ചാനൽചർച്ചകളിലെ കത്തോലിക്കാ സഭയുടെ ‘സ്ഥിരം പ്രതിനിധി’ ബിനു ചാക്കോ വീണ്ടും അറസ്റ്റിൽ; ഇത്തവണ അഡ്മിഷന്‍ തട്ടിപ്പുകേസില്‍

സിറോ മലബാര്‍സഭയുടെ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി വിറ്റഴിച്ചതുമായി ബന്ധപ്പെട്ട് വലിയ ആരോപണങ്ങൾ ഉയർന്നപ്പോൾ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് വേണ്ടി ചാനൽ ചർച്ചകളിൽ വാദിച്ചയാളാണ് ബിനു ചാക്കോ. ഇത്തരം വിഷയങ്ങളിൽ സഭയുടെ വക്താവ് ചമഞ്ഞ് ഉണ്ടാക്കിയെടുത്ത ബന്ധങ്ങളും സ്വാധീനവും ഉപയോഗിച്ചാണ് ക്രൈസ്തവ സ്ഥാപനങ്ങളിൽ അഡ്മിഷനും ജോലിയും തരപ്പെടുത്താമെന്ന വാഗ്ദാനവുമായി ഇയാൾ ഇരകളെ വീഴ്ത്തുന്നത്. മെത്രാന്മാർക്കും വൈദികർക്കുമൊപ്പമുള്ള ഫോട്ടോയും മറ്റും കാണിച്ച് വിശ്വാസം നേടിയെടുക്കുന്നതാണ് തട്ടിപ്പിൻ്റെ രീതി.

നഴ്സിങ് അഡ്മിഷന്‍ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കട്ടപ്പന സ്വദേശിയായ പെണ്‍കുട്ടിയില്‍ നിന്ന് 2.40 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് പാലക്കാട് വടക്കഞ്ചേരി സ്വദേശി ബിനു പി. ചാക്കോയുടെ ഏറ്റവും പുതിയ അറസ്റ്റ്. ക്രിസ്ത്യന്‍ മാനേജ്‌മെന്റിന് കീഴിലുള്ള നഴ്സിങ് കോളേജുകളില്‍ അഡ്മിഷന്‍ തരപ്പെടുത്താമെന്ന് പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. കാത്തലിക് ഫോറം നേതാവ് എന്ന് സ്വയം പരിചയപ്പെടുത്തിയാണ് പെണ്‍കുട്ടിയുടെ വീട്ടുകാരെ ഇയാള്‍ സമീപിച്ചത്.

നഴ്‌സിങ് അഡ്മിഷന്‍ ഉറപ്പ് നല്‍കി പണം കൈപ്പറ്റി. 2.40 ലക്ഷം രൂപ നല്‍കിയിട്ടും അഡ്മിഷന്‍ ലഭിച്ചില്ല. ഇതോടെ പണം തിരികെ ചോദിച്ചെങ്കിലും ഓരോരോ കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോയി. പിന്നീടും നടപടിയില്ലാതെ വന്നതോടെ പെൺകുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു. കട്ടപ്പന ഡിവൈഎസ്പിക്ക് നൽകിയ പരാതിയിലാണ് ഇപ്പോഴത്തെ അറസ്റ്റ്.

2021ല്‍ എറണാകുളം സ്വദേശിയായ യുവതിക്ക് കാത്തലിക് സിറിയന്‍ ബാങ്കില്‍ ജോലി സംഘടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞ് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തതിന് പാലാരിവട്ടം പോലീസ് ബിനു ചാക്കോയെ അറസ്റ്റ് ചെയ്തിരുന്നു. കാത്തോലിക്കാ സഭയുടെ വിവിധ സ്ഥാപനങ്ങളില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന പരാതിയില്‍ നേരത്തെ കോട്ടയം വെസ്റ്റ് പൊലീസും ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റു ചെയ്തിട്ടുണ്ട്.

കത്തോലിക്കാ സഭയുടെ മെഡിക്കല്‍ കോളേജുകളില്‍ എംബിബിഎസ് സീറ്റ് തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് ആലപ്പുഴ സ്വദേശി നൗഷാദില്‍ നിന്ന് 21 ലക്ഷം രൂപ തട്ടിയെടുത്തതിനും അറസ്റ്റിലായിരുന്നു. റെയില്‍വേയിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതുള്‍പ്പടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. റെയില്‍വേ സ്‌ക്രാപ്പ് ഇടപാടിലൂടെ 10 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ 2011ല്‍ ചങ്ങനാശ്ശേരി പോലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top