കേന്ദ്രമന്ത്രി സ്ഥാനം വേണ്ട, സിനിമയിൽ തുടരാൻ ആഗ്രഹമെന്ന് സുരേഷ് ഗോപി; വോട്ട് നേടാനായി ‘രാജാവുണ്ട്’ എന്ന രീതിയിൽ നികൃഷ്ട ജീവികൾ എല്ലാം വളച്ചൊടിക്കുന്നു

തനിക്ക് കേന്ദ്രമന്ത്രി സ്ഥാനം വേണ്ടെന്നും സിനിമയിൽ സജീവമായി തുടരാനാണ് താൽപര്യമെന്നും എം.പി. സുരേഷ് ഗോപി പറഞ്ഞു. പകരം സി. സദാനന്ദൻ എം.പി.യെ കേന്ദ്രമന്ത്രിയാക്കുകയാണെങ്കിൽ താൻ സ്ഥാനമൊഴിയാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂർ മട്ടന്നൂരിൽ സി. സദാനന്ദൻ എം.പി.യുടെ ഓഫീസ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ.എം. നേതാവ് എം.വി. ജയരാജന്റെ വിമർശനങ്ങൾക്ക് മറുപടി പറയുന്നതിനിടെയാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രി സ്ഥാനത്തെക്കുറിച്ചും തന്റെ നിലപാട് വ്യക്തമാക്കിയത്.

സി. സദാനന്ദന്റെ പാർലമെന്റ് അംഗത്വം കണ്ണൂരിലെ ജയരാജന്മാരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇത് കണ്ണൂരിലേക്ക് കൈയെത്തിപ്പിടിക്കാനുള്ള ആദ്യത്തെ വാതിൽ തുറക്കലാണ്. “എന്നെ ഒഴിവാക്കി സി. സദാനന്ദൻ എം.പി.യെ കേന്ദ്രമന്ത്രിയാക്കിയാൽ അതൊരു വലിയ ചരിത്രമാകും,” സുരേഷ് ഗോപി പറഞ്ഞു. അന്നും തനിക്ക് സിനിമയാണ് വലുതെന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ നിന്നുള്ള വരുമാനം നിലച്ചെന്നും, സിനിമയിൽ തന്നെ സജീവമാകാനാണ് ഇഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ ‘പ്രജ’ പരാമർശത്തിൽ ഉണ്ടായ വിവാദങ്ങളോടും സുരേഷ് ഗോപി പ്രതികരിച്ചു. “പ്രജ എന്ന് വിളിച്ചാൽ എന്താണ് കുഴപ്പം? ജനതയ്ക്ക് പറയുന്ന നവീകരിച്ച പേരാകണം പ്രജ. പ്രജ എന്നാൽ എന്താണെന്ന് ആദ്യം പഠിക്കണം,” അദ്ദേഹം ആവശ്യപ്പെട്ടു.

വോട്ട് നേടാനായി ‘രാജാവുണ്ട്’ എന്ന രീതിയിൽ നികൃഷ്ട ജീവികൾ എല്ലാം വളച്ചൊടിക്കുകയാണ്. തന്നെ പൂച്ചാണ്ടി കാണിച്ച് പേടിപ്പിക്കേണ്ടെന്നും, പറയാനുള്ളത് പറഞ്ഞുകൊണ്ട് തന്നെ മുന്നോട്ട് പോകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. “വേദനയും രോഷവും മറച്ചുപിടിച്ച് ചിരിക്കുന്ന രാഷ്ട്രീയക്കാരനാവില്ല ഈ ജന്മത്തിൽ താൻ. മിനിഞ്ഞാന്ന് പറഞ്ഞതിന് സർജിക്കൽ സ്‌ട്രൈക്ക് അടുത്ത കലുങ്ക് ചർച്ചയിൽ ഉണ്ടാകും. ഒന്നിനെയും വെറുതെവിടില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top