താമരക്കുടി ബാങ്ക് തട്ടിപ്പ്- ലക്ഷാധിപതിയായിട്ടും ദരിദ്രനായി മരിക്കേണ്ടിവന്ന റിട്ട. അധ്യാപകൻ, 40 വർഷം സിപിഎം ഭരിച്ച ബാങ്കിലാണ് ഈ ക്രൂരത

കൊട്ടാരക്കര: താമരക്കുടി സഹകരണബാങ്കിൽ ലക്ഷങ്ങൾ നിക്ഷേപമുണ്ടായിട്ടും സാമ്പത്തിക ദാരിദ്യത്തിലാണ് റിട്ട. അധ്യാപകൻ വി.ആർ.കൃഷ്ണപിള്ള (84) യുടെ ജീവിതം അവസാനിച്ചത്. കോടികളുടെ തട്ടിപ്പുനടന്ന ഈ ബാങ്കിൽ 18 വർഷം മുൻപ് നിക്ഷേപിച്ച 16 ലക്ഷം രൂപയിൽ ഒരു രൂപ പോലും തിരികെ കിട്ടാതെയാണ് കൃഷ്ണപിള്ള ലോകത്തോട് വിടപറഞ്ഞത്. ധനകാര്യ മന്ത്രി ബാലഗോപാൽ ഉൾപ്പെടെയുള്ളവരോട് പല തവണ അപേക്ഷിച്ചിട്ടും നിക്ഷേപം തിരികെ ലഭിച്ചിരുന്നില്ല.

സിപിഎം നേതൃത്വത്തിൽ എൽഡിഎഫ് നാൽപത് വർഷത്തോളം ഭരണം നടത്തിയ ബാങ്കിൽ 13 കോടി രൂപയുടെ ക്രമക്കേടാണ് നടന്നത്. മൂവായിരത്തോളം നിക്ഷേപകർക്ക് പണം നഷ്ടമായി. കേസ് അന്വേഷണം പല പ്രാവശ്യം പ്രഖ്യാപിച്ചെങ്കിലും മിക്കതും വൈകാതെ അവസാനിപ്പിച്ചു. 2016 ൽ തുടങ്ങിയ ക്രൈം ബ്രാഞ്ച് അന്വേഷണം ഇപ്പോഴും തുടരുന്നു. ഏതാനും ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത് ഒഴിച്ചാൽ മറ്റ് നടപടികളില്ല. നിക്ഷേപകർക്ക് പണം നൽകാൻ ഹൈക്കോടതി പല ഉത്തരവുകൾ പുറപ്പെടുവിച്ചു. ഉത്തരവുകൾ മിക്കതും നടപ്പായില്ല. ഇഡി അന്വേഷണം ആവശ്യപ്പെട്ടെങ്കിലും ഉണ്ടായില്ല.

ചെറിയ വെളിനല്ലൂർ സ്കൂളിൽ നിന്ന് വിരമിച്ചപ്പോൾ ലഭിച്ച തുകയും കൃഷിയിലൂടെ ലഭിച്ച വരുമാനവും അടക്കം 16 ലക്ഷം രൂപയാണ് കൃഷ്ണപിള്ള ബാങ്കിൽ നിക്ഷേപിച്ചത്. 2011ൽ ബാങ്ക് പൊളിഞ്ഞതോടെ പണം തിരികെ കിട്ടുമെന്ന പ്രതീക്ഷയ്ക്ക് ഇരുൾ വീണു. പിന്നീട് കൃഷ്ണപിള്ള മുട്ടാത്ത വാതിലുകളില്ല. പണം കിട്ടാതെ വന്നതോടെ സമരങ്ങൾക്കും നേതൃത്വം നൽകി. താമരക്കുടി ബാങ്ക് ആക്‌ഷൻ കൗൺസിൽ കൺവീനറായി. വീട്ടു പരിസരത്തുള്ള ബാങ്കിന് മുന്നിൽ ഒട്ടേറെ സമരങ്ങൾ നടത്തി. ഒടുവിൽ മന്ത്രി കെ.എൻ.ബാലഗോപാലും ഇടപെട്ടു. വൈകാതെ പണം നൽ‌കുമെന്നായിരുന്നു സമരക്കാരുമായുള്ള ധാരണ.

കൃഷ്ണപിള്ളയെപ്പോലെ വിരമിച്ച പത്തോളം അധ്യാപകർക്കും സമാനമായ രീതിയിൽ പണം നഷ്ടപ്പെട്ടിട്ടുണ്ട്. മിക്കവരും അധ്യാപനജീവനത്തിൽ സ്വരുക്കൂട്ടിയതെല്ലാം ഈ ബാങ്കിലാണ് നിക്ഷേപിച്ചിരുന്നത്. പണം നഷ്ടപെട്ടവരിൽ ഏറെയും കശുവണ്ടിത്തൊഴിലാളികളും കൃഷിക്കാരുമാണ്. 10,000 രൂപ മുതൽ 40 ലക്ഷം വരെ നിക്ഷേപിച്ചവരുണ്ട്. തട്ടിപ്പുനടത്തിയ ബാങ്ക് പ്രസിഡന്റിനെയും സെക്രട്ടറിയേയും അറസ്റ്റ് ചെയ്തല്ലാതെ മറ്റൊന്നുമുണ്ടായില്ല. ഇവർ രണ്ടുപേരും ഇപ്പോൾ ജാമ്യത്തിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top