സിറോ മലബാര്‍ സഭയെ പിളര്‍ത്താന്‍ അങ്കമാലിയിലെ അല്‍മായ മുന്നേറ്റം; കുര്‍ബാനതര്‍ക്കം തീര്‍പ്പാകുന്നില്ലെങ്കില്‍ മാന്യമായി പിരിയാമെന്ന് നിര്‍ദേശം

സിറോ മലബാര്‍ സഭയുടെ എറണാകുളം – അങ്കമാലി അതിരൂപതയില്‍ ദീര്‍ഘകാലമായി തുടരുന്ന കുര്‍ബാന തര്‍ക്കം പരിഹാരമാകാത്ത സാഹചര്യത്തില്‍ പരസ്പര ബഹുമാനത്തോടെ രണ്ടായി പിരിയാമെന്ന് അല്‍മായ മുന്നേറ്റം. കുര്‍ബാന തര്‍ക്കം പരിഹരിക്കുന്നതില്‍ സഭാ നേതൃത്വം പരാജയപ്പെട്ട സാഹചര്യത്തിലാണ് അതിരൂപതയില്‍ നിന്ന് പിളര്‍ന്ന് മാറി മറ്റൊരു പൗരസ്ത്യ സഭയായി നിലകൊള്ളാന്‍ അനുവദിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ ക്രൈസ്തവ സഭയായ സിറോ മലബാര്‍ സഭ അതിരൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണെന്ന് തെളിയിക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍. വിശ്വാസികളും അതിരൂപതയിലെ ബഹു ഭൂരിപക്ഷം വൈദികരും ഉള്‍പ്പെടുന്ന സംഘടനയാണ് അല്‍മായ മുന്നേറ്റം.
കുര്‍ബാന തര്‍ക്കം ഇനിയും വലിച്ചു നീട്ടി സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിക്കാന്‍ അനുവദിക്കുന്നതു സഭക്കും സമൂഹത്തിനും നല്ലതല്ല. ഇതു തീരുമാനമെടുക്കേണ്ട സമയമാണെന്ന് അല്‍മായ മുന്നേറ്റം പിആര്‍ഒ റിജു കാഞ്ഞൂക്കാരന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ബിഷപ്പുമാര്‍ക്ക് എറണാകുളത്തെ വിശ്വാസികളേയും വൈദികരെയും പൂര്‍ണ്ണ ബഹുമാനത്തോടെ, അവരുടെ അവകാശങ്ങള്‍ സംരക്ഷിച്ചു കൊണ്ട് ഉള്‍ക്കൊള്ളാന്‍ ആവുന്നില്ലെങ്കില്‍ പരസ്പരം ചര്‍ച്ച ചെയ്ത് പിരിയാനുള്ള സമയമായിരിക്കുന്നു. പന്ത് ഇപ്പോള്‍ ബിഷപ്പുമാരുടെ കോര്‍ട്ടിലാണ്. അവരാണ് തീരുമാനമെടുക്കേണ്ടതെന്നും റിജു കാഞ്ഞൂക്കാരന്‍ പറഞ്ഞു.
എറണാകുളം അതിരൂപതയിലെ മെത്രാന്‍ അനുകൂലികള്‍ അഥവ സിനഡ് അനുകൂലികള്‍ എന്നറിയപ്പെടുന്ന 14 വൈദികരെയും അവര്‍ക്കൊപ്പമുള്ള വിശ്വാസികള്‍ക്കും ആവശ്യമായ ആത്മീയ കാര്യങ്ങള്‍ നടത്തി കൊടുക്കാന്‍ അനുവാദം നല്‍കണം. അതിരൂപതയുടെ കീഴിലുള്ള ഇടവകകള്‍, ഫൊറോന, മറ്റ് ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഈ 14 വൈദികരെ ഒഴിവാക്കണം. തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കാലതാമസം പാടില്ല. ജനാഭിമുഖ കുര്‍ബാന നടപ്പാക്കണമെന്ന നിലപാടിലാണ് അല്‍മായ മുന്നേറ്റം. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സഭാനേതൃത്വത്തോടും വത്തിക്കാന്‍ പ്രതിനിധികളോടും പലവട്ടം വ്യക്തമാക്കിയതാണ്. താല്‍ക്കാലിക ചര്‍ച്ചകള്‍ കൊണ്ടൊന്നും പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മാന്യമായി പിരിയാമെന്ന് നിര്‍ദ്ദേശം തങ്ങള്‍ മുന്നോട്ട് വെക്കുന്നതെന്നും അല്മായ മുന്നേറ്റം വ്യക്തമാക്കുന്നു.
എറണാകുളത്തിന്റെ പൈതൃകവും പാരമ്പര്യവും പരിഗണിച്ചും നിലവിലുള്ള പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്തും ജനാഭിമുഖ കുര്‍ബാന ഈ അതിരൂപതയ്ക്ക് ഒരു പ്രത്യേക ആനുകൂല്യമായി അനുവദിച്ചു നല്‍കാന്‍ ബിഷപ്പുമാര്‍ തയ്യാറാകണം. അങ്ങിനെ ചെയ്താല്‍ മറ്റു രൂപതകളും ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കും എന്ന ആശങ്കകള്‍ അടിസ്ഥാനമില്ലാത്തതാണ്. കോട്ടയം രൂപതയിലെ മലങ്കരക്കാരെ ഉള്‍ക്കൊള്ളാന്‍ മടിയില്ലാത്ത സിറോ മലബാര്‍ സിനഡ് എറണാകുളത്തോട് കാണിക്കുന്നത് ചിറ്റമ്മനയമാണ്. എറണാകുളത്തെ വൈദികരുടെയും വിശ്വാസികളുടെയും ജനാഭിമുഖ കുര്‍ബാനയോടുള്ള ആഭിമുഖ്യം സിറോ മലബാര്‍ സിനഡ് രൂപപ്പെടുന്നതിന് മുന്നേ തുടങ്ങിയതാണ്. സത്യം മനസ്സിലാക്കി നീതിപൂര്‍വ്വം തീരുമാനമെടുക്കാനുള്ള ആര്‍ജവം ബിഷപ്പുമാര്‍ക്കുണ്ടാവണം. ഒന്നുകില്‍ പിരിയുക. അല്ലെങ്കില്‍ ചേര്‍ന്നു പോവുക ഇതാണ് തങ്ങളുടെ അന്തിമ തീരുമാനമെന്നും റിജു കാഞ്ഞൂക്കാരന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
മൂന്നുതരം കുര്‍ബാനരീതികളാണ് സിറോ മലബാര്‍ സഭയിലുള്ളത്.
ജനാഭിമുഖ കുര്‍ബാന:
വൈദികന്‍ പൂര്‍ണമായും ജനങ്ങളെ അഭിമുഖീകരിച്ചു കൊണ്ട് നടത്തുന്ന കുര്‍ബാനയാണിത്. എറണാകുളം, തൃശ്ശൂര്‍, ഇരിങ്ങാലക്കുട, പാലക്കാട്, മാനന്തവാടി, താമരശ്ശേരി രൂപതകളില്‍ ഈ രീതിയായിരുന്നു പാലിച്ച് പോന്നിരുന്നത്.
അള്‍ത്താരാഭിമുഖ കുര്‍ബാന –
വൈദികന്‍ മുഴുവന്‍സമയവും അള്‍ത്താരാഭിമുഖമായാണു നിന്നു കൊണ്ട് കുര്‍ബാന അനുഷ്ഠിക്കുന്ന രീതിയാണിത്. ഇതാണ് ചങ്ങനാശ്ശേരി അതിരൂപതയില്‍ സ്വീകരിച്ചിരിക്കുന്നത്.
50: 50 ഫോര്‍മുല
ജനാഭിമുഖവും – അള്‍ത്താരാഭിമുഖവും തുല്യമായി ഉപയോഗിക്കുന്നതാണ് 50:50 ഫോര്‍മുല: കോതമംഗലം, കാഞ്ഞിരപ്പള്ളി, പാലാ, ഇടുക്കി, തലശ്ശേരി രൂപതകളില്‍ നടന്ന് വരുന്നത്.
എറണാകുളത്തെ സംബന്ധിച്ച് ജനാഭിമുഖ കുര്‍ബാന ഏറെ വൈകാരികമാണ്. രൂപതയുടെ ശില്പി എന്നറിയപ്പെടുന്ന കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടില്‍ ആണ് ജനാഭിമുഖ കുര്‍ബാനയുടെ വക്താവ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ശില്പി കൂടിയായ ഇദ്ദേഹമാണ് ഓരോ രാജ്യത്തേയും സഭ അതാത് രാജ്യത്തെ പാരമ്പര്യയും സംസ്‌കാരവും കൂടി ഉള്‍ക്കൊള്ളണമെന്ന ആശയം മുന്നോട്ടുവച്ചത്. ഭാരതത്തില്‍ ജീവിക്കുന്ന ഭാരതീയരായ നാം ഭാരതത്തിന്റെ സംസ്‌കാരം ഉള്‍ക്കൊള്ളണമെന്ന നിലപാടിലാണ് അദ്ദേഹം സഭയെ നയിച്ചിരുന്നത്. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന സെന്റ് മേരീസ് ബസിലിക്കയാണ് അതിരൂപതയുടെയും മേജര്‍ ആര്‍ച്ച് ബിഷപിന്റെയും സ്ഥാനിക ദേവാലയം. ഏതായാലും കഴിഞ്ഞ കുറെ നാളുകളായി എറണാകുളം അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാനയെ ചൊല്ലി സംഘര്‍ഷങ്ങളും അടിപിടിയും പതിവാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here