നതെന്നും കോടതി പറഞ്ഞു.
സർക്കാരിന് സ്ഥിരം വിസി നിയമനത്തിന് അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ യുജിസി ചട്ടം അനുസരിച്ച് മാത്രമേ സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ കഴിയൂയെന്നാണ് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചത്. സെർച്ച് കമ്മിറ്റിയുടെ കാര്യത്തിൽ തർക്കം ഒഴിവാക്കിയില്ലെങ്കിൽ അഞ്ചംഗ കമ്മിറ്റിയെ കോടതി നിയോഗിക്കുമെന്നും ജസ്റ്റിസ് പർദ്ദിവാല പറഞ്ഞു. സെർച്ച് കമ്മിറ്റിയെ നിയമിക്കൽ നാലു പേരുകൾ വീതം ഗവർണറും സംസ്ഥാന സർക്കാരും നൽകണമെന്നും കോടതി അറിയിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും.
ഏകപക്ഷീയമായാണ് ഗവർണർ താൽക്കാലിക വിസിമാരെ നിയമിച്ചത്. ഇത് ചട്ടവിരുദ്ധമാണ്. അതുകൊണ്ടുതന്നെ ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് കേരളം ഹർജിയിൽ പറഞ്ഞിരുന്നത്. ഗവർണറുടെ ഭാഗത്ത് നിന്ന് ഒരു സഹകരണവും ഉണ്ടായില്ലന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ സംസ്ഥാന സർക്കാറാണ് അതിന് തയാറാകാത്തതെന്നാണ് അറ്റോർണി ജനറൽ കോടതിയിൽ പറഞ്ഞത്. ഗവർണറുടെ നിലവിലെ ഉത്തരവ് നിയമവിരുദ്ധമാണെന്നും സർക്കാർ വാദിച്ചു.
ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസിമാരെ പുറത്താക്കിയ ഹൈക്കോടതി വിധിക്കെതിരെ ഗവർണർ നേരത്തെ തന്നെ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നു. സ്ഥിരം വിസിമാരെ നിയമിക്കാനുള്ള നടപടി എത്രയും പെട്ടന്ന് തന്നെ ആരംഭിക്കണമെന്ന് അന്ന് സുപ്രീംകോടതി കർശന നിർദേശവും നൽകിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here