അമേരിക്കയിൽ 8 വർഷം മുമ്പ് അമ്മയെയും മകനെയും കൊന്ന പ്രതി ഇന്ത്യയിൽ; കുടുക്കിയത് ലാപ്ടോപ്പ്

ആന്ധ്ര സ്വദേശിനിയായ ശശികല നാരായെയും മകൻ അനീഷിനെയും ന്യൂജേഴ്‌സിയിലെ അവരുടെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് എട്ട് വർഷം മുമ്പാണ്. ഈ കൊലക്കേസിലെ പ്രതിയെയാണ് ഇപ്പോൾ കണ്ടെത്തിയത്. ശശികലയുടെ ഭർത്താവിന്റെ സഹപ്രവർത്തകനായിരുന്ന നസീർ ഹമീദിനെതിരെയാണ് യുഎസ് അധികൃതർ കുറ്റം ചുമത്തിയത്.
2017ലാണ് 38കാരിയായ ശശികലയും 6 വയസുള്ള മകൻ അനീഷും കൊല്ലപെടുന്നത്. കുത്തേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിനിടെ, സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച രക്തസാമ്പിളുകളിൽ ഒന്ന് കൊല്ലപ്പെട്ടവരുടേതോ ഭർത്താവായ ഹനു നാരായുടെതോ അല്ലെന്ന് തെളിഞ്ഞിരുന്നു. മുമ്പ് ഹനുവിനെ ഇയാൾ പിന്തുടർന്നിരുന്നതായി കണ്ടെത്തിയതോടെയാണ് ഹമീദ് സംശയ നിഴലിലായത്.
കൊലപാതകം നടന്ന് ആറ് മാസത്തിന് ശേഷം ഹമീദ് ഇന്ത്യയിലേക്ക് മടങ്ങി. 2024ൽ യുഎസ് അധികൃതർ കോടതി ഉത്തരവിലൂടെ ഹമീദിന്റെ ലാപ്‌ടോപ്പ് ആവശ്യപ്പെടുകയായിരുന്നു. ലാപ്‌ടോപ്പിൽ നിന്ന് ലഭിച്ച സാമ്പിളിൻ്റെ ഡിഎൻഎ പരിശോധനയാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്. ഇതാണ് വർഷങ്ങൾ പഴക്കമുള്ള കേസിൽ വഴിത്തിരിവായത്.
ഹമീദിനെ അമേരിക്കയിലേക്ക് തിരികെ എത്തിച്ച് വിചാരണ ചെയ്യുന്നതിനായി യുഎസ് അന്വേഷണ ഏജൻസികൾ ഇപ്പോൾ നടപടികൾ സ്വീകരിക്കുകയാണ്. കൊലപാതകത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ലെങ്കിലും, ഹനു നാരായോടുള്ള വ്യക്തിപരമായ വൈരാഗ്യമാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here