ആറാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂൾ ബാഗുകൊണ്ട് തലയ്ക്കടിച്ച് അധ്യാപിക; കുട്ടിയുടെ തലയോട്ടി പൊട്ടി

ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ അധ്യാപികയുടെ ക്രൂരമർദ്ദനം. സ്കൂൾ ബാഗ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. കുട്ടിയുടെ തലയോട്ടി പൊട്ടി. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലെ പൂങ്കന്നൂരിലാണ് സംഭവം. ഹിന്ദി അധ്യാപികയായ സലീമ ഭാഷയ്ക്കെതിരെ രക്ഷിതാക്കൾ പരാതി നൽകി. 11 വയസ്സുള്ള സാത്വിക നാഗശ്രീ എന്ന കുട്ടിക്കാണ് പരിക്കേറ്റത്.

സെപ്റ്റംബർ 10നാണ് സംഭവം നടന്നത്. കുട്ടി ക്ലാസിൽ വികൃതി കാണിച്ചതുമായി ബന്ധപ്പെട്ടതാണ് അധ്യാപിക അടിച്ചത് എന്നാണ് പൊലീസ് വ്യക്തമാകുന്നത്. സ്കൂൾ ബാഗ് കൊണ്ട് തലയ്ക്ക് അടിച്ചതിനെ തുടർന്നാണ് ഗുരുതരമായി പരിക്കേറ്റത്. ബാഗിൽ ഉണ്ടായിരുന്ന സ്റ്റീൽ ചോറ്റു പാത്രം തലയിൽ അടിച്ചാണ് തലയോട്ടിക്ക് പൊട്ടൽ ഉണ്ടായത്.

വീട്ടിലെത്തിയ കുട്ടിക്ക് തലവേദനയും തലകറക്കവും അനുഭവപ്പെട്ടു. സ്കൂളിൽ പോകാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. തുടർന്നാണ് രക്ഷിതാക്കൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം പൂങ്കന്നൂരിലെ ആശുപത്രിയിലും പിന്നീട് ഡോക്ടറുടെ നിർദ്ദേശപ്രകാരം വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. പിന്നീട് നടത്തിയ സിടി സ്കാനിലാണ് കുട്ടിയുടെ തലയോട്ടിക്ക് ഗുരുതര പൊട്ടലേറ്റെന്ന് മനസ്സിലായത്.

കുട്ടി പഠിക്കുന്ന അതേ സ്കൂളിലെ സയൻസ് അധ്യാപികയാണ് കുട്ടിയുടെ അമ്മയായ വിജേത. കുറ്റക്കാരിയായ അധ്യാപികയ്ക്കും പ്രിൻസിപ്പലിനുമെതിരെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൂങ്കന്നൂർ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. രക്ഷിതാക്കൾ സ്കൂളിൽ പ്രതിഷേധം നടത്തിയതായാണ് വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top