‘കോടതിയെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്!’ പഞ്ചാബ് ഡിഐജിക്കെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി

അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന സസ്പെൻഷനിലായ പഞ്ചാബ് പോലീസ് ഡിഐജി ഹർചരൺ സിംഗ് ഭുള്ളറിന് സുപ്രീം കോടതിയിൽ നിന്നും കനത്ത തിരിച്ചടി. സിബിഐ നടപടികൾ സ്റ്റേ ചെയ്യണമെന്നും ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമുള്ള ഇദ്ദേഹത്തിന്റെ ആവശ്യം കോടതി നിരസിച്ചു. കേസിൽ കൂടുതൽ ഇടപെട്ടാൽ പ്രതിക്ക് ദോഷകരമായ പരാമർശങ്ങൾ കോടതിയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മുന്നറിയിപ്പ് നൽകി.
ഹൈക്കോടതി ജാമ്യം നൽകാത്തതിനെത്തുടർന്നാണ് ഭുള്ളർ സുപ്രീം കോടതിയിൽ പോയത്. കേസ് പരിഗണിക്കണമെന്ന് അഭിഭാഷകൻ വാദിച്ചപ്പോൾ, “ഞങ്ങളെക്കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കരുത്, പറഞ്ഞാൽ അത് നിങ്ങൾക്ക് ദോഷം ചെയ്യും” എന്ന് ചീഫ് ജസ്റ്റിസ് കർശനമായി മുന്നറിയിപ്പ് നൽകി. കോടതിയുടെ ഈ കടുത്ത നിലപാട് കണ്ടതോടെ ഹർജി പിൻവലിച്ച് അഭിഭാഷകൻ പിന്മാറുകയായിരുന്നു.
2009 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഭുള്ളർ, പ്രാദേശിക വ്യവസായിക്കെതിരെയുള്ള ക്രിമിനൽ കേസ് ഒതുക്കിത്തീർക്കാൻ 8 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. സിബിഐ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ പക്കൽ നിന്ന് 5 കോടി രൂപ പണമായും, ആഡംബര വാഹനങ്ങൾ, ആഭരണങ്ങൾ, വിലകൂടിയ വാച്ചുകൾ എന്നിവയും കണ്ടെത്തിയിരുന്നു.
പഞ്ചാബ് സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ സിബിഐക്ക് അന്വേഷണം നടത്താൻ അധികാരമില്ലെന്നായിരുന്നു ഭുള്ളറുടെ വാദം. എന്നാൽ ചണ്ഡീഗഡിൽ രജിസ്റ്റർ ചെയ്ത കേസായതിനാൽ തങ്ങൾക്ക് അന്വേഷിക്കാൻ അധികാരമുണ്ടെന്ന് സിബിഐ കോടതിയിൽ വ്യക്തമാക്കി. സുപ്രീം കോടതി ഹർജി തള്ളിയതോടെ, ഇനി പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ തന്നെ കേസ് തുടരേണ്ടി വരും. ഹൈക്കോടതി ജനുവരിയിലേക്കാണ് കേസ് മാറ്റിവെച്ചിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here