ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളെ എതിർക്കുമെന്ന് താലിബാൻ; കാബൂൾ എംബസി വീണ്ടും തുറക്കും

ഇന്ത്യ അഫ്ഗാനിസ്ഥാന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും അഫ്ഗാൻ മണ്ണിൽ നിന്ന് ഇന്ത്യയെ ലക്ഷ്യമിട്ടുള്ള ഒരു പ്രവർത്തനത്തെയും അനുവദിക്കില്ലെന്ന് രാഴ്ചത്തെ ഇന്ത്യ സന്ദർശനത്തിനെത്തിയ താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി വ്യക്തമാക്കി. ഇന്ത്യക്കെതിരെ നിൽക്കുന്നവരെ തങ്ങളും എതിർക്കും എന്നും മുത്തഖി പറഞ്ഞു. താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം ഒരു താലിബാൻ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത് ഇതാദ്യമാണ്. ഐക്യരാഷ്ട്രസഭയുടെ യാത്രാവിലക്കിൽ ഇളവ് ലഭിച്ചാണ് അദ്ദേഹം ന്യൂഡൽഹിയിലെത്തിയത്.
സുരക്ഷാ സഹകരണത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ശേഷം മുത്തഖി നൽകിയ ഉറപ്പ് ശ്രദ്ധേയമാണ്. “ഒരുകാരണവശാലും അഫ്ഗാൻ മണ്ണ് മറ്റ് രാജ്യങ്ങൾക്കെതിരെ ഉപയോഗിക്കാൻ അനുവദിക്കില്ല” അദ്ദേഹം വ്യക്തമാക്കി. അമേരിക്ക ഉൾപ്പടെ അഫഗാനിനിൽ സ്വാധീനം ഉറപ്പിക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് താലിബാൻ മന്ത്രിയുടെ ഇത്തരമൊരു നിലപാട് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയുടെ സുരക്ഷാ ആശങ്കകളോടുള്ള കാബൂളിന്റെ പ്രതികരണം എന്ന നിലയിലാണ് ഈ പ്രസ്താവനയെ വിലയിരുത്തുന്നത്. അഫ്ഗാനിസ്ഥാൻ ഇന്ത്യയെ ഒരു അടുത്ത സുഹൃത്തായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read : ‘ഇന്ത്യ അഫ്ഗാൻ ഭായ് ഭായ്’; ഇന്ത്യൻ സഞ്ചാരിക്ക് താലിബാന്റെ ഹൃദ്യമായ സ്വീകരണം; വീഡിയോ വൈറൽ
ഇന്ത്യയും ഒരു സുപ്രധാന തീരുമാനം പ്രഖ്യാപിച്ചു. കാബൂളിലുള്ള ഇന്ത്യയുടെ ടെക്നിക്കൽ മിഷൻ ഉടൻതന്നെ എംബസിയുടെ പദവിയിലേക്ക് ഉയർത്തും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ സൂചനയാണിത്. കൂടാതെ, അഫ്ഗാനിലെ ജനങ്ങൾക്കായുള്ള ഇന്ത്യയുടെ മാനവിക-വികസന സഹായം തുടരുകയും, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഉൾപ്പെടെ ആറ് പുതിയ പദ്ധതികൾക്ക് ഇന്ത്യ സഹായം നൽകുകയും ചെയ്യും.
പാകിസ്താനുമായുള്ള അതിർത്തി പ്രശ്നങ്ങൾ നിലനിൽക്കെയാണ് താലിബാൻ ഇന്ത്യയുമായി നയതന്ത്ര ബന്ധം ശക്തമാക്കുന്നത് എന്നത് ശ്രദ്ധേയമാണ്. വ്യാപാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ വർദ്ധിപ്പിക്കാൻ ഒരു ജോയിൻ്റ് ട്രേഡ് കമ്മിറ്റി രൂപീകരിക്കാനും ഇരു രാജ്യങ്ങളും ധാരണയായി. ഏതായാലും, അഫ്ഗാൻ മണ്ണിൽ നിന്നുള്ള ഭീകര ഭീഷണി സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകൾക്ക് ഒരു പരിധി വരെ ആശ്വാസം നൽകുന്നതാണ് താലിബാൻ വിദേശകാര്യ മന്ത്രിയുടെ ഉറപ്പ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here