തല അടിച്ചു പൊളിക്കുന്ന സംഘപരിവാറിനെ കെട്ടിപിടിക്കുന്ന ഇരട്ടത്താപ്പ്; ആര്‍എസ്എസ് വേദിയില്‍ പാല രൂപതയിലെ വൈദികന്‍; മുറുമുറുപ്പില്‍ വിശ്വാസികള്‍

വടക്കേ ഇന്ത്യയില്‍ സംഘപരിവാര്‍ അനുകൂല സംഘടനയില്‍പ്പെട്ടവര്‍ കത്തോലിക്ക വൈദികരേയും കന്യാസ്ത്രീകളേയും ആക്രമിക്കുന്നത് പതിവായിരിക്കുമ്പോള്‍
പാലാ രൂപതയിലെ വൈദികന്‍ ആര്‍എസ്എസ് വേദിയില്‍. ഒഡീഷയിലും ഛത്തീസ്ഗഡിൽ വൈദികരും കന്യാസ്ത്രീകളും ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് വിധേയമാകുന്നത് പതിവായിരിക്കുമ്പോഴാണ് സ്വാതന്ത്ര്യദിനത്തില്‍ ഫാദര്‍ ജോര്‍ജ് നെല്ലിക്കുന്ന് ചരിവുപുരയിടം ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തത്. ഇതില്‍ സഭാ വിശ്വാസികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാവുകയാണ്.

പൂഞ്ഞാര്‍, മീനച്ചില്‍ രാമപുരം എന്നിവിടങ്ങളിലെ ആര്‍എസ്എസ് ശാഖകള്‍ സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ ഫാ. ജോര്‍ജ് അധ്യക്ഷനായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് സാധാരണക്കാരും നേതാക്കളും നടത്തിയ ത്യാഗോജ്ജ്വലമായ ചരിത്രം പുതുതലമുറ ഉള്‍ക്കൊള്ളണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ഫാ.ജോര്‍ജ് പറഞ്ഞു.
വടക്കേ ഇന്ത്യയില്‍ വ്യാപകമായി ക്രിസ്ത്യാനികളെ തിരഞ്ഞുപിടിച്ച് അക്രമിക്കുമ്പോള്‍ കത്തോലിക്ക സഭയിലെ ഒരു കൂട്ടം സഹോദര വൈദികര്‍ തികഞ്ഞ നിർവികാരതയോടെ ആര്‍എസ്എസുമായി ചങ്ങാത്തം കൂടുന്നത് ഒരു വിധത്തിലും അംഗീകരിക്കാനാവില്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഫാദര്‍ ജോര്‍ജ് നെല്ലിക്കുന്ന് സംഘപരിവാര്‍ വേദിയില്‍ പങ്കെടുത്തതിനെതിരെ സഭയുടെയും രൂപതയുടേയും സോഷ്യല്‍ മീഡിയ പേജുകളില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
സംഘപരിവാര്‍ സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്തത് പാല രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാടിന്റ അനുമതിയോടെയാണെന്ന് ഫാ. ജോര്‍ജ് നെല്ലിക്കുന്ന് ചരിവുപുരയിടം പറഞ്ഞു. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട പരിപാടിയിലാണ് താന്‍ പങ്കെടുത്തത്. സംഘാടകര്‍ തനിക്ക് തന്ന വിഷയത്തെക്കുറിച്ച് മാത്രമാണ് ആ വേദിയില്‍ സംസാരിച്ചത്. മറ്റ് ആരോപണങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് ചരിവുപുരയിടം പ്രതികരിച്ചു. വ്യക്തി എന്ന നിലയിലാണ് വൈദികന്‍ സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുത്തത്. രൂപതയ്ക്ക് രാഷ്ടീയ സംഘടനകളോടോ, കക്ഷികളോടോ പ്രത്യേക മമതയൊന്നുമില്ല. രൂപതയ്ക്ക് ഈ പരിപാടിയുമായി യാതൊരു ബന്ധവുമില്ലെന്ന് രൂപത വികാരി ജനറല്‍ ഫാദര്‍ ജോസഫ് തടത്തില്‍ പറഞ്ഞു.
‘ഇരയോടൊപ്പം എന്നു ഭാവിക്കുകയും വേട്ടക്കാരനൊപ്പം നില്‍ക്കുകയും ചെയ്യുന്ന നിലപാടാണ് സിറോ മലബാര്‍ സഭയിലെ ചില മെത്രാന്‍മാരും വൈദികരും സ്വീകരിക്കുന്നത്. ഇവര്‍ സംഘപരിവാറുമായി രഹസ്യ ബാന്ധവം പുലര്‍ത്തുന്നവരാണ്. മെത്രാന്മാരെ ഇഡിയെ കാണിച്ച് ആരൊക്കെയോ ഭീഷണിപ്പെടുത്തുന്നുണ്ട്. മെത്രാന്മാരുടേയും അച്ചന്‍മാരുടേയും ഇത്തരം രഹസ്യ ഇടപാടുകള്‍ വിശ്വാസികള്‍ അംഗീകരിക്കുന്നില്ല. എത്ര പുതപ്പിട്ട് മൂടിയാലും ഇത്തരം കള്ളക്കച്ചവടങ്ങള്‍ പുറത്തു വരും’ ആല്‍മായ മുന്നേറ്റം കണ്‍വീനര്‍ റിജു കാഞ്ഞൂക്കാരന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here