എസ്ഡിപിഐയുടെ ആള്‍ക്കൂട്ടവിചാരണ : ആത്മഹത്യ ചെയ്ത യുവതിയുടെ സുഹൃത്ത് പോലീസിന് മുന്നില്‍; കൂടതല്‍ പ്രതികളുണ്ടോ എന്ന് പരിശോധന

കണ്ണൂര്‍ പറമ്പായിയില്‍ എസ്ഡിപിഐയുടെ താലിബാന്‍ മോഡല്‍ ആള്‍ക്കൂട്ടവിചാരണക്ക് ഇരയായ റസീനയുടെ ആത്മഹത്യയില്‍ മൊഴി നല്‍കാന്‍ ഹാജരായി സുഹൃത്ത്. മയ്യില്‍ സ്വദേശി റഹീസാണ് പിണറായി പോലീസ് സ്റ്റേഷനില്‍ എത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ ഹാജരായത്. ഇയാളുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തും. ആള്‍ക്കൂട്ട വിചാരണ നടത്തിയതിന് മൂന്നുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ ആളുകളുണ്ടോ എന്ന് ഇയാളുടെ മൊഴിയില്‍ നിന്നും വ്യക്തത വരുത്താനാണ് പോലീസ് ശ്രമം.
റസീനയുടെ കുടുംബം ഉന്നയിച്ച ആരോപണങ്ങളിലും വിവരങ്ങള്‍ തേടുന്നുണ്ട്. റഹീസ് റസീനയെ ലൈംഗികമായി ചൂഷണം ചെയ്തു എന്നും സ്വര്‍ണവും പണവും തട്ടിച്ചു എന്നുമാണ് കുടുംബത്തിന്റെ പാരതി. ഇതേ നിലപാട് തന്നെയാണ് എസ്ഡിപിഐയും എടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ യുവാവിന്റെ മൊഴി ഏറെ നിര്‍ണായകമാണ്.
റസീനയും റഹീസും കാറിനരികില്‍ സംസാരിച്ച് നിൽക്കുമ്പോഴാണ് ഒരു സംഘം ബൈക്കില്‍ എത്തി ഭീഷണിപ്പെടുത്തിയത്. അഞ്ച് മണിക്കൂറോളമാണ് അടുത്ത ബന്ധുക്കള്‍ അടക്കമുള്ള എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആള്‍ക്കൂട്ട വിചാരണ നടത്തി അപമാനിച്ചത്. റസീനയുടെ ശരീരത്തില്‍നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിലാണ് തനിക്ക് നേരെയുണ്ടായ അതിക്രമങ്ങളെ കുറിച്ച് വിശദമായി പറഞ്ഞിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതും മൂന്നുപേരെ അറസ്റ്റ് ചെയ്തതും. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിക്കുകയാണ് പോലീസ്.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും സംഘടനയെ വേട്ടയാടുകയാണെന്നും ആരോപിച്ച് എസ്ഡിപിഐ ഇന്ന് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here