തൃശൂരിൽ കള്ളവോട്ട് ചെയ്തവരിൽ സുരേഷ് ഗോപിയുടെ ഡ്രൈവറും; അജയകുമാറിന് വോട്ടുള്ളത് തിരുവനന്തപുരത്ത്

തൃശൂരിൽ കള്ളവോട്ട് നടനെന്ന ആരോപണവുമായി കഴിഞ്ഞദിവസം വീട്ടമ്മ രംഗത്തെത്തിയിരുന്നു. തൃശൂരിലെ ക്യാപിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റിൽ തന്റെ മേൽവിലാസത്തിൽ 9 കള്ളവോട്ടുകൾ ചെയ്തതെന്നാണ് വീട്ടമ്മയായ പ്രസന്ന ആരോപിച്ചത്. കള്ളവോട്ട് നടത്തിയവരിൽ ഒരാൾ സുരേഷ് ഗോപിയുടെ ഡ്രൈവറായ എസ് അജയകുമാർ ആണെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്.
പൂങ്കുന്നത്തെ ഫ്ലാറ്റിൽ താമസിക്കാതെയാണ് തിരുവനന്തപുരം സ്വദേശിയായ അജയകുമാർ വോട്ടേഴ്സ് ലിസ്റ്റിൽ ഇടം പിടിച്ചത്. ഇയാളുടെ വോട്ട് തിരുവനന്തപുരത്തായിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തി. വോട്ടർ ഐഡി നമ്പർ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. ക്യാപിറ്റൽ വില്ലേജ് ഫ്ലാറ്റിലെ സി-4ലെ താമസക്കാർക്കുപോലും ഇയാളെ അറിയില്ല.
Also Read : തൃശൂരിലെ കള്ളവോട്ട് ആരോപണം ശരിവച്ച് ബൂത്ത് ലെവൽ ഓഫീസർ; ലിസ്റ്റിൽ ഇടം പിടിച്ചത് ഒഴിവാക്കിയ വോട്ടുകൾ
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അജയകുമാറിന്റെ പോളിംഗ് ബൂത്ത് തിരുവനന്തപുരം ശാസ്തമംഗലത്തെ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളായിരുന്നു. തിരുവനന്തപുരത്തുള്ള അജയകുമാറിന്റെ ഒരു അയൽവാസിയും ഇയാൾ തിരുവനന്തപുരത്തുകാരനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും പോളിംഗ് സ്റ്റേഷൻ ശാസ്തമംഗലം തന്നെയാണ്.
അതേസമയം, തൃശ്ശൂരിലെ വീട്ടമ്മയുടെ കള്ളവോട്ട് ആരോപണം ശരിവെച്ച് ബൂത്ത് ലെവൽ ഓഫീസർ ആയ ആനന്ദ്. ലിസ്റ്റിൽ ഇടം പിടിച്ചത് ഒഴിവാക്കിയ വോട്ടുകൾ ആണെന്നും ആനന്ദ പറഞ്ഞു. ആബ്സെന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തി ഒഴിവാക്കിയ വോട്ടുകളിൽ എങ്ങനെയാണ് ഈ 9 പേർ ഉൾപ്പെട്ടതെന്ന് അറിയില്ലെന്നും ആനന്ദ് വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here