ബിജെപി ആഘോഷമാക്കിയ അമിത് ഷായുടെ പരിപാടികളില്‍ എത്താതെ സുരേഷ് ഗോപി; കേന്ദ്രമന്ത്രി സ്വകാര്യ പരിപാടികളുടെ തിരക്കില്‍

കേന്ദ്ര ആഭ്യന്തര അമിത് ഷായെ കേരളത്തില്‍ എത്തിച്ച് ബിജെപി ആഘോഷമാക്കിയ തിരുവനന്തപുരത്തെ പരിപാടികളില്‍ പാര്‍ട്ടിയുടെ ഏക എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നു. സംസ്ഥാന ഭാരിവാഹികളെ പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസം നടന്ന പരിപാടികളില്‍ സുരേഷ് ഗോപി എത്താതിരുന്നതോടെയാണ് അതൃപ്തിയാണോ എന്ന ചര്‍ച്ചകള്‍ തുടങ്ങിയത്.

ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനമായിരുന്നു അമിത് ഷാ പ്രധാന പരിപാടിയായി നടന്നത്. ഏഴ് നിലകളിലായി 60000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പണി കഴിപ്പിച്ചതാണ് പുതിയ ഓഫീസ്. രാവിലെ പതിനൊന്നു മണിക്ക് ഓഫീസിലെത്തി പതാക ഉയര്‍ത്തിയ അമിത് ഷാ, ഓഫീസിന് മുന്നില്‍ വൃക്ഷത്തൈ നട്ടു. തുടര്‍ന്ന് നാട മുറിച്ച് കെട്ടിടത്തില്‍ പ്രവേശിച്ച് വിളക്കുകൊളുത്തി. ഓഫീസിന്റെ നടുത്തളത്തില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി. മാരാരുടെ വെങ്കല പ്രതിമയും അമിത് ഷാ അനാച്ഛാദനം ചെയ്തു.

സംസ്ഥാനത്തെ പ്രധാന നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റിന്റെ മുറിയില്‍ എത്തിയ അമിത് ഷാ പ്രധാന നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന വാര്‍ഡുതല നേതൃസംഗമത്തില്‍ എത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ നാല് റവന്യൂ ജില്ലകളിലെ എട്ട് പാര്‍ട്ടി സംഘടനാ ജില്ലകളിലെ വാര്‍ഡ് സമിതി അംഗങ്ങളായ 36,000 നേതാക്കളാണ് നേതൃസംഗമത്തില്‍ പങ്കെടുത്തത്.

അമിത് ഷാ പങ്കെടുത്ത പരിപാടിയില്‍ പങ്കെടുക്കാതെ കോട്ടയത്തേയും കൊച്ചിയിലേയും സ്വകാര്യ പരിപാടികളുടെ തിരക്കിലാണ് സുരേഷ് ഗോപി. ഇതിനായി സുരേഷ് ഗോപി നേരത്തേ തന്നെ അനുമതി വാങ്ങിയിട്ടുണ്ടെന്നാണ് സൂചന.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top