‘കാസ’യുടെ നിലപാടുകളോട് കത്തോലിക്ക സഭക്ക് യോജിപ്പില്ല; ബിജെപിയോട് അയിത്തമില്ല, പക്ഷേ ആശങ്കയുണ്ട്; നിലപാട് പറഞ്ഞ് ആര്‍ച്ച് ബിഷപ്പ് പാംപ്ലാനി

കത്തോലിക്ക സഭയ്ക്ക് ബിജെപിയോട് തൊട്ടുകൂടായ്മ ഇല്ലെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. എന്നാല്‍ വടക്കേ ഇന്ത്യയില്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും വിശ്വാസികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളില്‍ ആശങ്കയുണ്ട്. ഭരണഘടനാ അവകാശങ്ങള്‍ ദേശീയ തലത്തില്‍ ഒന്നുപോലെ നടപ്പാക്കണമെന്നും പാംപ്ലാനി ആവശ്യപ്പെട്ടു.
ക്രൈസ്തവ വോട്ടുകള്‍ നേടിയതുകൊണ്ടാണ് സുരേഷ് ഗോപി തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ ജയിച്ചതെന്ന നരേറ്റീവിന് അടിസ്ഥാനമായി പ്രത്യേക കണക്കുകളൊന്നുമില്ല. തൃശൂര്‍ അതിരൂപത അത്തരം അവകാശവാദങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്ന് പാംപ്ലാനി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
സിറോ മലബാര്‍ സഭയുടെ എറണാകുളം – അങ്കമാലി അതിരൂപതയില്‍ വര്‍ഷങ്ങളായി നടക്കുന്ന കുര്‍ബാനതര്‍ക്കം മൂലം യുവജനങ്ങള്‍ സഭയില്‍ നിന്ന് അകന്നുപോയിട്ടുണ്ടെന്ന് അദ്ദേഹം തുറന്ന് സമ്മതിച്ചു. സഭാ നേതൃത്വം ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതിനുള്ള തിരുത്തല്‍ പ്രക്രിയക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും ബിഷപ്പ് സിനഡ് സെക്രട്ടറി കൂടിയായ ആര്‍ച്ച് ബിഷപ്പ് പാംപ്ലാനി വ്യക്തമാക്കി.

കുര്‍ബാന തര്‍ക്കത്തിന്റെ പേരില്‍ വൈദികരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരങ്ങള്‍ അച്ചടക്ക ലംഘനത്തേക്കാളുപരി ക്രിമിനല്‍ കുറ്റങ്ങളാണ്. വീണ്ടും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണം. കാസയുടെ തീവ്ര നിലപാടുകളോട് സഭയ്ക്ക് ഒട്ടും യോജിപ്പില്ല. സഭാ നേതൃത്വങ്ങളുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ല. കാസയുടെ നിലപാടുകള്‍ സഭയുടെ നിലപാടുകളോട് പൊരുത്തപ്പെടുന്നതല്ലെന്നും പാംപ്ലാനി വ്യക്തമാക്കി.
പിടി ചാക്കോ, എകെ ആന്റണി, ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്കു ശേഷം ക്രൈസ്തവര്‍ക്കിടയില്‍ നിന്ന് നേതാക്കള്‍ ഉയര്‍ന്നുവരാത്തതിന് പ്രധാന കാരണം കുട്ടികള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന അരാഷ്ടീയ ചിന്തകളാണ്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രാഷ്ടീയ ബോധം വളര്‍ത്തുന്നതില്‍ സഭ പരാജയപ്പെട്ടുവെന്ന കുറ്റസമ്മതം നടത്താനും ആര്‍ച്ച് ബിഷപ്പ് തയ്യാറായി. നല്ല കുടുംബങ്ങളിലെ പിള്ളേര്‍ക്ക് പറ്റിയതല്ല രാഷ്ട്രീയം എന്ന ചിന്ത കുട്ടികള്‍ക്കിടയില്‍ വളരാനിടയാക്കിയതില്‍ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പങ്കുണ്ടെന്ന് വിശ്വസിക്കുന്നു. മധ്യകേരളത്തിലാണ് ഈ ചിന്താഗതി ശക്തമായിരിക്കുന്നത്. മലബാറില്‍ അത്തരമൊരു സ്ഥിതി ഇല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here