മന്ത്രി പുത്രനും കോണ്‍ഗ്രസ് നേതാവും തമ്മില്‍ റോഡില്‍ തര്‍ക്കം; മദ്യപിച്ചോ എന്ന് പരിശോധന; പോലീസ് സ്‌റ്റേഷനില്‍ ഒത്തുതീര്‍പ്പ്

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവ് വിനോദ് കൃഷ്ണയും തമ്മിൽ നടുറോഡില്‍ തര്‍ക്കം. വാഹനം യു ടേണ്‍ എടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇന്നലെ രാത്രി 11 മണിക്ക് ശാസ്തമംഗലത്ത് തര്‍ക്കമുണ്ടായത്. ശാസ്തമംഗലത്ത് നിന്ന് വെള്ളയമ്പലത്തേക്ക് പോവുകയായിരുന്നു മാധവ് സുരേഷ്. മാധവിന്റെ കാറിന് മുന്നിലേക്ക് വിനോദ് കൃഷ്ണയുടെ കാര്‍ യുടേണ്‍ എടുത്ത് എത്തി. ഇതാണ് മന്ത്രിപുത്രനെ പ്രകോപിപ്പിച്ചത്.
ഇരുവരും കാറില്‍ നിന്ന് ഇറങ്ങി തര്‍ക്കിച്ചു. പതിനഞ്ച് മിനിറ്റോളം തര്‍ക്കം തുടര്‍ന്നു. നാട്ടുകാരും കൂടി. ഇതോടെ വിനോദ് കൃഷ്ണ മ്യൂസിയം പോലീസിനെ വിളിച്ചു വരുത്തി. മാധവ് സുരേഷ് മദ്യപിച്ചിട്ടുള്ളതായും മോശമായി പെരുമാറിയെന്നും ചൂണ്ടികാട്ടി വിനോദ് കൃഷ്ണ പരാതി നല്‍കി. ഇതോടെ പോലീസ് വാഹനത്തില്‍ മാധവിനെ മ്യൂസിയം സ്‌റ്റേഷനില്‍ എത്തിച്ചു.
ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ മാധവ് മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ സംസാരിച്ച് ഒത്തുതീര്‍പ്പില്‍ എത്തി പിരിയുകയും ചെയ്തു. ജിഡി എന്‍ട്രി ചെയ്ത ശേഷമാണ് മന്ത്രിപുത്രനേയും കോണ്‍ഗ്രസ് നേതാവിനേയും വിട്ടയച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here