‘നായകൾക്ക് കൗൺസിലിംഗ് നൽകുകയേ വഴിയുള്ളൂ’; തെരുവുനായ കേസിൽ മൃഗസ്നേഹികളെ പരിഹസിച്ച് സുപ്രീം കോടതി

രാജ്യത്തെ തെരുവുനായ പ്രശ്നത്തിൽ മൃഗസ്നേഹികളുടെ വാദങ്ങളെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് സുപ്രീം കോടതി. കടിക്കണോ വേണ്ടയോ എന്ന മാനസികാവസ്ഥയിലായിരിക്കുമ്പോൾ ഒരു മൃഗത്തിന്റെ മനസ്സ് വായിക്കാൻ ആർക്കും കഴിയില്ലെന്നും, കടിക്കാതിരിക്കാൻ ഇനി നായകൾക്ക് കൗൺസിലിംഗ് നൽകുക മാത്രമാണ് ബാക്കിയുള്ളതെന്നും കോടതി പരിഹസിച്ചു. ജനങ്ങളെ ബോധവൽക്കരിച്ചാൽ തെരുവുനായ ആക്രമണം തടയാമെന്നും കൃഷിയിടങ്ങൾ സംരക്ഷിക്കാൻ നായകളെ ഉപയോഗിക്കാമെന്നുമുള്ള മൃഗസ്നേഹികളുടെ വാദത്തോടായിരുന്നു കോടതിയുടെ പരിഹാസം കലർന്ന പ്രതികരണം. രാജ്യത്തെ തെരുവുനായ പ്രശ്നത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. തെരുവുനായ്ക്കൾ പൊതുജനങ്ങൾക്ക് കടുത്ത ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു.

സുപ്രീം കോടതിയിൽ മൃഗസ്നേഹികൾക്ക് വേണ്ടി കപിൽ സിബലാണ് ഹാജരായത്. അദ്ദേഹം മുന്നോട്ടുവെച്ച ‘CSVR’ മോഡലിനെ കോടതി തള്ളി കളയുകയായിരുന്നു. നായ്ക്കളെ കൊല്ലുന്നതോ അവയുടെ സ്വാഭാവിക ചുറ്റുപാടിൽ നിന്ന് മാറ്റുന്നതോ പ്രശ്നം പരിഹരിക്കില്ല. മറിച്ച്, അവയെ വന്ധ്യംകരിച്ച് അതേ സ്ഥലത്ത് തന്നെ വിട്ടാൽ കാലക്രമേണ അവയുടെ എണ്ണം കുറയുകയും ആക്രമണ സ്വഭാവം ഇല്ലാതാവുകയും ചെയ്യും. ഈ രീതി ലോകമെമ്പാടും വിജയകരമാണെനായിരുന്നു അദ്ദേഹത്തിന്റെ വാദം.

Also Read : തെരുവുനായ്ക്കളെ പാര്‍പ്പിക്കാന്‍ സ്ഥലം കണ്ടെത്തല്‍ വലിയ വെല്ലുവിളി; സുപ്രീം കോടതിയെ അറിയിച്ച് കേരളം

നായ്ക്കളെ മാറ്റിയാൽ തെരുവിലെ മാലിന്യത്തിന്റെയും കുരങ്ങുകളുടെയും പ്രശ്നം ആര് കൈകാര്യം ചെയ്യും എന്ന മൃഗസ്നേഹികളുടെ ചോദ്യത്തിന്, എങ്കിൽ കോഴികളുടെയും ആടുകളുടെയും കാര്യമോ? അവയ്ക്കും ജീവനില്ലേ? എന്നായിരുന്നു കോടതിയുടെ മറുചോദ്യം. കഴിഞ്ഞ 20 ദിവസത്തിനിടെ രണ്ട് ഹൈക്കോടതി ജഡ്ജിമാർക്ക് തെരുവുനായയുടെ കടിയേറ്റ കാര്യം കോടതി ചൂണ്ടിക്കാട്ടി. ഇതിൽ ഒരു ജഡ്ജിയുടെ നില ഗുരുതരമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ ഇടങ്ങളിൽ തെരുവുനായ ആക്രമണം വർദ്ധിക്കുന്നത് ആശങ്കാജനകമാണ്.

ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണെന്ന് കോടതി ഓർമ്മിപ്പിച്ചു. നായകൾ കാരണം ഉണ്ടാകുന്ന റോഡപകടങ്ങളും ഗൗരവകരമാണ്. വന്ധ്യംകരണത്തിന് ശേഷം നായ്ക്കളെ ഉടൻ തന്നെ ഷെൽട്ടറുകളിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടു. പിടിക്കപ്പെടുന്ന നായ്ക്കളെ അവയെ കൊണ്ടുവന്ന സ്ഥലത്തേക്ക് തിരികെ വിടരുത്. സംസ്ഥാന-ദേശീയ പാതകളിലും എക്സ്പ്രസ് വേകളിലും അലഞ്ഞുതിരിയുന്ന മൃഗങ്ങളെ നീക്കം ചെയ്യുന്നത് ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top