വടക്കു നിന്നും തെക്കു നിന്നും സുരേഷ് ഗോപിയെ ആക്രമിച്ച് BJP നേതാക്കൾ; കലുങ്കിലിരുന്ന് വായിൽ തോന്നിയത് വിളിച്ച് പറയുന്നെന്ന് ആക്ഷേപം

സുരേഷ് ഗോപി നടത്തുന്ന ജനകീയ സംവാദ സഭയായ കലുങ്കിലെ അഭിപ്രായങ്ങൾ വലിയ വിവാദത്തിലേക്ക്. കേരളത്തിൽ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി നടത്തിയ അഭിപ്രായങ്ങളാണ് ബിജെപിക്കുള്ളിൽ തന്നെ വിവാദമായി മാറിയിരിക്കുന്നത്. കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും സുരേഷ് ഗോപിയുടെ അഭിപ്രായത്തിന് എതിരായുള്ള വിമർശനങ്ങൾ ഉയരുന്നു.
എയിംസ് തുടങ്ങാൻ യോഗ്യമായ പ്രദേശം ആലപ്പുഴയാണെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ അഭിപ്രായമാണ് വിവാദമായിരിക്കുന്നത്. “വികസനത്തിൽ ഏറെ പിന്നാക്കം നിൽക്കുന്ന ആലപ്പുഴ ജില്ലയെ മുന്നോട്ട് കൊണ്ടുവരണം. രാഷ്ട്രീയ ലക്ഷ്യത്തോടെ എയിംസ് ആലപ്പുഴയിൽ വേണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അത് നിർബന്ധമായും തൃശൂരിൽ കൊണ്ടുവരും” എന്നാണ് സുരേഷ് ഗോപി കലുങ്ക് സഭയിലിരുന്ന് പറഞ്ഞിരുന്നത്.
സുരേഷ് ഗോപിയുടെ ആവശ്യം തള്ളി രംഗത്തെത്തിയിരിക്കുന്നത് ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡൻ്റ് കരമന ജയനാണ്. “സുരേഷ് ഗോപി എന്ത് ഉദ്ദേശിച്ചാണ് ആലപ്പുഴയിൽ വേണമെന്ന് പറഞ്ഞതെന്ന് അറിയില്ല. എയിംസ് സ്ഥാപിക്കേണ്ടത് തിരുവനന്തപുരത്താണെന്ന് കരമന ജയൻ” പറഞ്ഞു.
“സംസ്ഥാന നേതൃത്വത്തിൻ്റെ നിലപാട് അറിയില്ല. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രസിഡന്റിനോട് സംസാരിച്ചിട്ടില്ല. അദ്ദേഹവുമായി ആലോചിച്ച് നിലപാട് എടുക്കും. തിരുവനന്തപുരത്തിന്റെ ആവശ്യങ്ങൾക്ക് അദ്ദേഹം മുഖം തിരിഞ്ഞ് നിൽക്കില്ലെന്നാണ് കരുതുന്നത്” കരമന ജയൻ പറഞ്ഞു.
Also Read : നിവേദനങ്ങളോട് സുരേഷ് ഗോപിക്കിത്ര കലിപ്പെന്ത്? ചേര്‍പ്പിലെത് കൈപ്പിഴയെന്ന് വിശദീകരണം
കാസർഗോഡ് നിന്നും സുരേഷ് ഗോപിയുടെ നിലപാടിനെതിരെ ബിജെപി നേതാക്കൾ രംഗത്തുവന്നിരുന്നു. കാസർകോട് ജില്ലയിൽ എയിംസ് വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് വന്നത് ബിജെപി മേഖലാ പ്രസിഡൻ്റ് അഡ്വ. കെ ശ്രീകാന്ത് ആണ്. എയിംസ് കാസർകോട് ജില്ലയിൽ സ്ഥാപിക്കണമെന്ന ജനങ്ങളുടെ ആവശ്യം ന്യായമാണെന്ന് കാട്ടി ഫെയ്സ്ബുക് പോസ്റ്റിടുകയാണ് ശ്രീകാന്ത് ചെയ്തത്.
ഇതുസംബന്ധിച്ച് അന്നത്തെ ജില്ലാ കളക്‌ടർക്കും മുഖ്യമന്ത്രിക്കും ബിജെപി ജില്ലാനേത്യത്വം നിവേദനം നൽകിയിരുന്നു. എയിംസ് സ്ഥാപിക്കാനുള്ള സാധ്യതാ പട്ടികയിൽ കാസർകോട് ജില്ലയെ പരിഗണിക്കണമെന്ന് സർവ്വകക്ഷി പ്രതിനിധിസംഘം മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നെന്നും പോസ്റ്റിൽ പറയുന്നു. ഈ ആവശ്യത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. സംസ്ഥാന സർക്കാർ കാസർകോട് ജില്ലയെ പരിഗണിക്കണമെന്ന് ഒന്നു കൂടി പിണറായി സർക്കാരിനോട് ആവശ്യപ്പെടുകയാണെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.
Also Read : ‘ഞാന്‍ നിങ്ങളുടെ എംപിയല്ല’; നിവേദനം നല്‍കിയപ്പോള്‍ ക്ഷോഭിച്ച് സുരേഷ് ഗോപി; പരാതിയുമായി ബിജെപി നേതാവ്
ബിജെപിക്ക് ഉള്ളിൽ നിന്നുതന്നെ സുരേഷ് ഗോപിയുടെ നിലപാടുകൾക്കെതിരെ വിമർശനങ്ങൾ ഉയർന്നു തുടങ്ങിയിരിക്കുന്നു. പാർട്ടിയുടെ ജനകീയ അടിത്തറ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കലുങ്ക് സംവാദ പരിപാടി പാർട്ടിക്കുള്ളിൽ തന്നെ വിഭാഗീയത വളർത്തുകയാണ് എന്ന വിമർശനങ്ങളും ഉയരുന്നുണ്ട്. സംവാദത്തിനിടെ നിവേദനങ്ങളുമായി എത്തുന്നവരോട് സുരേഷ് ഗോപി പെരുമാറുന്ന രീതിയും ബിജെപിയെ പ്രതികൂലമായി ബാധിക്കുമെന്ന വിമർശനവും പാർട്ടി അണികൾക്കിടയിലുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here