ടാൻസാനിയൻ ഹൈക്കോടതി ജഡ്ജിയുടെ മകൻ കേരളത്തിൽ തടവിലായിട്ട് മൂന്നുമാസം; കേസ് ലഹരികടത്ത്; ജാമ്യം അനുവദിച്ച് ഹൈക്കോടതി

മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി മാസങ്ങളോളം ജയിലിൽ കഴിഞ്ഞ ടാൻസാനിയൻ ഹൈക്കോടതി ജഡ്ജിയുടെ മകന് ഹൈക്കോടതി ജാമ്യം. പഞ്ചാബ് ലൗലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളായ ഡേവിഡ് എൻടെമി കിലെകമജെങ്ക, സഹപാഠി അറ്റ്ക ഹരുൺ മ്യോംഗ എന്നിവർക്കാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ജാമ്യം അനുവദിച്ചത്. ടാൻസാനിയൻ ഹൈക്കോടതി ജഡ്ജി എൻടെമി എൻ കിലെകമജെങ്കയുടെ മകനാണ് ഡേവിഡ്.

221.89 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്ത കേസിലായിരുന്നു ഇവരെ കുന്നമംഗലം പോലീസ് പിടികൂടിയത്. പഞ്ചാബിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തപ്പോൾ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്ന് കോടതി നിരീക്ഷിച്ചു. അറസ്റ്റിന്റെ കാരണങ്ങൾ സംഭവ സമയത്തോ അല്ലെങ്കിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമ്പോഴോ പ്രതികളെ അറിയിച്ചില്ല. ഇത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

Also Read : ടാൻസാനിയൻ ലഹരിസംഘത്തിൽ മലയാളികളും!! പണമയച്ചതിൻ്റെ തെളിവുകൾ കണ്ടെത്തി പോലീസ്

നാല് മാസത്തിനിടെ പ്രതികൾ 50 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി പോലീസ് ആരോപിച്ചിരുന്നു. എന്നാൽ ബാങ്ക് ഇടപാടുകൾ ഉണ്ടായതുകൊണ്ട് മാത്രം മയക്കുമരുന്ന് കേസിലെ കുറ്റം സ്ഥാപിക്കാനാവില്ലെന്നും മറ്റ് തെളിവുകളുടെ അഭാവമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ടാൻസാനിയയിലുള്ള ബ്രയാൻ എന്ന മുൻ വിദ്യാർത്ഥിയുടെ നിർദ്ദേശപ്രകാരമാണ് പണമിടപാടുകൾ നടന്നതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ഏകദേശം മൂന്ന് മാസത്തോളം കോഴിക്കോട് ജില്ലാ ജയിലിൽ കഴിഞ്ഞ ശേഷമാണ് ഇവർക്ക് ജാമ്യം ലഭിക്കുന്നത്. കടുത്ത ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടാൻ പാടില്ല. പാസ്‌പോർട്ടുകൾ കോടതിയിൽ സമർപ്പിക്കണം. താമസസ്ഥലത്തെക്കുറിച്ചും യാത്രാ വിവരങ്ങളെക്കുറിച്ചും അന്വേഷണ ഉദ്യോഗസ്ഥനെ കൃത്യമായി അറിയിക്കണം. ഹർജിക്കാർക്കായി അഭിഭാഷകരായ ഷൈജൻ സി. ജോർജ്, കെ.എം. തോമസ്, വിനയ് ജോൺ, അജയ് രമേശ് എന്നിവർ ഹാജരായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top