ചോദ്യ പേപ്പറിൽ നായയുടെ പേര് ‘റാം’; അധ്യാപികയ്ക്ക് സസ്‌പെൻഷൻ

ഛത്തീസ്ഗഡിലെ നാലാം ക്ലാസ് ഇംഗ്ലീഷ് ചോദ്യ പേപ്പറിൽ നായയുടെ പേരായി ‘റാം’ എന്ന് നൽകിയത് വലിയ വിവാദമായി. സംഭവത്തെത്തുടർന്ന് ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപികയെ സസ്‌പെൻഡ് ചെയ്യുകയും മോഡറേറ്റർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം ജനുവരി 6ന് നടന്ന പരീക്ഷയിലാണ് വിവാദമായ ചോദ്യം വന്നത്. ഒരു വളർത്തുമൃഗത്തിന്റെ പേര് തിരഞ്ഞെടുക്കാനുള്ള മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യത്തിൽ ഓപ്ഷനായി ‘റാം’ എന്ന് നൽകുകയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഹൈന്ദവ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് അവർ ആരോപിച്ചു.

റായ്പൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ നടത്തിയ അന്വേഷണത്തിൽ തിൽഡയിലെ സർക്കാർ പ്രൈമറി സ്കൂൾ പ്രധാന അധ്യാപിക ശിഖ സോണിയാണ് ചോദ്യപേപ്പർ തയ്യാറാക്കിയതെന്ന് കണ്ടെത്തി. ഫഫാദിയിലെ കരാർ അധ്യാപികയായ നമ്രത വർമ്മയായിരുന്നു ഇതിന്റെ മോഡറേറ്റർ.

എന്നാൽ, ടൈപ്പ് ചെയ്തപ്പോൾ വന്ന പിശകാണെന്നും ‘രാമു’ എന്ന് ഉദ്ദേശിച്ചത് ‘റാം’ എന്നായിപ്പോയതാണെന്നും ശിഖ സോണി പറഞ്ഞു. ഇത് മനഃപൂർവ്വം ചെയ്തതല്ലെന്നും അവർ മാപ്പപേക്ഷയിൽ അറിയിച്ചു. ചോദ്യപേപ്പർ പരിശോധിച്ചപ്പോൾ ഈ പിശക് ശ്രദ്ധയിൽപ്പെട്ടില്ലെന്ന് നമ്രത വർമ്മ സമ്മതിച്ചു.

സമഗ്ര ശിക്ഷാ പദ്ധതിക്ക് കീഴിലാണ് ഈ ചോദ്യപേപ്പർ തയ്യാറാക്കിയത്. അഞ്ച് ജില്ലകളിലായി ഈ പേപ്പർ വിതരണം ചെയ്തിരുന്നു. വീഴ്ച വരുത്തിയതിന് മോഡറേറ്ററെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കൂടാതെ, വീഴ്ച വരുത്തിയ വിദ്യാഭ്യാസ ഉദ്യോഗസ്ഥർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ചില ജില്ലകളിൽ പരീക്ഷാ സമയത്ത് തന്നെ ഈ തെറ്റ് ശ്രദ്ധയിൽപ്പെടുകയും ആ ഓപ്ഷൻ ഒഴിവാക്കി പുതിയ പേപ്പർ നൽകുകയും ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top