ആരോഗ്യ വകുപ്പ് ഊര്‍ധന്‍ വലിച്ച് വെന്റിലേറ്ററില്‍; ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്ക് കടുത്ത ക്ഷാമം

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം മൂലം സര്‍ജറികള്‍ മാറ്റിവെക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്യേണ്ട ഗതികേട് തുടരുന്നു. കേരളം നമ്പര്‍ ആരോഗ്യമെന്നൊക്കെ ഭജനപ്പാട്ടുകാര്‍ വാഴ്ത്തുപാട്ട് കച്ചേരി നടത്തുമ്പോഴാണ് ധര്‍മ്മാശുപത്രികളിലെ ദയനീയ കഥകള്‍ പുറത്തു വരുന്നത്. ഉപകരണങ്ങള്‍ വിതരണം ചെയ്ത കമ്പിനികള്‍ക്ക് 158 കോടി രൂപയാണ് കുടിശ്ശിക നല്‍കാനുള്ളത്.

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഉപകരണക്ഷാമം രൂക്ഷമായി തുടരുകയാണ്. തിരുവനന്തപുരത്ത് നാലു ദിവസത്തേയ്ക്കുള്ള ഉപകരണങ്ങളാണ് അവശേഷിക്കുന്നത്. ശസ്ത്രക്രിയകള്‍ പ്രതിസന്ധിയിലെന്ന് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ മാത്യൂ ഐപ്പ് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് കത്തു നല്‍കിയിരുന്നു.തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മാത്രം 29 കോടി 56 ലക്ഷം രൂപയാണ് ഉപകരണ വിതരണക്കാര്‍ക്ക് നല്‍കാനുള്ളത്.

ALSO READ : എല്ലാം ചര്‍ച്ച ചെയ്യും പിണറായി സര്‍ക്കാര്‍; അമീബിക് മസ്തിഷ്‌ക ജ്വരം നിയമസഭയിൽ; പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചു

സംസ്ഥാനത്തെ 21 സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നായി 158 കോടി കുടിശികയായതിനെ തുടര്‍ന്ന് ഒന്നാം തീയതി മുതല്‍ വിതരണ കമ്പനികള്‍ ഉപകരണ വിതരണം നിര്‍ത്തിയിരുന്നു. തിരുവനന്തപുരത്ത് ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള സ്റ്റെന്റ് സ്റ്റോക്ക്ഉണ്ടെങ്കിലും അനുബന്ധ ഉപകരണങ്ങള്‍ക്കാണ് ക്ഷാമം.തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വിതരണക്കാരുമായി ഇന്ന് ചര്‍ച്ച നടത്തും.ആരോഗ്യമന്ത്രിയുടെ ബഡായി പറച്ചിലുകള്‍ കൊണ്ടൊന്നും പ്രശ്‌ന പരിഹാരമാവുന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉപകരണക്ഷാമത്തിന്റെ വാര്‍ത്തകള്‍ വന്നതോടെ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് ധനവകുപ്പ് 50 കോടി രൂപ അനുവദിച്ചു.

കോഴിക്കോട് ആന്‍ജിയോ ഗ്രാമിനുള്ള ഉപകരണങ്ങള്‍ ഉയര്‍ന്ന വില നല്‍കി പുറത്ത് നിന്ന് വാങ്ങേണ്ട അവസ്ഥയാണ്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഗൈഡ് വയറുകള്‍ക്ക് ക്ഷാമമുണ്ട്. കോടികള്‍ കുടിശ്ശികയായതോടെ സെപ്റ്റംബര്‍ ഒന്നു മുതല്‍ ഉപകരണ വിതരണം നിര്‍ത്തിവെച്ചതാണ് ഉപകരണ ക്ഷാമത്തിന് കാരണം.

രണ്ട് മാസം മുമ്പ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വകുപ്പില്‍ ഉപകരണങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി ഡോ.ഹാരിസ് ചിറയ്ക്കല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത് വലിയ വിവാദമായിരുന്നു. ഇതിന് പുറമെ ആശുപത്രികളില്‍ മരുന്ന് ക്ഷാമം അതിരൂക്ഷമാണ്. അവശ്യ മരുന്നുകളുടെ ലഭ്യതക്കുറവ് ഗ്രാമീണ മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് വഴിയാണ് മരുന്ന് വാങ്ങലും വിതരണവും നടക്കുന്നത്. കുത്തഴിഞ്ഞ സ്ഥാപനമെന്നതിന് പുറമെ അഴിമതിയുടെ ചെളിക്കുണ്ടിലാണ് കെ എം എസ് സി എല്‍ എന്ന് പരക്കെ ആക്ഷേപമുണ്ട്. കെഎംഎസ്സിഎല്ലിന്റെ നിയന്ത്രണത്തില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന 70 ‘കാരുണ്യ’ ഫാര്‍മസികളിലും മിക്ക മരുന്നുകളും കിട്ടാനില്ല. വിലക്കുറവു കാരണം പാവപ്പെട്ടവരുടെ ആശ്രയമായിരുന്ന ഈ മരുന്നു കടകള്‍ മികച്ച ലാഭമാണ് കെഎംഎസ്സിഎല്ലിന് നേടിക്കൊടുത്തിരുന്നത്. 2016-17 ല്‍ 184 കോടി വിറ്റുവരവുണ്ടായിരുന്ന ഇവയിലെ വിറ്റുവരവ് 2019-20ല്‍ 391 കോടിയായി ഉയര്‍ന്നിരുന്നു.

മരുന്നില്ലാതായത് പൊടുന്നനെയായിരുന്നില്ല. കുടിശിക നല്‍കാത്തതിനാല്‍ പ്രമുഖ 20 കമ്പനികള്‍ മിക്കപ്പോഴും കെഎംഎസ്സിഎല്ലിന് മരുന്ന് നല്‍കുന്നത് നിര്‍ത്തിവച്ചിരുന്നു. സംസ്ഥാനത്ത് ആവശ്യമുള്ള മരുന്നുകളുടെ 90 ശതമാനവും പ്രധാനമായി 20 കമ്പനികളില്‍ നിന്നാണ് ലഭിക്കുന്നത്. അടിയന്തര സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് ഇടപെടാന്‍ സര്‍ക്കാരിന് കഴിയുന്നില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top