കുഞ്ഞാടുകളേ, കര്‍ത്താവ് സ്‌നേഹമാകുന്നു എന്ന് പറയുന്ന മെത്രാന്‍മാർ എവിടെ ? സെൻ്റ് മേരീസ് കത്തീഡ്രൽ പൂട്ടിയിട്ട് 1000 ദിവസം

സിറോ മലബാര്‍ സഭയുടെ ആസ്ഥാന ദേവാലയമായ എറണാകുളത്തെ സെന്റ് മേരീസ് കത്തീഡ്രലിൽ കുര്‍ബാന മുടങ്ങിയിട്ട് നാളെ ആയിരം ദിവസമാകുന്നു. വടക്കേ ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ അക്രമങ്ങൾ കൂടുന്നുവെന്ന് പറഞ്ഞ് പുകിലുണ്ടാക്കുന്ന സഭയുടെ ഏറ്റവും പ്രധാന ദേവാലയമാണ് തമ്മിലടിയെ തുടര്‍ന്ന് പൂട്ടിക്കിടക്കുന്നത്. ക്രിസ്തുവിന്റെ അനുരഞ്ജന സ്‌നേഹത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന മെത്രാന്മാരൊന്നും ഇത് തുറക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്.

ALSO READ : സിറോ മലബാര്‍ സഭയെ പിളര്‍ത്താന്‍ അങ്കമാലിയിലെ അല്‍മായ മുന്നേറ്റം; കുര്‍ബാനതര്‍ക്കം തീര്‍പ്പാകുന്നില്ലെങ്കില്‍ മാന്യമായി പിരിയാമെന്ന് നിര്‍ദേശം

കുര്‍ബാന തര്‍ക്കം അതിരൂക്ഷമായ എറണാകുളം – അങ്കമാലി അതിരൂപതയിലെ ഏറ്റവും പ്രധാന ദേവാലയമാണ് സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക. ഈ പള്ളിയില്‍ ആരാധനകള്‍ പുന:സ്ഥാപിക്കണമെന്ന ആവശ്യവുമായി ഒരു സംഘം വൈദികരും വിശ്വാസികളുമാണ് ഇന്ന് ബസിലിക്ക പരിസരത്ത് പ്രതിഷേധ സമരം സംഘടിപ്പിക്കുന്നത്. സിറോ മലബാര്‍ സഭയുടെ തലവനായ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സ്ഥാനിക ദേവാലയമാണ് ബസിലിക്ക പള്ളി.

2022ലെ ക്രിസ്മസ് ചടങ്ങുകള്‍ക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ ഉണ്ടായ സംഘര്‍ഷമാണ് ബസിലിക്ക പൂട്ടാൻ കാരണമായത്. ക്രമസമാധാന പ്രശ്‌നം മുന്‍നിര്‍ത്തി പോലീസ് ഇടപെട്ടാണ് പള്ളി പൂട്ടിയത്. താക്കോല്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ ഏൽപിച്ചു. സിനഡ് കുര്‍ബാന അര്‍പ്പിച്ചാൽ മാത്രമേ ബസിലിക്ക തുറക്കാന്‍ അനുവദിക്കൂവെന്ന നിലപാട് അഡ്മിനിസ്ട്രേറ്റര്‍ സ്വീകരിച്ചു. ഇതോടെയാണ് ബസിലിക്ക തുറക്കുന്നത് നീണ്ടു പോയത്.

ALSO READ : വൈദ്യരേ സ്വയം ചികിത്സിക്കൂ!! തമ്മിലടിച്ച് തലകീറുന്ന സിറോ മലബാര്‍ സഭയുടെ തലവന്‍ മാര്‍ റാഫേല്‍ തട്ടില്‍ മാരാമണ്ണില്‍ പ്രസംഗിക്കുന്നു; കലികാലമെന്ന് വിശ്വാസികൾ

ബസിലിക്ക അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ഫാ. ആന്റണി പൂതവേലില്‍, 2022 ഡിസംബര്‍ 23ന് വൈകിട്ട് കുര്‍ബാന അര്‍പ്പിക്കുന്നതിന് എതിരെ ഒരുവിഭാഗം വൈദികര്‍ പ്രതിഷേധവുമായി മുന്നോട്ടുപോയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇരു കുര്‍ബാനകളെയും അനുകൂലിക്കുന്ന വിശ്വാസികളും എത്തിയതോടെ തര്‍ക്കവും കയ്യാങ്കളിയും സംഘര്‍ഷവുമായി.

സ്ത്രീകള്‍ ഉള്‍പ്പെടെ അള്‍ത്താരയ്ക്കു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. കുര്‍ബാന നടക്കുന്ന ഒരു വിഭാഗം വിശ്വാസികള്‍ അള്‍ത്താരയിലേക്ക് ഇരച്ചുകയറി. കുര്‍ബാന അര്‍പ്പിക്കുന്ന മേശയും വസ്തുക്കളും നശിപ്പിക്കുകയും തളളിമറിച്ചിടുകയും ചെയ്തു. പോലീസും വിശ്വാസികളും തമ്മില്‍ പള്ളിക്കുള്ളില്‍ ഉന്തും തള്ളുമുണ്ടായി. പിന്നാലെയാണ് പള്ളിയടച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top