കന്യാസ്ത്രീയുടെ വീട്ടിലെത്തി സുരേഷ് ഗോപി; നഷ്ടമായ വിശ്വാസം തിരിച്ചുപിടിക്കാന്‍ നെട്ടോട്ടത്തിൽ കേന്ദ്രമന്ത്രി

ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ജയിലില്‍ അടക്കപ്പെട്ട കന്യാസ്ത്രീയുടെ വീട്ടിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. അങ്കമാലിയിലെ സിസ്റ്റര്‍ പ്രീതമേരിയുടെ വീട്ടിലാണ് സുരേഷ് ഗോപി എത്തിയത്. കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തി. അപ്രതീക്ഷിതമായാണ് സുരേഷ് ഗോപി ഇവിടേക്ക് എത്തിയത്. കുടുംബാഗങ്ങള്‍ക്ക് അടക്കം സന്ദര്‍ശനം സംബന്ധിച്ച് വിവരം ഇല്ലായിരുന്നു. ജാമ്യം ലഭിച്ച് പുറത്ത് ഇറങ്ങി എങ്കിലും കന്യാസ്ത്രീകള്‍ക്ക് എതിരായുള്ള കേസ് നിലനില്‍ക്കുന്നുണ്ട്. ഇത് വ്യാജക്കേസാണെന്നും പിന്‍വലിക്കണം എന്നുമുള്ള ആവശ്യമാണ് കുടുംബാഗങ്ങള്‍ സുരേഷ് ഗോപിക്ക് മുന്നില്‍ വച്ചത്.
മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ മൗനത്തിലായിരുന്നു സുരേഷ് ഗോപി ഇത്രയും നാളും. ബിജെപി നേതാക്കള്‍ അടക്കം ഈ വിഷയത്തില്‍ എതിര്‍പ്പ് ഉന്നയിച്ചെങ്കിലും ഒരു വാക്കു പോലും ഇക്കാര്യത്തില്‍ പറഞ്ഞില്ല. ലോക്‌സഭാ സമ്മേളനം കാരണമായി പറഞ്ഞ് ഡല്‍ഹിയില്‍ തന്നെ തുടരുകയും ചെയ്തു. സുരേഷ് ഗോപിയുടെ ഈ നടപടിയില്‍ ക്രൈസ്തവ സഭകളില്‍ നിന്നടക്കം വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് മാതാവിന് കിരീടവുമായി പള്ളികളില്‍ എത്തിയ സുരേഷ് ഗോപി മിണ്ടാതിരിക്കുന്നത് ചതിയാണെന്നാണ് ക്രസ്തവ സംഘടനകള്‍ വിമര്‍ശിച്ചത്.
ഈ വിഷയത്തിനൊപ്പം തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തി എന്ന ആരോപണം കൂടി ഉയര്‍ന്നതിന് പിന്നാലെയാണ് സുരേഷ് ഗോപി തൃശൂരില്‍ എത്തിയത്. എന്നാല്‍ വിവാദങ്ങളോടെല്ലാം ഇപ്പോഴും മൗനത്തില്‍ തന്നെയാണ്. പ്രതികരണം നടത്തി കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാതെ നഷ്ടമായ വിശ്വാസം വീണ്ടെടുക്കാനുള്ള നെട്ടോട്ടമാണ് സുരേഷ് ഗോപി നടത്തുന്നത്. അതുകൊണ്ട് തന്നെ കേക്കുമായി മെത്രാന്‍മാരെ അടക്കം തേടി കേന്ദ്രമന്ത്രി ഉടന്‍ എത്താനാണ് സാധ്യത.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here